ജബ്ബാര്‍ കടവ് പാലത്തിന് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 വയസ്സുകാരിക്ക് ഗുരുതര പരിക്ക് :നാട്ടുകാര്‍ റോഡ് ഒരു മണിക്കൂറോളം ഉപരോധിച്ചു

Saturday 17 October 2015 8:39 pm IST

നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു

ഇരിട്ടി: ഇരിട്ടി പേരാവൂര്‍ റോഡില്‍ ജബ്ബാര്‍ കടവ് പാലത്തിന് സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു 3 വയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. പേരാവൂര്‍ തിരുവോണപ്പുറത്തെ അഭിലാഷിന്റെമകള്‍ ശിവന്യക്കാന് പരിക്കേറ്റത്. കുട്ടിയെ കണ്ണൂര്‍ എകെജി മെമ്മോറിയല്‍ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് നാട്ടുകാര്‍ ഒരു മണിക്കൂറോളം പേരാവൂര്‍-ഇരിട്ടി റോഡ് ഉപരോധിച്ചു.
ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു അപകടം. ഓട്ടോറിക്ഷാ തൊഴിലാളിയായ അഭിലാഷ് സുഖമില്ലാത്ത കുട്ടിയെ ഇരിട്ടിയില്‍ ഡോക്ടറെ കാണിച്ചു തിരിച്ചു തിരുവോണപ്പുറത്തെ വീട്ടിലേക്കു പോകവേ തളിപ്പറമ്പ് ഭാഗത്ത് നിന്നും പേരാവൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കുട്ടി പുറത്തേക്ക് തെറിച്ചു വീണു. കാറിന്റെ ബോണട്ടും ഓടോറിക്ഷയുടെ മുന്‍ഭാഗവും തകര്‍ന്നു.
അപകടത്തെത്തുടര്‍ന്ന് അപകടം നിത്യസംഭവമായ റോഡിലെ വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കണമെന്നും റോഡുസുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ ഒരു മണിക്കൂറോളം ഇരിട്ടി-പേരാവൂര്‍ റോഡ് ഉപരോധിച്ചു. ഇതോടെ ഈ റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. ഇരിട്ടി എസ്‌ഐ പ്രതീഷിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലീസ് ഉപരോധക്കാരുമായി സംസാരിച്ച് അടിയന്തിരമായി റോഡില്‍ ഡിവൈഡറുകള്‍ സ്ഥാപിച്ച് സുരക്ഷ ഒരുക്കാന്‍ നടപടിയെടുക്കാമെന്ന ഉറപ്പിന്മേലാണ് ഉപരോധം പിന്‍വലിച്ചത്. അതോടൊപ്പം റോഡില്‍ കാഴ്ച മറഞ്ഞു നില്‍ക്കുകയായിരുന്ന വിവിധ ബോര്‍ഡുകള്‍ നാട്ടുകാരും പോലീസും ചേര്‍ന്ന് മാറ്റി സ്ഥാപിച്ചു.