ഇതിന്റെ നേരെ നമസ്കരിക്കണം

Saturday 17 October 2015 3:24 pm IST

ഒരു പുസ്തകം മനസ്സിലെടുത്തുവച്ച് വായിച്ചതിനുശേഷം, മനനാനന്തരം ''ഇതിനുനേരെ നമസ്‌കരിക്കണം'' എന്നു പ്രാര്‍ത്ഥിക്കേണ്ടിവരുന്ന വായനാനുഭവം വല്ലപ്പോഴും സംഭവിക്കുന്ന ഒന്നാണ്. അത്തരം സവിശേഷ പ്രകാശ ഗോപുരത്തിലേയ്ക്ക് ഉയര്‍ന്നു നില്‍ക്കുന്ന ഗ്രന്ഥം മലയാളത്തില്‍ പിറവികൊള്ളുന്നത് അപൂര്‍വ്വം എന്റെ വായനാ ജീവിതത്തില്‍-മൂന്നു പതിറ്റാണ്ടിനു മുമ്പ് വായനയുടെ ജ്ഞാനപ്രകാശം ബോധത്തില്‍ തെളിയിച്ചത് തത്ത്വമസിയാണ്; ഡോ. സുകുമാര്‍ അഴീക്കോടിന്റെ വിഖ്യാതഗ്രന്ഥം ആത്മാവിന്റെ ഹിമാലയം വെളിപ്പെടുത്തിത്തന്ന തത്ത്വമസിയുടെ മുന്നില്‍ കൈകൂപ്പി വണങ്ങി; ഇന്നും പ്രാര്‍ത്ഥനാനിരതമായ മനസ്സോടെയാണ് അഴീക്കോട് മാഷിനെ ഓര്‍ക്കുന്നത്. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ബുദ്ധിക്കും ചിന്തയ്ക്കും വഴങ്ങുന്നതല്ല അഴീക്കോട് മാഷിന്റെ ഭാഷയും എഴുത്തു രീതിയും. അന്നൊക്കെ തോന്നിയിരുന്നു; ഇതൊക്കെ സരളവും ലളിതവും ആകര്‍ഷകവുമായ ഭാഷയില്‍ എഴുതിയിരുന്നെങ്കില്‍? തത്ത്വമസി എന്ന ഹിമാലയം കീഴടക്കാന്‍ നിരന്തരവായന വേണ്ടിവന്നു. ഇത്രയും ഓര്‍ത്തത് ഉഷാ സുരേഷിന്റെ 'അഹം ബ്രഹ്മാസ്മി' എന്ന ഗ്രന്ഥം വായിച്ചു തീര്‍ത്തതുകൊണ്ടാണ്. ഇത് ഉപനിഷത്ത് ഹിമാലയത്തിലൂടെയുള്ള രണ്ടാം പര്‍വ്വതാരോഹണമാണ്. വായനയുടെ പരിസരത്ത് ഇതിനുമുമ്പ് ഞാന്‍ പരിചയപ്പെട്ടിട്ടില്ല ഉഷാ സുരേഷിനെ. അതുകൊണ്ടു തന്നെ തെല്ല് കൗതുകത്തോടെയാണ് അഹം ബ്രഹ്മാസ്മി വായിക്കാനെടുത്തത്. 'അനുഭവം തന്നെയാണ് ഗുരു, എല്ലാ അനുഭവങ്ങളെയും ഗുരുക്കന്മാരാക്കി മുമ്പോട്ടു പോകണം. ശിക്ഷയും രക്ഷയും തന്നാണ് ജീവിതമാകുന്ന വഞ്ചി തുഴയാന്‍ പഠിപ്പിക്കുന്നത്. ഉപനിഷത്തും ഗീതയും മറ്റ് വിശിഷ്ട ഗ്രന്ഥങ്ങളെല്ലാം തന്നെ ജീവിതത്തെ പക്വമാക്കാന്‍ പറ്റിയ മൂലികകളാണ്. ധര്‍മ്മത്തെ രക്ഷിക്കാന്‍ പറ്റാതെ മുന്നോട്ടു പോകേണ്ടത് നമ്മുടെ ആവശ്യമാണ്; അതിനു ഗുണദോഷങ്ങളെ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഒരു സാധാരണ വായനക്കാരനും പറയും കൊള്ളാം. കാര്യങ്ങള്‍ നന്നായി മനസ്സിലാക്കുന്നുണ്ട്. തുടര്‍ന്നു വായിക്കാം. മനുഷ്യ മനസ്സിന് ഉള്‍ക്കൊള്ളാന്‍ത്തന്നെ പ്രയാസമുള്ള ഭാരതീയ തത്ത്വചിന്തയുടെ ആഴങ്ങളിലേയ്ക്കാണ് നാം നടന്നുപോകുന്നത് എന്നോര്‍ത്ത് ഒരു നിമിഷം നാം അത്ഭുതപ്പെടും. കാരണം ഉപനിഷത്ത് ഭാരതീയ തത്ത്വജ്ഞാനത്തിന്റെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണ്. ലോകചിന്തയിലാകട്ടെ ആത്മീയാനുഭൂതിയുടെ അത്യുന്നതമായ ആദിശൃംഗവും. അത്ര എളുപ്പത്തിലൊന്നും ഈ ആദിശൃംഗത്തെ കീഴ്‌പ്പെടുത്താന്‍ കഴിയില്ലെന്നുള്ളതാണ് നമ്മുടെ മുന്‍കാല അനുഭവം. cover-(1)അഹം ബ്രഹ്മാസ്മിയുടെ എഴുത്തു ശൈലി സൂക്ഷ്മമാണ്, ലളിതമാണ്, ആഴമേറിയതാണ്. ഇതു മൂന്നും ചേരുന്നിടത്ത് ജ്ഞാനത്തിന്റെ സ്ഫടിക സമാനമായ അകംപൊരുള്‍ ദൃശ്യം തെളിഞ്ഞുവരും. ഇവിടെ ഗ്രന്ഥകാരി നമ്മുടെ നാട്ടിന്‍പുറത്തെ മുത്തശ്ശി കുഞ്ഞുങ്ങള്‍ക്ക് കഥപറഞ്ഞുകൊടുക്കുന്നതുപോലെ ഉപനിഷത്ത് സാരസര്‍വ്വസം (പ്രപഞ്ച ദര്‍ശനം) വിശദീകരിച്ചു തരുന്നു. പ്രകൃതിയുടെ ഋതുഭേദവര്‍ണ്ണങ്ങളെ സമഗ്രം അപഗ്രഥിച്ച് കഥയായി നമുക്കു തരുന്നു. എല്ലാ ഉപനിഷത്തിലെയും ശാന്തിമന്ത്രങ്ങള്‍ ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ഞാന്‍ ആരാണ് എന്ന അന്വേഷണത്തില്‍ നിന്നാണ് അഹം ബ്രഹ്മാസ്മി തുടങ്ങുന്നത്. ഭഗവത്ഗീത ഇതിന് ഉത്തരം തരുന്നുണ്ട്. സ്വര്‍ണ്ണം പലരൂപത്തില്‍ നാം കാണുന്നു. അറിയുന്നു, അനുഭവിക്കുന്നു. സ്വര്‍ണ്ണം മാലയായും മോതിരമായും വളയായും പാദസരമായും നമ്മുടെ മുന്നിലുണ്ട്. മാല ഉരുക്കി മോതിരമാക്കാം. കമ്മല്‍ വളയായും രൂപംമാറ്റാം. എന്നാല്‍ സ്വര്‍ണ്ണം മാലയോ വളയോ മോതിരമോ അല്ല. സ്വര്‍ണ്ണം സത്യമായും സ്വര്‍ണ്ണം തന്നെയാണ്. അതൊരു സദ്‌വസ്തുവാണ്. കാലാകാലങ്ങളില്‍ അത് പലരൂപങ്ങളില്‍ ഭാവങ്ങളില്‍ ആകൃതികളില്‍ വരുന്നു. അപ്പോഴെല്ലാം സ്വര്‍ണ്ണം മാറ്റമില്ലാതെ നിലനില്‍ക്കുന്നു. ഇത് പറഞ്ഞത് അഹം ബ്രഹ്മാസ്മിയുടെ ഗാംഭീര്യം വെളിപ്പെടുത്താന്‍ വേണ്ടിയാണ്. സന്തോഷത്തില്‍ ആഹ്ലാദിക്കാനും ദു:ഖത്തില്‍ കരയാനും കഴിയണം. അതിനു ജീവിതത്തെ കളങ്കരഹിതമാക്കണം. ഏതുസാഹചര്യത്തില്‍ എത്രതവണ ആവര്‍ത്തിച്ചാലും കളവ്-കളവ് തന്നെയാണ്. അത് ഒരിക്കലും സത്യമാകില്ല. ഇതൊരു കാഴ്ചപ്പാടാണ്. ദര്‍ശനമാണ് ഇതിന്റെ സൂര്യപ്രകാശത്തിലേയ്ക്കാണ് ഗ്രന്ഥകാരി വായനക്കാരെ കൈപിടിച്ചു കൊണ്ടുപോകുന്നത്. പത്തുപനിഷത്തിന്റെ സൂക്ഷ്മവും സമഗ്രവുമായ നിരീക്ഷണങ്ങള്‍ക്ക് മുന്നോടിയായി പറയുന്ന ഒന്നാം ഭാഗത്ത് പ്രാരംഭം, മധുരനൊമ്പരങ്ങള്‍, ഓര്‍മ്മപ്പെടുത്തല്‍, കനല്‍പാടുകള്‍, വിരഹകഥ, പരികല്പനകള്‍, കഥാമൃതം എന്നിങ്ങനെയുള്ള അദ്ധ്യായങ്ങളില്‍ ഉപനിഷത്ത് പ്രവേശികയുടെ മുന്നൊരുക്കത്തില്‍ ജീവിതത്തില്‍ വഴിദീപമാകുന്ന ദര്‍ശനങ്ങളുടെ അകംപൊരുള്‍ തുറന്നു തരുന്നുണ്ട്. അലങ്കാരങ്ങളുടെ തടസ്സങ്ങളില്ലാതെ നേരിട്ട് വായനക്കാരുടെ ഉള്‍ത്തടത്തിലേയ്ക്ക് കടന്നു കയറാന്‍ ശേഷിയുടെ പദങ്ങളുടെ സുഗന്ധം തരുന്ന കുളിര്‍മ്മ ചിന്തനീയമാണ്. സത്യത്തെ കണ്ടെത്തുന്നതിന് നാലു വര്‍ണ്ണാശ്രമങ്ങളും കടന്നുപോകണമെന്ന തിരിച്ചറിവ് ലളിതമെങ്കിലും ഗൗരവമുള്ള സന്ദേശമാണ്. അഞ്ച് മഹായജ്ഞങ്ങളുടെ പൂര്‍ത്തീകരണം തന്നെയാണ് ജീവിതം. ഋഷിയജ്ഞം, ദേവയജ്ഞം, പിതൃയജ്ഞം, അതിഥിയജ്ഞം, ഭൂതയജ്ഞം എന്നിങ്ങനെയുള്ള പദങ്ങള്‍ കേള്‍ക്കാമെന്നല്ലാതെ എന്താണെന്ന് മനസ്സിലാക്കാനുള്ള അവസരം സാധാരണ വായനക്കാര്‍ക്ക് ലഭിക്കാറില്ലല്ലോ. അതിനുള്ള അവസരമാണ് ഉഷാ സുരേഷ് തരുന്നത്. മനുഷ്യരായി ജീവിക്കുന്നവര്‍ അവശ്യം അറിഞ്ഞിരിക്കേണ്ട ഗ്രന്ഥമാണ് ഉപനിഷത്ത്. നൂറ്റിയെട്ടും അതില്‍കൂടുതലും ഉപനിഷത്തിനെപ്പറ്റി പറയുന്നുണ്ടെങ്കിലും പത്തുപനിഷത്തിനാണ് പ്രാധാന്യം ഏറെ. അഹം ബ്രഹ്മാസ്മിയുടെ രണ്ടാം ഭാഗം ഇതെല്ലാം വിശദീകരിക്കുന്നു. ഉപനിഷത്തിന് അര്‍ത്ഥങ്ങളും വ്യാഖ്യാനങ്ങളും ധാരാളം. ഗുരുനാഥന്‍ തൊട്ടടുത്തിരുത്ത് ശിഷ്യന് അറിവ് പകര്‍ന്നു നല്‍കുന്നതാണ് ഉപനിഷത്ത്. ഇതാകട്ടെ സംവാദരൂപത്തിലാണ്. ഗുരുശിഷ്യ സംവാദം കഥാരൂപത്തിലാണ് ജ്ഞാനം നല്‍കുന്നത്. എന്നിലും നിന്നിലും സര്‍വ്വ ചരാചരങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന ചൈതന്യം തന്നെയാണ്. ഈ ചൈതന്യത്തെ അറിയുന്നവര്‍ അമരത്വം നേടുന്നു. അതാണ് ഉപനിഷത്ത് തരുന്ന അനശ്വരത. ഭഗവത്ഗീത മനുഷ്യമനസ്സുകളെ എങ്ങനെയാണ് കീഴടക്കിയത് അതുപോലെയാണ് ഈശാവാസ്യോപനിഷത്തും ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയതെന്ന് ഗ്രന്ഥകാരി പറയുന്നു. തുടര്‍ന്ന് കേനോപനിഷത്ത്, പ്രശ്‌നോപനിഷത്ത്, കഠോപനിഷത്ത്, തൈത്തിരിയോപനിഷത്ത് എന്നിങ്ങനെ പ്രധാനപ്പെട്ട പത്ത് ഉപനിഷത്തുകളെ പറ്റി ലളിതമായി പറഞ്ഞിരിക്കുന്നു. അഹം ബ്രഹ്മാസ്മി എന്ന ചെറുതെങ്കിലും വളരെ ബ്രഹത്തായ ആശയം ഉള്‍ക്കൊള്ളുന്ന ഈ ഗ്രന്ഥം ഉപനിഷത്തുക്കളെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ സഹായകരവും വിശ്വസിക്കാവുന്നതുമായ ഒരു കൈപ്പുസ്തക (ഗൈഡ്) മാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.