പമ്പയില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി വേണം: ഹൈക്കോടതി

Saturday 17 October 2015 10:26 am IST

കൊച്ചി: പമ്പാനദിയില്‍ മാലിന്യം തള്ളുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ജലസ്രോതസ്സുകളുടെ മലിനീകരണം ഒരുവര്‍ഷം മുതല്‍ ആറുവര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന ക്രിമിനല്‍ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. മാലിന്യങ്ങളും വസ്ത്രങ്ങളും തള്ളുന്നവര്‍ അടക്കം നദിയെ മലിനപ്പെടുത്തുന്നവര്‍ക്ക് എതിരെ നിയമനടപടി വേണം, നദി മലിനീകരിക്കുന്നില്ലെന്ന് ഉറപ്പാക്കണം. കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുക്കണം. കളക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, സ്‌പെഷ്യല്‍ ഓഫീസര്‍, പോലീസ്, വാട്ടര്‍ അതോറിറ്റി എന്നിവര്‍ക്കാണ് ജസ്റ്റീസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റീസ് അനു ശിവരാമന്‍ എന്നിവര്‍ നിര്‍ദ്ദേശം നല്‍കിയത്. ജലസ്രോതസ്സുകളുടെ മലിനീകരണം ഒരുവര്‍ഷം മുതല്‍ ആറുവര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന ക്രിമിനല്‍ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ശബരിമല പമ്പാ നദി അതിവേഗം മലിനീകരിക്കപ്പെടുന്നെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ഇത് തുടര്‍ന്നാല്‍ പുഴയുടെ നാശമാകും ഫലം. പമ്പാ നദി നിലനിര്‍ത്താന്‍ ഫലപ്രദമായ നിയന്ത്രണസംവിധാനം വേണം. ഇക്കാര്യത്തില്‍ ഭരണഘടനാ ബാധ്യതകള്‍ നിര്‍വഹിക്കണം. ഈ സാഹചര്യത്തില്‍, പമ്പയില്‍ തള്ളുന്ന മാലിന്യം ജീര്‍ണിക്കുന്നതോ അല്ലാത്തതോ ആണോയെന്ന് വിലയിരുത്താതെതന്നെ നിയമലംഘകര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത് ശിക്ഷ നല്‍കണം. മലിനീകരണം നടക്കുന്നില്ലെന്ന് പോലീസിന്റെ സഹായത്തോടെ മലിനീകരണ നിയന്ത്രണബോര്‍ഡ് ഉറപ്പുവരുത്തണം. മലിനീകരണം തടയാന്‍ നിരോധ ഉത്തരവ് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് പുറപ്പെടുവിക്കണം. പ്രശ്നവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍, എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ്, പമ്പാ നദി ഒഴുകുന്ന മേഖലകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ശബരിമല സ്പെഷല്‍ കമീഷണറേറ്റിലെ എക്സിക്യൂട്ടിവ് ഓഫിസര്‍ എന്നിവര്‍ ജാഗ്രത പുലര്‍ത്തണം. മലിനീകരണ നിരോധവും നിയന്ത്രണവും സംബന്ധിച്ച് തീര്‍ഥാടകരെയും പൊതുജനങ്ങളെയും അറിയിക്കാനും ബോധവത്കരിക്കാനും നടപടി വേണം. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ പബ്ളിസിറ്റി വിഭാഗം പരസ്യ ബോര്‍ഡുകളുള്‍പ്പെടെ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.