അന്യാധീനപ്പെട്ട ക്ഷേത്രഭൂമി കൈമാറ്റം തടഞ്ഞു

Saturday 17 October 2015 8:39 pm IST

കോഴിക്കോട്: അന്യാധീനപ്പെട്ട ദേവസ്വം ഭൂമിയുടെ ക്രയവിക്രയമോ കൈമാറ്റമോ തടഞ്ഞുകൊണ്ട് ഹൈക്കോടതിയുടെ സുപ്രധാന ഇടക്കാല വിധി. കോടതിയുടെ അനുവാദമില്ലാതെ ക്ഷേത്രഭൂമി ക്രയവിക്രയം നടത്താന്‍ പാടില്ലെന്നാണ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് അനുശിവരാമന്‍ എന്നിവര്‍ അടങ്ങിയ ബഞ്ച് ഉത്തരവ്. സ്വാമി ഭാരതി മഹാരാജ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവായത്. നവംബര്‍ നാലിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അഭിപ്രായം അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ 9877.2 ഹെക്ടര്‍ ഭൂമിയാണ് കയ്യേറ്റം ചെയ്തതായി കണക്കാക്കപ്പെട്ടിരിക്കുന്നത്. ദേവസ്വം മന്ത്രി നിയമസഭയില്‍ വെളിപ്പെടുത്തിയതാണിത്. അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരിച്ചുപിടിക്കാന്‍ ഉത്തരവായെങ്കിലും അത് നടപ്പായിട്ടില്ല. ക്ഷേത്ര കയ്യേറ്റങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ രജിസ്ട്രാര്‍ വഴി ഹൈക്കോടതിയെ അറിയിക്കാവുന്നതാണെന്ന് സ്വാമി ഭാരതി മഹാരാജ്, പി.സി. സുരേഷ്‌കുമാര്‍, രാമനാഥന്‍ വി.കെ, ബൈജു സി.ടി. എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.