സര്‍വം ഈശ്വരമയം

Saturday 17 October 2015 8:01 pm IST

ചിരിച്ചുകൊണ്ട് മഹാരാജന്‍ പറഞ്ഞു: ''മഹര്‍ഷേ! ഇന്ദ്രിയങ്ങള്‍ അതിബലവാന്മാരാണ് അവയെ വിശ്വസിക്കാന്‍ കൊള്ളില്ല. കാരണം അവയെ നിയന്ത്രിക്കാന്‍ പക്വതയില്ലാത്തവര്‍ക്ക് കഴിയില്ല. അനേകം വികാരങ്ങളുണ്ട്. ഭാര്യയിലും പുത്രനിലും ഭക്ഷണത്തിലും ആശ വിട്ടിട്ടുവേണം സന്യസിക്കാന്‍. ഏതു പിഴകള്‍ക്കും പരിഹാരമുണ്ട്. എന്നാല്‍ 'സന്യസിച്ചു പിഴച്ചെന്നാല്‍ വഴിയില്ല കരേറുവാന്‍' എന്നാണ് കവി വാക്യം. പതുക്കെ പതുക്കെ വേണം ഇന്ദ്രിയ നിയന്ത്രണം. അതിന് മനസ്സിനെ ബലമാക്കണം. ശാന്തനാകണം. മനസ്സാണ് സുഖദുഃഖങ്ങള്‍ക്ക് കാരണം. ശത്രുവും ബന്ധുവും ഉദാസീനനും മനസ്സാണ്. 'ഞാന്‍ തന്നെ ബ്രഹ്മം' എന്നുറപ്പിച്ചാല്‍ മോഹം അകന്നുപോകും. എല്ലാറ്റിലും സമത്വം കാണുന്നവനാണ് ജ്ഞാനി. നാട്ടില്‍ മനുഷ്യരെപ്പോലെ കാട്ടില്‍ മൃഗങ്ങളും ഉണ്ടാവില്ല. പഞ്ചഭൂതങ്ങളാല്‍ ഉണ്ടാക്കപ്പെട്ടവയാണ് ഈ ചരാചരങ്ങള്‍. അതിനാല്‍ എല്ലാറ്റിനോടും ചേര്‍ച്ചവരും. ധനവും രാജ്യവും ഗൃഹവും എന്റേതല്ല എന്ന് ഞാന്‍ ധരിച്ചതിനാലാണ് എനിക്ക് രാജ്യം ഭാരമല്ലാതാവുന്നത് എന്ന്.'' ജനക മഹാരാജന്റെ മറുപടി കേട്ട് സംശയനിവൃത്തി വന്ന ശുകമഹര്‍ഷി അദ്ദേഹത്തേയും മനസാ തന്റെ പിതാവിനേയും നമസ്‌കരിച്ച് സര്‍വഭൂതങ്ങളും മായയാല്‍ നിര്‍മിതമാണെന്നും അതെല്ലാം ഈശ്വരമയമാണെന്നും കണ്ട് നടന്നു. ''യം പ്രവ്രന്ത മനുപേതമപേത കൃത്യം ദൈ്വപായനോ വിരഹകാതര ആജുവാഹ പുത്രേതി തന്മയതയാതരവോളദിനേദു- സ്തം സര്‍വഭൂത ഹൃദയം മുനിമാനതോളസ്മി'' (ശ്രീമദ് ഭാഗവതം 1:2:2) (സാരം: കര്‍മമാര്‍ഗങ്ങളില്‍നിന്നെല്ലാം ഒഴിഞ്ഞ് ഉപനയനാദികള്‍പോലും സ്വീകരിക്കാതെ ആത്മാരാമനായി-പിതാവിനെയും വെടിഞ്ഞ് സന്യസിച്ചുപോകുന്ന ശ്രീശുകമഹര്‍ഷിയുടെ വിരഹം നിമിത്തം ദുഃഖം സഹിക്കവയ്യാതെ വേദവ്യാസന്‍ 'പുത്രാ'യെന്നു വിളിച്ചു ഉറക്കെ കരഞ്ഞു. പിതാവിന്റെ പുത്രസ്‌നേഹരൂപമായ പാശത്തെ ചോദിപ്പിക്കുവാനെന്ന രീതിയില്‍ ആ സമയം ചുറ്റുമുള്ള വൃക്ഷങ്ങളും ശുകമയമായി പ്രതിധ്വനി പുറപ്പെടുവിച്ചു.'' സര്‍വഭൂതങ്ങളിലും ഒരേ സമയത്ത് പ്രവേശിക്കാന്‍ തക്ക മഹിമയുള്ള സര്‍വാത്മാവായ ആ ശുകമഹര്‍ഷിയെ ഞാന്‍ നമസ്‌കരിക്കുന്നു. ഫോണ്‍ : 9446239120

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.