ഇരുമുന്നണികളും മൂന്നാം ബദലും

Saturday 17 October 2015 3:37 pm IST

കേരളത്തില്‍ ഇന്ന് രാഷ്ട്രീയരംഗത്ത് അതിവേഗത്തിലുള്ള ഒരു പരിവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. ഈ പരിവര്‍ത്തനത്തിനുള്ള നിദാനം എന്നുപറയുന്നത് ഇരുമുന്നണികളും നടത്തുന്ന ന്യൂനപക്ഷ പ്രീണനവും ഭൂരിപക്ഷത്തോടുള്ള കടുത്ത അവഗണനയുമാണ്. മുസ്ലിം പ്രീണനത്തിനുവേണ്ടി മലപ്പുറം ജില്ല അനുവദിച്ചുകൊണ്ട് മതേതര വിപ്ലവ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന എല്‍ഡിഎഫും കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് തീറെഴുതിക്കൊണ്ട് യുഡിഎഫും സംഘടിത മതന്യൂനപക്ഷങ്ങളുടെ വോട്ടിനുവേണ്ടി പരസ്പ്പരം മത്സരിക്കുകയാണ്. അസംഘടിത വിഭാഗങ്ങള്‍ അവഗണിക്കപ്പെടുന്നു എന്നുള്ളത് ഒരു പച്ചയായ യാഥാര്‍ത്ഥ്യമായി മാറുന്നു. കേരളത്തില്‍ ഇത്തരത്തില്‍ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്നത് മുന്നണി രാഷ്ട്രീയമാണ്. അത്തരത്തില്‍ ഇത്രയും നഗ്നമായ ന്യൂനപക്ഷപ്രീണനം നടത്തുവാന്‍ മുന്നണികള്‍ക്ക് പ്രചോദനമാവുന്നത്, ഇരുമുന്നണി സമ്പ്രദായം നിലനില്‍ക്കുന്നതുകൊണ്ടാണ്. എവിടെയൊക്കെ അതിക്രൂരമായി അവഗണിക്കപ്പെടുന്നുണ്ടോ അവിടെയെല്ലാം പുതിയ വ്യവസ്ഥിതികള്‍ ഉദയം ചെയ്യും. അതൊരു പോസിറ്റീവ് പൊളിറ്റിക്‌സ് ആണ്. അതിനെ ആര്‍ക്കും തടയുവാനോ ഇല്ലായ്മ ചെയ്യുവാനോ കഴിയില്ല. രാജഭരണകാലത്ത് തമ്പുരാക്കന്മാരുടെ അവഗണനയില്‍ നിന്ന് രക്ഷനേടുവാന്‍ എസ്എന്‍ഡിപി യോഗം രൂപംകൊണ്ടുവെങ്കില്‍, ഇന്നു ജനാധിപത്യത്തില്‍ രാഷ്ട്രീയ തമ്പുരാക്കന്മാരുടെ അതിക്രൂരമായ വിവേചനങ്ങളില്‍നിന്നും നായാടി മുതല്‍ നമ്പൂതിരിവരെയുള്ളവരുടെ ജനിച്ച മണ്ണില്‍ ജീവിക്കുവാനുള്ള അവകാശത്തിനുവേണ്ടി പുതിയൊരു വ്യവസ്ഥിതി ഇരുമുന്നണിക്കും ബദലായി രൂപംകൊള്ളുന്നു. അതിനെ തടയുവാനോ തകര്‍ക്കുവാനോ സാധ്യമല്ല. മാറ്റം പ്രകൃതി നിയമമാണ്. അത് കാലകാലങ്ങളില്‍ സംഭവിച്ചേ പറ്റൂ. 1965ല്‍ ആണ് ആദ്യമായി മൂന്നാം ബദലിന് തുടക്കം ഇടുന്നത്. അന്നത്തെ പൊതുതെരഞ്ഞെടുപ്പില്‍ ഇഎംഎസ്, എകെജി തുടങ്ങിയ കമ്മ്യൂണിസ്റ്റുകാര്‍ ഒരു ഭാഗത്തും ടി.ഒ.ബാവ, അലക്‌സാണ്ടര്‍ പറമ്പിത്തറ, കെ.എ.ദാമോദര മേനോന്‍, കെ.കരുണാകരന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ മറുഭാഗത്തുമായി അണിനിരന്നു. താരതമ്യേന അന്നു കേരളത്തില്‍ വലിയ സ്വാധീനമില്ലായിരുന്ന കേരളാ കോണ്‍ഗ്രസ് നേതാക്കന്മാര്‍ മൂന്നാംമുന്നണിയായും നിന്നു മത്സരിച്ചു. ആ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ നിയമസഭ കൂടുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും കോണ്‍ഗ്രസിനും വിരുദ്ധമായി രൂപംകൊണ്ട കേരളാ കോണ്‍ഗ്രസിന് 23 സീറ്റുകള്‍ നേടുവാന്‍ കഴിഞ്ഞു എന്നത് അന്നേതന്നെ മൂന്നാംമുന്നണിയുടെ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുകയായിരുന്നു. തുടര്‍ന്ന് 1967 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വരുകയും കേരളാ കോണ്‍ഗ്രസ് ഒറ്റയ്ക്ക് അഞ്ച് സീറ്റ് കരസ്ഥമാക്കുകയും ചെയ്തു. അതിനുശേഷം 1970 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് ഒറ്റയ്ക്ക് 14 എംഎല്‍എമാരെ സൃഷ്ടിക്കുവാനും കത്തോലിക്കാ കോണ്‍ഗ്രസിന്റെയും നായര്‍ സര്‍വീസ് സൊസൈറ്റിയുടേയും ശക്തമായ പിന്തുണയോടെ ഒരു മൂന്നാംമുന്നണിക്ക് രൂപം കൊടുക്കുവാനും കഴിഞ്ഞു. അങ്ങനെയെങ്കില്‍ 2016 ല്‍ നായാടി മുതല്‍ നമ്പൂതിരിവരെയുള്ളവരുടെ രാഷ്ട്രീയ സഖ്യത്തിന് മറ്റു മതേതര വിശ്വാസികളുടെ കൂടെ പിന്തുണയോടെ തെരഞ്ഞെടുപ്പില്‍ എത്ര സീറ്റുകള്‍ കരസ്ഥമാക്കുവാന്‍ കഴിയുമെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുവാന്‍ അധികം കാത്തിരിക്കേണ്ടിവരില്ല. 65 ലും 67, 70 ലും നടന്നത് ഇവിടെ ആവര്‍ത്തിക്കുവാന്‍ പോവുകയാണ്. കുതിരയും കഴുതയും ചേര്‍ന്നാല്‍ കോവര്‍ കഴുതയെ ഉണ്ടാവൂ എന്നുപറയുന്നവര്‍ കേരള രാഷ്ട്രീയം കണ്ണുതുറന്നു പഠിക്കുവാന്‍ ശ്രമിക്കണം. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നോട്ടക്ക് വോട്ടു ചെയ്തത് ഏതാണ്ട് രണ്ടരലക്ഷം വോട്ടര്‍മാരാണ്. അസ്വസ്ഥമാകുന്ന യുവമനസ്സുകള്‍ക്കു മാത്രമേ വളരെ ശ്രദ്ധാപൂര്‍വം ചെയ്യേണ്ട നോട്ടയില്‍ വോട്ടു ചെയ്യാന്‍ കഴിയൂ. വളര്‍ന്നുവരുന്ന യുവതലമുറ ഇരുമുന്നണികളേയും അതിശക്തമായി എതിര്‍ക്കുന്നതിന്റെ സൂചനയാണിത്. അവര്‍ ഒരു മാറ്റത്തിനായി ആഗ്രഹിക്കുന്നു. രണ്ടരലക്ഷം യുവാക്കള്‍ക്ക് 25 ലക്ഷത്തിന്റെ മനഃശക്തിയുണ്ട്. അതു കോവര്‍ കഴുതയല്ല. കടുവയേക്കാള്‍ ശക്തിയും സിംഹത്തേക്കാള്‍ മാന്യതയുള്ളതുമായിരിക്കും. ശാസ്ത്രലോകമൊന്നാകെ ആദരവോടെമാത്രം കാണുന്ന ഡോ.ജി.മാധവന്‍ നായരെപ്പോലും അപമാനിച്ചു സംസാരിക്കുന്നവര്‍ ഒന്നുമനസ്സിലാക്കണം. ബൊഫേഴ്‌സ് അഴിമതിയെക്കാളും വലിയ 374 കോടി രൂപയുടെ ലാവ്‌ലിന്‍ അഴിമതി സ്വന്തം ഘടകത്തിലെ സഖാവ് ഉന്നയിച്ചപ്പോള്‍ അത് പാര്‍ട്ടിപ്പോലീസ് അന്വേഷിച്ച് പാര്‍ട്ടിക്കോടതി വിധി പറഞ്ഞതുകേട്ട്  കുറ്റവിമുക്തനായ നേതാവാണ് നായാടി മുതല്‍ നമ്പൂതിരിവരെയെന്ന കൂട്ടായ്മയില്‍ ചേരാന്‍ തീരുമാനിച്ച ഡോ.ജി.മാധവന്‍ നായരെ വിമര്‍ശിക്കുന്നത്. ഇവരൊക്കെക്കുതിര കേറുന്നത് ഈഴവസമുദായത്തിന്റെ പുറത്തുമാത്രമാണ്. കേരളത്തില്‍ എയ്ഡഡ് മേഖലയില്‍ കേവലം അഞ്ച് ശതമാനം സ്‌കൂളുകളെ എസ്എന്‍ഡിപി യോഗത്തിനും എസ്എന്‍ ട്രസ്റ്റിനും സ്വന്തമായുള്ളൂ. മഹാഭൂരിപക്ഷം വരുന്ന ക്രിസ്ത്യന്‍/മുസ്ലിം മാനേജുമെന്റുകള്‍ വാങ്ങുന്ന കോഴയെക്കുറിച്ച് ചോദിക്കാനുള്ള ചങ്കൂറ്റമുണ്ടോ ഈ ബിംബങ്ങള്‍ക്ക്. പിന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ വിതരണം ചെയ്ത 300 കോടിയില്‍ അഞ്ച് കോടിയില്‍ താഴെ മാത്രമേ ശ്രീനാരായണ മൈക്രൈഫിനാന്‍സില്‍ ലഭിച്ചിട്ടുള്ളൂ. ബാക്കി പണം ആരുകൊണ്ടുപോയി എന്തുചെയ്തു എന്ന് ഇവര്‍ ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ? വര്‍ഷങ്ങള്‍ക്കുമുമ്പ് ക്രൈംബ്രാഞ്ച് അന്വേഷിക്കുകയും കേരളാ ഹൈക്കോടതി അവസാനിപ്പിക്കുകയും ചെയ്ത സ്വാമി ശാശ്വതീകാനന്ദയുടെ മുങ്ങി മരണം സംബന്ധിച്ച കേസ് ഈ സന്ദര്‍ഭത്തില്‍ ചവറ്റുകൊട്ടയില്‍ നിന്ന് പൊക്കിയെടുത്ത് പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശ്യം മനസ്സിലാക്കാനുള്ള കഴിവ് കേരള സമൂഹത്തിനുണ്ട്. തങ്ങളില്‍ ഏല്‍പ്പിക്കപ്പെട്ട സാമൂഹ്യദൗത്യങ്ങളൊന്നും നിര്‍വഹിക്കാതെ എസ്എന്‍ഡിപി യോഗത്തേയും ശ്രീനാരായണ ഗുരുദേവനേയും അപകീര്‍ത്തിപ്പെടുത്താന്‍, ഇരുമുന്നണികളും ശ്രമിക്കുമ്പോള്‍ സ്വാഭാവികമായും പുതിയ ചിന്തകളും ചിന്താധാരകളും ഉയര്‍ന്നുവരും. അതില്‍ വേവലാതിപ്പെട്ടിട്ട് കാര്യമില്ല. അതിനെ പരിഹസിച്ചിട്ടും കാര്യമില്ല. എന്നെ തലങ്ങും വിലങ്ങും ആക്രമിച്ചിട്ടും കാര്യമില്ല. സംഭവിക്കേണ്ടത് സംഭവിക്കുകതന്നെ ചെയ്യും. എസ്ആര്‍പി ഉണ്ടായതിന്റെ ചരിത്രം ഓര്‍ത്ത് ആരും ആകുലപ്പെടേണ്ട. എസ്ആര്‍പി ഉണ്ടാകുമ്പോള്‍ യോഗം ദുര്‍ബലമായിരുന്നു. സിപിഎം ശക്തവും. ഇന്ന് യോഗം ശക്തവും സിപിഎം നിലനില്‍പ്പിനുവേണ്ടിയുള്ള തത്രപ്പാടിലുമാണ്. ഇനി പുതിയൊരു കേരളത്തിനായി നമുക്ക് കാതോര്‍ക്കാം. ''ധര്‍മസംസ്ഥാപനാര്‍ത്ഥായ സംഭവാമീ യുഗേ, യുഗേ.''