ജന്മഭൂമിയുടെ ദൗത്യം വലുത്: റിച്ചാര്‍ഡ് ഹെ എംപി

Friday 16 October 2015 11:28 pm IST

ജന്മഭൂമി തിരുവനന്തപുരം എഡിഷന്‍ ഓഫീസിലെത്തിയ ലോക്‌സഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി റിച്ചാര്‍ഡ് ഹേ എംപിയെ റസിഡന്റ് എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണന്‍ സ്വീകരിക്കുന്നു. യൂണിറ്റ് മാനേജന്‍ ടി.വി. പ്രസാദ്ബാബു സമീപം

തിരുവനന്തപുരം: ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ദേശീയ ദിനപത്രമായ ജന്മഭൂമിയുടെ ദൗത്യം വളരെ വലുതാണെന്ന് റിച്ചാഡ് ഹെ എംപി അഭിപ്രായപ്പെട്ടു. സമഗ്ര വികസനവും എല്ലാവര്‍ക്കും ക്ഷേമവും ലക്ഷ്യമിട്ട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. ഹ്രസ്വകാലം കൊണ്ടുതന്നെ മികച്ച നേട്ടം മോദി സര്‍ക്കാരിനുണ്ടാക്കാന്‍ കഴിഞ്ഞു. അത് ജനങ്ങളിലെത്തിക്കാനുള്ള കര്‍ത്തവ്യം ജന്മഭൂമിക്കുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ജന്മഭൂമി തിരുവനന്തപുരം എഡിഷന്‍ ഓഫീസില്‍ സ്വീകരണത്തിന് മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തിന്റെ നാലു തൂണുകളിലൊന്നായ പത്രത്തിന്റെ കടമയും കര്‍ത്തവ്യവും മികച്ചതാണ്. പ്രശ്‌നങ്ങളെ സത്യസന്ധമായും സൂക്ഷ്മമായും വീക്ഷിക്കുകയും വേണം. ജനങ്ങള്‍ക്കും സര്‍ക്കാരിനുമിടയിലെ കണ്ണിയായി നിന്നുകൊണ്ട് ക്ഷേമപദ്ധതികള്‍ അര്‍ഹിക്കുന്നവരിലേക്കെത്തിക്കണം. നരേന്ദ്രമോദിയെ പോലൊരു പ്രധാനമന്ത്രി ഇന്നലെ ഉണ്ടായിട്ടില്ല. നാളെ ഉണ്ടാകുമെന്നും തോന്നുന്നില്ല. ഓരോ മേഖലയിലും വൈദഗ്ധ്യം നേടിയവരാണ് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത്. നല്ല കാഴ്ചപ്പാടോടെയാണ് പ്രവര്‍ത്തനം. ജന്‍ധന്‍ യോജന തന്നെ ഉദാഹരണം. ഒരു പൈസപോലും മുതല്‍മുടക്കില്ലാതെ ബാങ്ക് അക്കൗണ്ട് തുടങ്ങുന്ന ഈ പദ്ധതി വഴി 50,000 രൂപ വരെ മുദ്രാ ബാങ്കില്‍ നിന്നും വായ്പയെടുക്കാന്‍ കഴിയും.

സ്ത്രീകള്‍ക്കും തീരെ പാവപ്പെട്ടവര്‍ക്കും ഇതൊരത്താണിയാണ്. അത് നേരാംവണ്ണം വിനിയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. റസിഡന്റ് എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണന്‍ പൊന്നാടയണിയിച്ചു. മാനേജര്‍ ടി.വി.പ്രസാദ്ബാബു, ചീഫ് സബ് എഡിറ്റര്‍ ആര്‍.പ്രദീപ് എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.