ആലിപ്പറമ്പില്‍ മുസ്ലിം ലീഗില്‍ ഭിന്നത രൂക്ഷം

Saturday 17 October 2015 1:28 pm IST

ആലിപ്പറമ്പ്: ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാനെന്തൊരു ചേല് എന്ന് പറഞ്ഞു കേട്ടിട്ടെയുള്ളു. എന്നാല്‍ ആ അവസ്ഥ കണ്ട് ആസ്വദിക്കുകയാണ് ആലിപ്പറമ്പ് പഞ്ചായത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി. കാരണം മറ്റൊന്നുമല്ല, സന്തത സഹചാരിയായ മുസ്ലിം ലീഗില്‍ തമ്മിലടി. മിക്ക വാര്‍ഡിലും ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ റിബലുകള്‍ രംഗത്ത്. പാറക്കണ്ണി വാര്‍ഡില്‍ മത്സരിക്കുന്ന ലീഗ് സ്ഥാനാര്‍ത്ഥി തോട്ടശ്ശേരി ഖാദര്‍ മാസ്റ്റര്‍ക്കെതിരെയാണ് ശക്തമായ വിമത സ്ഥാനാര്‍ത്ഥി രംഗപ്രവേശം ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് തന്നെ ഈ സീറ്റിന് വേണ്ടി ലീഗില്‍ കടിപിടി ആയിരുന്നു. ശക്തരായ ലീഗ് പ്രവര്‍ത്തകരെ തഴഞ്ഞ് മറ്റുള്ളവര്‍ ക്ക് സീറ്റ് കൊടുക്കുന്നത് കൂടുതല്‍ ചേരിപ്പോരവുകള്‍ക്ക് കാരണമാകുന്നതായി ലീഗ് അണികള്‍ പറയുന്നു. ഭിന്നത രൂക്ഷമായതോടേ പ്രശ്‌നം നേതൃത്വം തന്നെ നേരിട്ട് പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.