ഒഡീസിയില്‍ തിളങ്ങുന്ന മലയാളി പെണ്‍കൊടി

Saturday 17 October 2015 3:16 pm IST

കേരളീയര്‍ക്ക് അധികം പരിചയമുള്ള നൃത്തരൂപമല്ല ഒഡീസി. കേരളത്തില്‍ ഒഡീസിയുടെ പ്രചാരണത്തിനുവേണ്ടി ശ്രമിക്കുന്ന മലയാളിയായ ഒഡീസി നര്‍ത്തകിയാണ് അഭയലക്ഷ്മി. ഒഡീസി നൃത്തപഠനത്തെക്കുറിച്ചും ഒഡീസി നൃത്തത്തെക്കുറിച്ചും അഭയലക്ഷ്മി.... നൃത്തപഠനം ആരംഭിച്ചത്? കോയമ്പത്തൂര്‍ ടെമ്പിള്‍ ഫൈന്‍ ആര്‍ട്ട്‌സ് ഇന്റര്‍ നാഷണലിലാണ് ആറു വയസുമുതല്‍ ഭരതനാട്യപഠനം ആരംഭിച്ചത്. കമലാക്ഷി ജയറാം, വിമല ചന്ദ്രശേഖരന്‍ എന്നിവരുടെ കീഴിലായിരുന്നു ഭരതനാട്യം അഭ്യസിച്ചത്. ടെമ്പിള്‍ ഫൈന്‍ ആര്‍ട്ട്‌സിലെ പഠനത്തിനിടയ്ക്ക് നിരവധി നൃത്തരൂപങ്ങള്‍ കാണാനുള്ള അവസരമുണ്ടായിരുന്നു. അങ്ങനെയാണ് ഒഡീസിയും കാണാനിടയായത്. ഭരതനാട്യത്തെക്കാള്‍ ഒഡീസിയില്‍ ലാസ്യത്തിന് പ്രധാന്യം നല്‍കിയിരിക്കുന്നതാണ് അതിലേയ്ക്ക് ആകര്‍ഷിക്കാനിടയായ കാരണങ്ങളില്‍ ഒന്ന്. തന്റെ ശരീര പ്രകൃതം ഒഡീസിയുമായി യോജിക്കുന്നതാണെന്ന സ്വയം വിലയിരുത്തലുമാണ് ഒഡീസി നര്‍ത്തകിയാക്കി മാറ്റിയത്. കൂടാതെ ഗുരുവായ ഷര്‍മിള മുഖര്‍ജിയുടെ പ്രോത്സാഹനവും. ഒഡീസിയാണ് വേദികളില്‍ കൂടുതലായി അവതരിപ്പിക്കുന്നതെങ്കിലും ഭരതനാട്യം പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടില്ല, ഒഴിവാക്കുകയുമില്ല. സുഹൃത്തുകളുടെ ഭരതനാട്യം ക്ലാസുകളില്‍ സഹായിക്കാറുണ്ട്. ഒഡീസി ഒരു പ്രൊഫഷനായി തിരഞ്ഞെടുത്തതുകൊണ്ട് രണ്ടുംകൂടി കൂട്ടികലര്‍ത്തുന്നില്ലെന്നുമാത്രം. ഒഡീഹസി നൃത്തത്തെക്കുറിച്ച്? ഒഡീഷയിലെ ഗുഹാക്ഷേത്രങ്ങളില്‍ കൊത്തിവെച്ചിരിക്കുന്ന ശില്‍പ്പങ്ങളുടെ നൃത്താവിഷ്‌കാരമാണ് ഒഡീസിയെ കൂടുതല്‍ മനോഹരമാക്കുന്നത്. അനായാസമായി തിരമാലകള്‍പോലെ വഴങ്ങുന്ന ഇടുപ്പിന്റെ ചലനം ഒഡീസിയെ മറ്റുള്ള നൃത്തരൂപങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. ഭരതനാട്യവും ഒഡീസിയും ഓരേ നാട്യവേദത്തില്‍നിന്നും ഉത്ഭവിച്ചതാണെങ്കിലും പ്രാദേശീയമായ വ്യത്യാസങ്ങള്‍ മാത്രമാണ് ഇവയ്ക്കുള്ളത്. ഭാരതത്തിലെ എല്ലാ നൃത്തരൂപങ്ങളും ഏകദേശം ഒരുപോലെയാണ്. പ്രസിദ്ധ ഒഡീസി നര്‍ത്തകന്‍ ഗുരു കേളുചരണ്‍ മഹാപത്ര ഈ നൃത്തരൂപത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കൂടുതല്‍ ലളിതമായും കൂടുതല്‍ ഒഴുക്കോടെയുമാണെങ്കിലും നൃത്തച്ചുവടുകള്‍ വളരെ ദൃഢമാണ്. ഞാന്‍ ഫോളോ ചെയ്യുന്നത് ഗുരു കേളുചരണ്‍ മഹാപത്രയുടെ സ്റ്റൈലാണ്. ഭരതനാട്യത്തില്‍ നേര്‍രേഖയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെങ്കില്‍ ഒഡീസിയില്‍ വക്രരേഖകള്‍ക്കാണ് പ്രാധാന്യം. തൃഭംഗി പോസിനും പ്രാധാന്യമുണ്ട്. ലോകമൊട്ടാകെയുള്ള വേദിയിലെത്തിയിരിക്കുന്ന ഭാരതീയ നൃത്ത രൂപങ്ങളില്‍ രണ്ടാമത്തെത്താണ് ഒഡീസി. ആദ്യത്തേത് ഭരതനാട്യവും. ഒഡീസി പഠനത്തില്‍ നേരിട്ട ബുദ്ധിമുട്ടുകള്‍? ഏതൊരു മേഖലയിലാണെങ്കിലും അതിനൊക്കെ അതിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുക സ്വാഭാവികം. അത്മാര്‍ത്ഥതയുണ്ടെങ്കില്‍ അതിനെയോക്കെ തരണം ചെയ്ത് ഉയര്‍ച്ചയിലേയ്ക്ക് എത്താന്‍ സാധിക്കും. ഒഡീഷ സംസ്‌കാരവും ഭാഷയും മലയാളിയായതിനാല്‍ മനസിലാക്കാന്‍ അല്‍പം ബുദ്ധിമുട്ടുണ്ടായിരുന്നു, ഭാഷ പഠിച്ചതിലൂടെ അത് എളുപ്പം പരിഹരിക്കാനായി. അങ്ങനെ അതിന്റെ സംഗീതം പൂര്‍ണ്ണമായി മനസിലാക്കാന്‍ കഴിഞ്ഞു. ഒരു മലയാളിയെന്ന നിലയ്ക്ക് കേരളത്തില്‍ ഒഡീസി നൃത്തത്തിന് വേരോട്ടം ഉണ്ടാക്കുകയാണെന്റെ ലക്ഷ്യം. അതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. എറണാകുളം കേന്ദ്രീകരിച്ച് ഒഡീസി ക്ലാസുകള്‍ നടത്തുന്നുണ്ട്. കൂടാതെ കേരളത്തിന്റെ പലഭാഗങ്ങളിലും ശില്‍പ്പശാലകള്‍ സംഘടിപ്പിക്കാറുണ്ട്. അതിലൂടെ കൂടുതല്‍പേരിലേയ്ക്ക് ഒഡീസിയെ എത്തിക്കാനാകുമെന്ന് കരുതുന്നു. Abhaya-Lakshmi2ഒരു ഭരതനാട്യം നര്‍ത്തകിയെന്ന നിലയ്ക്ക് ആദ്യഘട്ടത്തില്‍ ഒഡീസി പഠനം അല്‍പം ബുദ്ധിമുട്ടായിരുന്നു. പ്രധാനമായും ചുവടുകളും ഇടുപ്പിന്റെ ചലനവും. പലതവണയായുള്ള പരിശീലനത്തിലൂടെ പിന്നീട് അത് അനായാസമായി ചെയ്യാന്‍ സാധിച്ചുവെന്ന് കരുതുന്നു. കുട്ടിക്കാലം മുതല്‍ ഒഡീസി കണ്ട് പരിചയിച്ചത് ശാസ്ത്രീയമായുള്ള പഠനത്തില്‍ കൂടുതല്‍ ഗുണം ചെയ്തിട്ടുണ്ട്. ഭരതനാട്യത്തെ അപേക്ഷിച്ച് ഒഡീസിയില്‍ ഭാവത്തിനാണ് കൂടുതല്‍ പ്രധാന്യം. പല പ്രശസ്തരായ ഒഡീസി നര്‍ത്തകരുടെ പെര്‍ഫോമന്‍സ് കണ്ടുതന്നെ എന്റെ ചെറിയ ചെറിയ തെറ്റുകള്‍ തിരുത്താന്‍ ശ്രമിച്ചു. അങ്ങനെയാണ് ഒഡീസി പഠിക്കാനുള്ള ബുദ്ധിമുട്ടുകള്‍ മറികടന്നത്. ഷര്‍മിള മുഖര്‍ജിയെ കൂടാതെ ഒഡീഷയിലെ പ്രശസ്തരായ അരുണ മോഹന്തി, രതികാന്ത് മല്‍ഹോത്ര, സുജാത മഹാപത്ര എന്നിവരുടെ വര്‍ക്ക് ഷോപ്പുകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ഒഡീസി നൃത്തത്തില്‍ ഉപയോഗിക്കുന്ന വസ്ത്രം, ആഭരണം? ഒഡീസി ഡാന്‍സ് ശില്‍പ്പകളുടെ ചലനാത്മക രൂപമാണ്. ഒഡീഷയിലെ ക്ഷേത്രങ്ങളില്‍ കാണുന്ന രൂപങ്ങളാണ് ഒഡീസി ഡാന്‍സിലെ മിക്ക പോസുകളും. ഈ ക്ഷേത്രങ്ങളിലെ രൂപങ്ങള്‍ പുനരുജ്ജീവിപ്പിച്ചെടുത്താണ് ഗുരുക്കന്മാര്‍ ഈ നൃത്തരൂപം ആവിഷ്‌കരിച്ചിരിക്കുന്നത്. തൃഭംഗി പോസ് ഉപയോഗിക്കുന്നത് ഒഡീസിയില്‍ മാത്രമാണ്. കഴുത്തും ഉടലും കാല്‍മുട്ടും എന്നീ ഭാഗങ്ങള്‍ ഒരുപോലെ ബെന്റുചെയ്യുന്നതാണ് തൃഭംഗി. ഇത് ഒഡീസിയിലെ എല്ലാ ശൈലികളിലും ഉപയോഗിക്കുന്നുണ്ട്. കര്‍ണ്ണാടക സംഗീതം പോലെയോ ഹിന്ദുസ്ഥാനി സംഗീതം പോലെയോ അല്ല ഒഡീസി സംഗീതം. വളരെ പ്രത്യേകതയുള്ളതാണത്. ഒഡീസി കവിതകളില്‍നിന്നുള്ളവയാണ് മിക്കവയും. ഇപ്പോള്‍ ദേവസ്തുതിയും സംസ്‌കൃത ശ്‌ളോകങ്ങളും ഉപയോഗിക്കാറുണ്ട്. ഒഡീഷയില്‍ നെയ്യുന്ന സില്‍ക് സാരിയിലോ കോട്ടണ്‍ സാരിയിലോ സാംഭാല്‍പുരി (ടമായവമഹുൗൃശ) ഡിസൈനുള്ള സാരിയാണ് ഒഡീസി നൃത്തത്തിന് ഉപയോഗിക്കുന്നത്. പൂര്‍ണ്ണമായും വെള്ളിയില്‍ നിര്‍മ്മിച്ച ആഭരണങ്ങളാണ് ഉപയോഗിക്കുന്നത്. ചിലങ്കയ്ക്കും അരപ്പട്ടയ്ക്കും പ്രത്യേക പ്രധാന്യംതന്നെയുണ്ട് ഓഡിസിയില്‍. കേശാലങ്കാരമായ (തഹിയ) പുഷ്പചൂടയെന്ന് അറിയപ്പെടുന്നത് ഓഡീഷയിലെ പുരി ജഗന്നാഥനെ പ്രതിനിധാനം ചെയ്യുന്നതാണ്. വിദ്യാഭ്യാസവും ഭാവി പരിപാടികളും സ്വദേശം പാലക്കാടാണ് പക്ഷേ ഞാന്‍ വളര്‍ന്നതൊക്കെ കേരളത്തിന് പുറത്താണ്. കോയമ്പത്തൂര്‍ ചിന്മയ വിദ്യാലയത്തിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. പിന്നീട് അമൃത സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങില്‍നിന്നും എഞ്ചിനീയറിങ് ബിരുദം നേടി. ഇപ്പോള്‍ ബെംഗളൂരുവില്‍ താമസം. ഗുരു ഷര്‍മിള മുഖര്‍ജിയുടെ അടുത്ത് പഠനവും നൃത്തപരിപാടികളുമായി പോകുന്നു. ആഴ്ചയില്‍ ഒരിക്കല്‍ കൊച്ചിയില്‍ ഒഡീസി ക്ലാസ് എടുക്കുന്നുണ്ട്. കേരളത്തില്‍നിന്ന് പ്രൊഫഷണല്‍ പെര്‍ഫോമിംഗ് ആര്‍ട്ട്‌സ് ട്രൂപ്പ് രൂപീകരിക്കുകയാണ് സ്വപ്‌നം. ഗുരു കേളു ചരണ്‍ മഹാപത്ര, ഷര്‍മിള മുഖര്‍ജി എന്നിവരെക്കുറിച്ച്? പത്മഭൂഷണ്‍ ഗുരു കേളു ചരണ്‍ മഹാപത്രയാണ് ഒഡീസി ഇത്രയധികം പ്രശസ്തമാകാന്‍ കാരണം. എന്റെ ഗുരുവായ ഷര്‍മിള മുഖര്‍ജി അദ്ദേഹത്തിന്റെ ശിഷ്യയാണ്. ഇപ്പോള്‍ ഗുരു ഷര്‍മിള ബെംഗളൂരുവില്‍ സ്വന്തമായി ഒഡീസി പഠിപ്പിക്കുന്നതിനായി ഒരു സ്ഥാപനം ആരംഭിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.