അട്ടപ്പാടിയിൽ മാവോയിസ്റ്റ്-പോലീസ് ഏറ്റുമുട്ടൽ: രണ്ട് മാവോയിസ്റ്റുകൾക്ക് പരിക്ക്

Saturday 17 October 2015 10:33 pm IST

പാലക്കാട്: അട്ടപ്പാടിയിലെ കടുകുമണ്ണ ഊരിൽ പോലീസിലെ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ വെടിവെപ്പ്. ഇന്നലെ രാവിലെ 11.30ന് അഗളിയിലെ കടുകുമണ്ണ ഊരിൽ പട്രോളിംഗിനു പോയ ഏഴംഗ തണ്ടർബോൾട്ട് സംഘവും അഞ്ചുപേരടങ്ങുന്ന മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയെന്നാണ് പോലീസ് നൽകുന്ന വിവരം.  രണ്ട് മാവോയിസ്റ്റുകൾക്ക് വെടിയേറ്റുവെന്ന് കരുതുന്നതായും പോലീസ് അറിയിച്ചു. മുക്കാലിയിൽനിന്ന് പതിനെട്ട് കിലോമീറ്റർ ഉൾവനത്തിലാണ്  കടുകുമണ്ണ ഊര്.  കടുകുമണ്ണ ഊരിനും കുറുക്കത്തികല്ലിനുമിടയിൽ ആറ് കിലോമീറ്റർ അകലെ ഉൾവനത്തിൽ കാട്ടുപാതയിലാണ് മാവോയിസ്റ്റും പോലീസും തമ്മിൽ വെടിവെപ്പുണ്ടായത്. സിഐ:   കെ.എം. ദേവസ്യയുടെയും എസ്‌ഐ ബോബിൻ മാത്യൂവിന്റെയും നേതൃത്വത്തിലുള്ള തണ്ടർബോൾട്ട് പോലീസ് സംഘം ആഴ്ചയിൽ ഒരിക്കലുള്ള പതിവ് പരിശോധന നടത്തുന്നതിനിടയിലാണ് മാവോയിസ്റ്റുകൾ മുന്നിൽ വന്നുപെട്ടത്. ഉടൻ പോലീസിന് നേരെ വെടിവച്ചുവെന്നും തുടർന്ന് തിരിച്ചടിച്ചുവെന്നുമാണ് പോലീസ് പറയുന്നത്. തുടർന്ന് മാവോയിസ്റ്റുകൾ കാട്ടിലൂടെ രക്ഷപ്പെട്ടതായും പറയുന്നു.ഒരു വനിത ഉൾപ്പെടെ അഞ്ചുപേരാണ് സംഘത്തിലുണ്ടായിരുന്നത്. പോലീസ് വെടിവെപ്പിനിടയിൽ ഒരു മാവോയിസ്റ്റിന് പരിക്കേറ്റതായും  സംശയിക്കുന്നു. കർണ്ണാടകയിൽ നിന്നുള്ള വിക്രം ഗൗഡ, ജയണ്ണ, സോമൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അട്ടപ്പാടിയിലേക്കു കടന്നതായി സൂചന ലഭിച്ചതനുസരിച്ചായിരുന്നു തണ്ടർബോൾട്ട് അംഗങ്ങൾ കടുകുമണ്ണ വനമേഖലയിൽ തിരച്ചിൽ തുടങ്ങിയത്. പോലീസ് വെടിയുതിർത്തതിനെ തുടർന്ന് ഓടിമറഞ്ഞ മാവോയിസ്റ്റുകൾ ഉപേക്ഷിച്ചുപോയ ബാഗിൽ  നിന്നും മാവോയിസ്റ്റ് അനുകൂല ലഘുലേഖകളും വസ്ത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. എസ്പിയും കളക്ടറും സംഭവസ്ഥലം സന്ദർശിച്ചു. മാവോയിസ്റ്റുകൾ വനമേഖലയിൽ നിന്നും രക്ഷപ്പെടുന്നത് ഒഴിവാക്കുന്നതിന് അഗളി, ഷോളയൂർ പോലീസ് സ്റ്റേഷനിൽ നിന്നും കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ തിരച്ചിലിന് ചുമതലപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി എൻ.വിജയകുമാർ അറിയിച്ചു. തമിഴ്‌നാട് പോലീസുമായി സഹകരിച്ച് ഇന്നും തിരച്ചിൽ തുടരുമെന്നും അദ്ദേഹം  പറഞ്ഞു. ഏറ്റുമുട്ടൽ സർക്കാർ ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും പരിശോധന തുടരുകയാണെന്നും അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. വനമേഖലയിൽ തിരച്ചിൽ ശക്തിപ്പെടുത്തുന്നതിന് കൂടുതൽ സേനയെ ആവശ്യമെങ്കിൽ നിയോഗിക്കുമെന്നും ഏറ്റുമുട്ടലിൽ പോലീസ് ഉദ്യോഗസ്ഥരിൽ ആർക്കും പരുക്കില്ലെന്നും ജില്ലാ കളക്ടർ പി.മേരിക്കുട്ടിയും വ്യക്തമാക്കി. നീലഗിരി, നിലമ്പൂർ മേഖലയിലേക്ക് മാവോയിസ്റ്റുകൾ സ്ഥിരമായി യാത്ര ചെയ്യുന്ന പാതയിലാണ്  വെടിവെപ്പുണ്ടായത്. നിബിഡവനമായതിനാൽ പൊലീസിന് പെട്ടെന്ന് എത്തിപ്പെടാൻ കഴിയില്ല.  ഈ മേഖലയിലെ മുക്കാലിയിലാണ് കഴിഞ്ഞ ജനുവരിയിൽ വനംവകുപ്പിന്റെ റേഞ്ച് ഓഫീസും ക്യാമ്പ് ഷെഡ്ഡും മാവോയിസ്റ്റുകൾ കത്തിച്ചത്. ഫോട്ടോഗ്രാഫറായിരുന്ന ബെന്നി വെടിയേറ്റു മരിച്ചതും  ഇവിടെയാണ്. മാവോയിസ്റ്റ് സാന്നിധ്യവുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ അഗളി പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ്‌ചെയ്തിട്ടില്ല.