കടലാസ് വിപ്ലവക്കാര്‍ പരാജയപ്പെടും

Saturday 17 October 2015 4:22 pm IST

ഉത്തര്‍പ്രദേശിലെ ദാദ്രിയിലുണ്ടായ ദൗര്‍ഭാഗ്യകരമായ ഒരു സംഭവത്തിന്റെയും മഹാരാഷ്ട്രയിലും കര്‍ണാടകയിലും യുക്തിവാദികളായ മൂന്ന് എഴുത്തുകാര്‍ കൊല്ലപ്പെട്ടതിന്റെയും പേരില്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡുകള്‍ മടക്കിനല്‍കിക്കൊണ്ട് ചില എഴുത്തുകാര്‍ സൃഷ്ടിച്ചിരിക്കുന്ന കോലാഹലത്തിന് പിന്നില്‍ അന്ധമായ രാഷ്ട്രീയവിരോധം മാത്രമാണുള്ളത്. ചില മാധ്യമങ്ങള്‍ ആസൂത്രിതമായി  പ്രചരിപ്പിക്കുന്നതുപോലെ ദാദ്രിയില്‍ ഒരാളെ കരുതിക്കൂട്ടി തല്ലിക്കൊല്ലുകയായിരുന്നില്ല. ഒരു പശു കളവുപോയത് സംബന്ധിച്ചുണ്ടായ സംഘട്ടനത്തില്‍ ഒരാള്‍ മരിക്കുകയായിരുന്നു. സംഭവം നടന്നത് മുലായംസിങ് യാദവിന്റെ പാര്‍ട്ടി ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ്. അതുകൊണ്ടുതന്നെ അതിന്റെ പ്രാഥമിക ഉത്തരവാദിത്തം യുപി സര്‍ക്കാരിനാണ്. ക്രമസമാധാനപാലനം സംസ്ഥാന വിഷയമാണ്. എന്നാല്‍ ഇതൊന്നും ബിജെപി വിരുദ്ധര്‍ക്ക് ബാധകമല്ല. അവര്‍ മോദിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ബിജെപിയാണ് കേന്ദ്രത്തില്‍ അധികാരത്തിലെത്താന്‍ പോകുന്നത് എന്ന് മനസ്സിലാക്കിയതുമുതല്‍ രാഷ്ട്രീയ എതിരാളികള്‍ പൂര്‍വാധികം ശക്തിയോടെ നരേന്ദ്രമോദിയെ അന്യമതവിദ്വേഷിയായി ചിത്രീകരിക്കാന്‍ തുടങ്ങിയതാണ്. ചരിത്രപരമായ ഭൂരിപക്ഷത്തോടെ മോദി അധികാരത്തില്‍ വന്നതോടെ ഈ പ്രചരണം ശക്തിപ്പെട്ടു. മോദിയാകട്ടെ ഭാരതത്തില്‍ എല്ലാ മതങ്ങളും സൗഹാര്‍ദത്തോടെ കഴിയണമെന്ന് ആഗ്രഹിക്കുകയും അതിന് കഠിനമായി ശ്രമിക്കുകയും ചെയ്യുന്ന ഭരണാധികാരിയാണ്. തങ്ങള്‍ പ്രചരിപ്പിച്ചതുപോലെ അക്രമങ്ങളൊന്നും മോദി ഭരണത്തിന്‍കീഴില്‍ നടക്കുന്നില്ല എന്നുവന്നതോടെ അമര്‍ഷത്തിലായവര്‍ കൂടുതല്‍ ശക്തമായ അസത്യപ്രചാരണം തുടരുകയാണ്. കോണ്‍ഗ്രസ് ഭരണകാലത്ത് അരങ്ങേറിയ അഴിമതികള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ നാവനക്കാന്‍ മടിക്കാത്തവരാണ് ഇപ്പോള്‍ ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരില്‍ രാജ്യത്ത് അസഹിഷ്ണുത വളരുകയാണെന്ന് ആരോപിച്ച് നരേന്ദ്രമോദിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ഇത് ശുദ്ധകാപട്യമാണ്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പരിഹസിച്ചതുപോലെ അടിയന്തരാവസ്ഥക്കെതിരെയും 1984 ലെ സിഖ് വിരുദ്ധ കലാപത്തിനെതിരെയും 1989 ലെ ഭഗല്‍പൂര്‍ കലാപത്തിനെതിരെയും ഈ എഴുത്തുകാര്‍ മൗനം ഭജിച്ചു. കാരണം ഇതിനുപിന്നില്‍ കോണ്‍ഗ്രസായിരുന്നു. മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്തുനടന്ന ടുജി സ്‌പെക്ട്രം അഴിമതിയും കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയും കല്‍ക്കരിപ്പാടം അഴിമതിയും യാതൊരു പ്രതിഷേധവും സാഹിത്യകാരന്മാരില്‍ ഉയര്‍ത്തിയില്ല. ഇപ്പോള്‍ അരങ്ങേറുന്ന ഈ പ്രതിഷേധം തികഞ്ഞ മുന്‍വിധിയോടെയുള്ളതാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ മതസ്വാതന്ത്ര്യം നിഷേധിക്കുന്നു എന്നാണ് അമേരിക്കയുടെ കണ്ടുപിടുത്തം. എന്നാല്‍  ഭാരതത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്കടക്കം എല്ലാവര്‍ക്കും തുല്യസ്വാതന്ത്ര്യവും അവകാശവുമുണ്ട്. ഏതൊരു ഭാരതപൗരന്റെയും പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനുമുള്ള നിയമസംവിധാനവും ഇവിടെയുണ്ട്. ആരുടെ, ഏതുപ്രശ്‌നം ഉയര്‍ത്തിക്കാട്ടാന്‍ മാധ്യമങ്ങളുമുണ്ട്. പരിജ്ഞാനമുള്ള പൗരസമൂഹവും ഭാരതത്തിന്റെ സവിശേഷതയാണ്.  മനുഷ്യാവകാശ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍ മുതലായ സംവിധാനങ്ങളും സജീവമാണ്. മതസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഭാരതത്തിനുനേരെ വിരല്‍ചൂണ്ടുന്ന അമേരിക്കയില്‍ നടമാടുന്ന വംശവിദ്വേഷവും അതിന്റെ പേരില്‍ അരങ്ങേറുന്ന കൂട്ടക്കൊലകളും പരിഷ്‌കൃത സമൂഹത്തിന്റെ മുഖത്ത് കരിവാരിത്തേക്കുന്നതാണ്. ഇതിനെക്കുറിച്ചൊന്നും പക്ഷേ അമേരിക്കയിലെ മതസ്വാതന്ത്ര്യവാദികള്‍ക്ക് ആശങ്കയില്ല. അമേരിക്കന്‍ ഭരണകൂടത്തിന്റെ ചുവടുപിടിച്ച് ചില ക്രൈസ്തവസഭകളും മുസ്ലിംസംഘടനകളും ആരോപിക്കുന്നതുപോലെ ഭാരതത്തിലെ മതസ്വാതന്ത്ര്യത്തിന് യാതൊരു അപകടവും സംഭവിച്ചിട്ടില്ല. സംഭവിക്കുകയുമില്ല. അസഹിഷ്ണുത മുഖമുദ്രയാക്കിയിട്ടുള്ള ചില മതവിഭാഗങ്ങള്‍ കുത്തിപ്പൊക്കുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്.  ഇതിന് ചില വിദേശശക്തികളുടെ പണവും പിന്തുണയും ലഭിക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴും പിന്നീടും മോദിക്കെതിരെ അസത്യപ്രചാരണം നടത്തുകയും കള്ളക്കേസുകൊടുക്കുകയും ചെയ്ത ടീസ്റ്റ സെതല്‍വാദും സഞ്ജീവ് ഭട്ടും ഇപ്പോള്‍ കയ്യോടെ പിടികൂടപ്പെട്ടിരിക്കുകയാണ്. ഇക്കാലമത്രയും കോണ്‍ഗ്രസിന്റെ ചട്ടുകമായി പ്രവര്‍ത്തിച്ച ഇവര്‍ ഏതുസമയത്തും അറസ്റ്റിലായേക്കാം. മറ്റു മതസ്ഥര്‍ നിര്‍ബന്ധിത മതംമാറ്റം നടത്തിയാല്‍പ്പോലും പ്രതിഷേധിക്കാന്‍ ഹിന്ദുക്കള്‍ക്കവകാശമില്ലെന്നാണ് ചിലരൊക്കെ വാദിക്കുന്നത്. ലൗജിഹാദിന്റെ പേരില്‍ എത്രയോ പെണ്‍കുട്ടികള്‍ കേരളത്തില്‍ മദ്രസകളിലെത്തപ്പെടുന്നു. ചില ഉത്തരഭാരത സംസ്ഥാനങ്ങളില്‍നിന്ന്  കുട്ടികളെ കടത്തുന്നതും കേരളത്തിലെ മദ്രസകളിലേക്കാണ്. മതത്തിന്റെ പേരില്‍ ഇതും അനുവദനീയമാണെന്ന് ചിലര്‍ വാദിക്കുന്നു. ഒരു ഭരണാധികാരിയെ വിമര്‍ശിക്കേണ്ടത് അദ്ദേഹത്തിന്റെ ഭരണത്തിന്റെ ഗുണമേന്മ നോക്കിയാകണം. മോദി പ്രധാനമന്ത്രിയായ ശേഷം കൊണ്ടുവന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നിരവധിയാണ്. ജന്‍ധന്‍ യോജന, മുദ്രാബാങ്ക്, ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങിയവ ഇതില്‍പ്പെടുന്നു. ദരിദ്ര കുടുംബങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കാനും പണം നിക്ഷേപിക്കാനും അവസരം ഒരുങ്ങിയിട്ടുണ്ട്. ജന്‍ധന്‍ യോജനയിലൂടെ ഇതിനകം 25,000 കോടി രൂപയാണ് സമാഹരിക്കപ്പെട്ടിട്ടുള്ളത്. ഇതൊക്കെ ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കാന്‍ ഇപ്പോള്‍ ചില സാഹിത്യകാരന്മാര്‍ നടത്തുന്ന കടലാസ് വിപ്ലവംകൊണ്ട് കഴിയില്ല. അവര്‍ പരാജയപ്പെടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.