ആന്തൂര്‍ വിപ്ലവം

Friday 16 October 2015 10:52 pm IST

വിപ്ലവം എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ എത്തുന്നത് ജയപ്രകാശ് നാരായണന്റെ സമ്പൂര്‍ണ്ണ വിപ്ലവമല്ല. റഷ്യന്‍  വിപ്ലവം തന്നെയാണ്. വിശേഷിച്ചും റഷ്യയിലെ രണ്ടാം വിപ്ലവമായ ഒക്‌ടോബര്‍ വിപ്ലവം. അലക്‌സാണ്ടര്‍ കെറന്‍സ്‌കിയുടെ നേതൃത്വത്തിലുണ്ടായ താത്ക്കാലിക സര്‍ക്കാരിനെ പുറത്താക്കി ഭരണം പിടിക്കാനുള്ള ബോള്‍ഷെവിക്കിന്റെ വിപ്ലവം. തുടര്‍ന്ന് സോവ്യറ്റ് യൂണിയന്റെ ആവിര്‍ഭാവവും കമ്മ്യൂണിസ്റ്റ് സമഗ്രാധിപത്യവും പ്രതിയോഗികളില്ലാത്ത ഭരണത്തിലെ വിക്രിയകളും എത്ര വിശദീകരിച്ചാലും തീരില്ല. ലക്ഷക്കണക്കിനാളുകളെ കൊന്നുതള്ളിയ സ്റ്റാലിന്റെയും മറ്റും വാഴ്ചയും തേര്‍വാഴ്ചയും ഇനി ആവര്‍ത്തിക്കാനാവില്ലെന്നാശ്വസിക്കാം. അതുകൊണ്ടുതന്നെ ചായക്കോപ്പയിലെ കൊടുങ്കാറ്റിനുപോലും വിപ്ലവ പരിവേഷം ചാര്‍ത്തി ആശ്വസിക്കാനേ  ഇന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്കാവൂ. പൊന്നുവെയ്‌ക്കേണ്ടിടത്ത് പൂവെച്ചെങ്കിലും കാര്യം നടത്തണമെന്നുണ്ടല്ലോ. അതാണ് ആന്തൂര്‍ നഗരസഭയിലെ 14 സ്ഥാനങ്ങളില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനെ കൊട്ടിപ്പാടി ആഹ്ലാദിക്കുമ്പോള്‍ ഓര്‍മ്മിച്ചുപോകുന്നത്. ഇത് രണ്ടാം വിപ്ലവമാണ്. ഒന്നാം വിപ്ലവം മലപ്പട്ടം പഞ്ചായത്തിലായിരുന്നു. 13 വാര്‍ഡുള്ള പഞ്ചായത്തില്‍ നേരത്തെ ഒരിടത്തും എതിരാളികളില്ല. എല്ലായിടത്തും ഇടതുപക്ഷം, അതായത് സിപിഎം. അന്നും പറഞ്ഞു സഖാക്കള്‍. 'എന്താ ഇത് അല്ലേ' എന്ന്. അന്ന് പത്രിക കൊടുക്കാന്‍ ആളുണ്ടായിരുന്നു. പക്ഷേ പിന്‍വലിക്കേണ്ടതിന്റെ തലേദിവസം പത്രിക നല്‍കിയ എതിര്‍സ്ഥാനാര്‍ത്ഥികളുടെ വീട്ടിലെത്തി.''അത് നടത്തിയില്ലെങ്കില്‍ ജീവിതത്തില്‍ നിന്ന് തന്നെ പിന്‍വാങ്ങേണ്ടിവരും. ജോലി ഉണ്ടാകില്ല'' കുടുംബത്തില്‍ ചെന്ന് ഇങ്ങനെ പറഞ്ഞാല്‍ ജീവനില്‍ കൊതിയുള്ള കോണ്‍ഗ്രസ്സുകാര്‍ക്ക് പിടിച്ചുനില്‍ക്കാനാകുമോ? പിന്നെ  തുരുതുരാ പിന്‍വലിക്കല്‍. പ്രതിപക്ഷമില്ലാത്ത പഞ്ചായത്ത് ഭരണം പൂര്‍ത്തിയാകുമ്പോള്‍ ഭരണം നടത്തിയവരെല്ലാം പുറത്ത്. ഒരാള്‍ക്ക് മാത്രമാണ് വീണ്ടും മത്സരിക്കാന്‍ അവസരം കിട്ടിയത്. എങ്ങനെ മത്സരിപ്പിക്കും. എട്ടുകോടിയുടെ മണലാണത്രേ വിഴുങ്ങിയത്. 'കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി'. പ്രതിപക്ഷം എന്നൊന്നുണ്ടെങ്കില്‍ രേഖയിലെങ്കിലും മണല്‍ത്തരിവീണേനെ. ആന്തൂരിലും എല്ലായിടത്തും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു എന്നാണ് കെ. സുധാകരന്‍ പറയുന്നത്. നിന്നാല്‍ എന്തുചെയ്യണമെന്ന് സിപിഎം തീരുമാനിച്ചിരുന്നു. അത് കോണ്‍ഗ്രസ്സുകാരെ കാലേകൂട്ടി അറിയിച്ചതിനാല്‍ ഖദറിട്ട ഒരു കൊതുകും ജനാധിപത്യത്തിന്റെ ചോരയൊഴുക്കാന്‍ നിന്നുകൊടുത്തില്ല. അങ്ങനെ സെക്രട്ടേറിയറ്റ് മെമ്പര്‍ എം.വി.ഗോവിന്ദന്‍ മാസ്റ്ററുടെ സഹധര്‍മ്മിണിക്ക് ചെയര്‍പേഴ്‌സണാകാന്‍ ഒരു മുനിസിപ്പാലിറ്റി കിട്ടി. ' ഗോവിന്ദന്‍മാസ്റ്റര്‍ നല്ലോനാണ്. അവന്‍ അപകടകാരിയല്ല' എന്ന് പണ്ട് ഇ.കെ.നായനാര്‍ ഒരു സ്വകാര്യ സംഭാഷണത്തില്‍  ഈ ലേഖകനോട് പറഞ്ഞിട്ടുണ്ട്. നല്ലവനായ ഗോവിന്ദന്‍മാസ്റ്ററുടെ ഭാര്യയ്ക്ക് ചെയര്‍പേഴ്‌സണാകാന്‍ ഇങ്ങനെയൊരു ഒപ്പിച്ചെടുത്ത ജനാധിപത്യം വേണമായിരുന്നോ? മത്സരത്തിന് അവസരമൊരുക്കി ജയിക്കുന്നത് തന്നെയായിരുന്നില്ലെ നല്ലത്? 25 വര്‍ഷം മുമ്പ് തളിപ്പറമ്പ് നഗരസഭയോട് കൂട്ടിചേര്‍ക്കപ്പട്ടതാണ് ആന്തൂര്‍ പഞ്ചായത്ത്. ഇപ്പോള്‍ യുഡിഎഫുകാരുടെ രാഷ്ട്രീയലാഭത്തിനുവേണ്ടി വിഭജിക്കപ്പെട്ടതിന്റെ ഭാഗമായി വീണ്ടും പഴയ ആന്തൂര്‍ പഞ്ചായത്ത് നഗരസഭയായി. കാനൂല്‍, ബക്കളം, അയ്യങ്കോല്‍, കോള്‍മൊട്ട,നണിച്ചേരി, മമ്പാല, കൊവ്വല്‍, ആന്തൂര്‍ തളിയില്‍, പുന്നകുളങ്ങര, കുറ്റിപ്രം, ഒഴക്രോം, പന്നേരി, കടമ്പേരി, സി.എച്ച്.നഗര്‍, വെള്ളിക്കീല്‍, മൊറാഴ, മുണ്ടപ്രം, മൈലാട്, പീലേരി, കോടല്ലൂര്‍, പറശ്ശിനി, പൊടിക്കുണ്ട്, തളിവയല്‍, ധര്‍മ്മശാല, അഞ്ചാംപീടിക, വേണിയില്‍, പാളിയത്ത് വളപ്പ്. തളിപ്പറമ്പ് നഗരസഭയിലെ നാല്‍പത്തി നാല് വാര്‍ഡുകളില്‍ നിന്ന് ഇരുപത് വാര്‍ഡുകള്‍ ആണ് ആന്തൂര്‍ നഗരസഭയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒപ്പം ഇതിന്റെകൂടെ മറ്റ് എട്ട് വാര്‍ഡുകള്‍ കൂടി കൂട്ടിചേര്‍ത്തുകൊണ്ട് മൊത്തം ഇരുപത്തിയെട്ടു വാര്‍ഡുകള്‍ അടങ്ങിയതാണ് ആന്തൂര്‍ നഗരസഭ. ആന്തൂര്‍, മൊറാഴ വില്ലേജുകളാണ് അടങ്ങുന്നത്. 26,290 ആളുകളാണ് പുതിയ നഗരസഭയില്‍ ഉള്ളത്. 28.44 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട് പുതിയ നഗരസഭയ്ക്ക്. ഇരുപത്തിയെട്ടു വാര്‍ഡുകളില്‍ പതിനാല് ജനറല്‍ വാര്‍ഡുകളും  ഒരു പട്ടികജാതി സംവരണ വാര്‍ഡും പതിമൂന്ന് വനിതാ വാര്‍ഡുകളും ഉണ്ട്. പുതിയ നഗരസഭയുടെ ആസ്ഥാനം ധര്‍മ്മശാല തന്നെയായിരിക്കും. പഴയപഞ്ചായത്ത് ഓഫീസായിരിക്കും പുതിയ നഗരസഭയായി പ്രവര്‍ത്തിക്കുക. വടക്കന്‍ കേരളത്തിലെ പ്രധാനപ്പെട്ട ഗ്രാമങ്ങളില്‍ ഒന്നായ ആന്തൂര്‍ പുരാതനകാലം മുതലേ പ്രശസ്തിയാര്‍ജ്ജിച്ചിരുന്നു. കുശവ സമുദായവുമായി ബന്ധപ്പെട്ടാണ് ആന്തൂര്‍ എന്ന പേര് വന്നത് എന്ന് കരുതപ്പെടുന്നു. സ്വാതന്ത്ര്യസമരകാലത്തിന് മുന്നേതന്നെ വിദ്യാഭ്യാസ മേഖലയില്‍ തനത് മുദ്രപതിപ്പിച്ച ആന്തൂര്‍ എഎല്‍പി സ്‌കൂള്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ മലവെള്ളപ്പാച്ചിലിലും കാലിടറാതെ തലയുയര്‍ത്തി നില്‍ക്കുന്നു. ഒരു പുരോഗതിയുമില്ലാതെ ഒരു കാലത്ത് കോല്‍ക്കളിക്ക് പേരുകേട്ട ആന്തൂര്‍ കാവ് ഇന്നും വിവിധയിനം തെയ്യങ്ങള്‍ കെട്ടിയാടി ഭക്തരെ വിശ്വാസത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്നു. തിറയും തെയ്യങ്ങളുമെല്ലാം അന്ധവിശ്വാസങ്ങളുടെ കൂടാരമെന്ന് ആക്ഷേപിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. എന്നാല്‍ ഇവിടെ തെയ്യങ്ങള്‍ കെട്ടുന്നവരും ആടുന്നവരും അക്കൂട്ടത്തില്‍പ്പെട്ടവര്‍ തന്നെ. പ്രശസ്തമായ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം, പാമ്പു വളര്‍ത്തല്‍ കേന്ദ്രം, വിസ്മയ തീം പാര്‍ക്ക്, ഗവ.എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളും ഇവിടെയുണ്ട്. സ്വാതന്ത്ര്യസമര ചരിത്രത്തിലും കമ്മ്യൂണിസ്റ്റ് ചരിത്രത്തിലും മൊറാഴ, ബക്കളം, പറശ്ശിനിക്കടവ് എന്നീ ഗ്രാമങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. സത്യം പറയാലോ ആന്തൂര്‍ പഞ്ചായത്ത് തളിപ്പറമ്പ് നഗരസഭയുടെ ഭാഗമായപ്പോഴാണ് വികസന കാര്യത്തില്‍ നേരിയ പുരോഗതിയുണ്ടായത്. പറശിനിക്കടവ് പാലംകൂടി വന്നതോടെ വളപട്ടണം പാലം ചുറ്റി അക്കരെ  പോകേണ്ട അവസ്ഥ മാറിക്കിട്ടി. മയ്യില്‍ വഴി ചാലോട്.  അടുത്ത വര്‍ഷം തന്നെ യാഥാര്‍ഥ്യമാകാന്‍ പോകുന്ന കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് അത് എളുപ്പവഴിയുമായി. ആന്തൂര്‍ വില്ലേജിലെ മിക്കവാറും എല്ലാ റോഡുകളും ടാര്‍ ചെയ്തതും ആന്തൂര്‍ തളിപ്പറമ്പ് നഗരസഭയുടെ ഭാഗമായപ്പോള്‍ ആണ്.  പറശിനിക്കടവ് ബസ് സ്റ്റാന്‍ഡിന്റെ വികസനവും ബോട്ട് സര്‍വ്വീസുമൊക്കെ പുരോഗതിക്ക് ആക്കം കൂട്ടി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ആശുപത്രി മറ്റൊരു എടുത്തുപറയേണ്ട നേട്ടമാണ്. ആയുര്‍വേദ കോളേജ് അതുപോലെ തന്നെ മറ്റൊരു സ്ഥാപനം. രാഷ്ട്രീയമായ  ചരടുവലികളുടെ ഭാഗമായി ആന്തൂര്‍ ഒരു തവണ തളിപ്പറമ്പ് നഗരസഭയുടെ ഭാഗമാവുകയും പിന്നെയൊരിക്കല്‍ വീണ്ടും ആന്തൂര്‍ പഞ്ചായത്ത് ആവുകയും ചെയ്തതാണ്. പിന്നീടാണ് ആന്തൂര്‍ പഞ്ചായത്ത് ഇല്ലാതായതും തളിപ്പറമ്പ് നഗരസഭയുടെ ഭാഗമായതും. രാഷ്ട്രീയ പിത്തലാട്ടത്തിന്റെ കരുവാകുകയായിരുന്നു ആന്തൂര്‍ എന്നു പറയാം. ആന്തൂരില്‍ പതിനാല് വാര്‍ഡിലേക്കേ വോട്ടെടുപ്പ് വേണ്ടൂ. അതിന്റെ അവസ്ഥയും ഊഹിക്കാവുന്നതേയുള്ളു. യഥാര്‍ത്ഥ വോട്ടര്‍ പോളിംഗ് സ്റ്റേഷനിലെത്തും മുമ്പേ ആ വോട്ട് ചെയ്തിരിക്കും. മരിച്ചവര്‍ക്കുപോലും പാര്‍ട്ടിക്കൂറ് കടുകട്ടിയായുള്ള പ്രദേശമാണിതൊക്കെ. പണ്ടൊരു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു ബൂത്തിലെ ലിസ്റ്റില്‍ മരണപ്പെട്ട  13 പേരുണ്ടായിരുന്നു. പോളിംഗ് തീര്‍ന്നപ്പോള്‍ ഈ 13 പേരും വോട്ടു ചെയ്തിരിക്കുന്നു. അതാണ് ജനാധിപത്യം. കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങളുടെ പട്ടികയില്‍പ്പെട്ട പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നഗരസഭയായതുകൊണ്ടാണ് പാര്‍ട്ടിക്കിത്രയും നേട്ടം എന്നവകാശപ്പെടുന്നുണ്ട്. മോറാഴ സംഭവത്തില്‍ തൂക്കുമരം വരെ എത്തിയ വിപ്ലവകാരിയായിരുന്നില്ലേ കെപിആര്‍ ഗോപാലന്‍. ഒടുവില്‍ അദ്ദേഹം സിപിഎം ഉപേക്ഷിച്ച് ബോള്‍ഷെവിക് പാര്‍ട്ടി ഉണ്ടാക്കുകയായിരുന്നു. സമരപാരമ്പര്യം പേറുന്നവരും അവരുടെ പരമ്പരയുമല്ല ഇന്നത്തെ 'ആന്തൂര്‍ വിപ്ലവ'ത്തിന്റെ നേരവകാശികള്‍. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്ന തത്വം മേല്‍ക്കൈ നേടുമ്പോള്‍ എന്ത് പാരമ്പര്യം. ഏത് പ്രത്യയശാസ്ത്രം. ഒക്‌ടോബര്‍ വിപ്ലവത്തില്‍ ഊറ്റംകൊണ്ട് 'സോവ്യറ്റെന്നൊരു നാടുണ്ടത്രെ പോവാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം' എന്ന് പാടിപ്പുകഴ്ത്തിയ ഭരണവൈഭവം അവിടെ ഇന്നില്ല. ഒക്‌ടോബറിലാണ് 'ആന്തൂര്‍ വിപ്ലവ'വും സംഭവിച്ചിരിക്കുന്നത്. മലപ്പട്ടത്തിന്റെ വിപ്ലവം ആന്തൂറിലും സംഭവിക്കാതിരിക്കുമോ? അനുഭവങ്ങള്‍ സംശയം അടിസ്ഥാനരഹിതം എന്നു ബോധ്യപ്പെടുത്തുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.