ജനമനസ്സറിഞ്ഞ ആ വിയോജിപ്പ്

Friday 16 October 2015 11:38 pm IST

ന്യൂദല്‍ഹി: ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ റദ്ദാക്കിയ  സഹപ്രവര്‍ത്തകരുടെ വിധിക്കെതിരെ എഴുതിയ വിയോജനക്കുറിപ്പിലൂടെ ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ഉയര്‍ത്തിക്കാട്ടിയത് രാജ്യത്തെ ജനങ്ങളുടെ മനസ്സ്. ന്യായാധിപരെ നിയമിക്കാനുള്ള അവകാശം ന്യായാധിപര്‍ക്ക് മാത്രമായി കണക്കാക്കപ്പെടരുതെന്നും ജനങ്ങള്‍ക്കും പങ്കാളിത്തം നല്‍കപ്പെടേണ്ടതാണെന്നും ചെലമേശ്വര്‍  തയ്യാറാക്കിയ വിധിയില്‍ പറയുന്നു. ജുഡീഷ്യറിയോ സര്‍ക്കാരോ മാത്രമായിരിക്കരുത് ന്യായാധിപരെ തെരഞ്ഞെടുക്കേണ്ടത്. സിവില്‍ സൊസൈറ്റിക്കും അതില്‍ അഭിപ്രായം രേഖപ്പെടുത്താവുന്നതാണ്. യാതൊരുവിധത്തിലും ഉത്തരവാദിത്വം ഉണ്ടെന്ന് പറയാവുന്ന സംവിധാനമല്ല കൊളീജിയം. കൊളീജിയം സംവിധാനത്തില്‍ സമഗ്രമായ പരിഷ്‌ക്കരണത്തിന്റെ ആവശ്യകതയാണുള്ളത്. ഈ ദിശയിലുള്ള ഒരു നീക്കമായിരുന്നു ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനെന്നും എന്നാലതിന് സുപ്രീംകോടതി അനുമതി നല്‍കിയില്ലെന്നും ജസ്റ്റിസ്. ജെ ചെലമേശ്വര്‍ വിയോജനക്കുറിപ്പില്‍ വ്യക്തമാക്കി. ന്യായാധിപരുടെ നിയമനവുമായി ബന്ധപ്പെട്ട് രാജ്യം നിരവധി അനിഷ്ടകരമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. സുരക്ഷിതവും സ്വതന്ത്രവുമായ ന്യായാധിപ സംവിധാനത്തിന് കൊളീജിയം ഒരിക്കലും നല്ലതല്ല. സുതാര്യതയില്ലാത്ത സംവിധാനമാണ് കൊളീജിയം. സുതാര്യതയെന്നത് വിവേകത്തിന്റെ പ്രധാന ഘടകമാണ്. ന്യായാധിപരുടെ നിയമനത്തില്‍ കൂടുതല്‍ സുതാര്യത വരുത്തേണ്ടതാണ്. കൊളീജിയം സംവിധാനത്തിന്റെ പ്രവര്‍ത്തനം സ്പഷ്ടതയില്ലാത്തതും പൊതുജനത്തിനും ചരിത്രത്തിനും യാതൊരുവിധത്തിലും ബന്ധപ്പെടാന്‍ കഴിയാത്തതുമായ രീതിയിലാണ്. കൊളീജിയത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രേഖകള്‍  ഈ കോടതിയിലെ ജഡ്ജിമാര്‍ക്കു പോലും ലഭ്യമാകാത്തവിധത്തിലുള്ളവയാണ്. ചീഫ് ജസ്റ്റിസ് ആകാന്‍ ഭാഗ്യം ലഭിക്കാത്തവര്‍ക്ക് കൊളീജിയത്തിന്റെ പ്രവര്‍ത്തന രേഖകള്‍ കാണാനേ സാധിക്കില്ല. ഇത്തരം ഒരു സംവിധാനം ഈ സ്ഥാപനത്തിന്റെ വിശ്വാസ്യത ഉയര്‍ത്താന്‍ സഹായിക്കില്ല. ഇത് രാജ്യത്തെ ജനങ്ങള്‍ക്കൊട്ടും നല്ലതല്ല. ദിനകരനെ സുപ്രീംകോടതിയില്‍ ജസ്റ്റിസ് ആയി നിയമിച്ചതില്‍ കൊളീജിയം പരാജയപ്പെട്ടു. മദ്രാസ് ഹൈക്കോടതി ജഡ്ജിയായി ഒരു വ്യക്തിയെ നിയമിച്ചതിലും കൊളീജിയം പരാജയപ്പെട്ടു. യോഗ്യതയില്ലാത്തവര്‍ ജഡ്ജിമാരായ മറ്റു നിരവധി കേസുകളും ഉണ്ട്. കൊളീജിയത്തിന്റെ ശുപാര്‍ശകള്‍ നീതിന്യായ വ്യവസ്ഥയുടേയും രാജ്യത്തിന്റെയും താല്‍പ്പര്യത്തിനും വിരുദ്ധമായിട്ടുണ്ട്. നിങ്ങള്‍ സംരക്ഷിക്കുന്നതിനെ പരിഷ്‌ക്കരിക്കുക' എന്ന ലോര്‍ഡ് മെക്കാളെയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ജസ്റ്റിസ് ചെലമേശ്വര്‍ വിധിവാചകം പൂര്‍ത്തിയാക്കിയത്. ഈ വാക്കുകളാലാണോ ഞാന്‍ ഓര്‍ത്തിരിക്കുകയെന്ന് ഭാവിക്കു മാത്രമേ പറയാന്‍ സാധിക്കൂവെന്നും ചെലമേശ്വര്‍ കൂട്ടിച്ചേര്‍ത്തു.