കണ്ണൂര്‍ ജില്ലയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമം സിപിഎം അജണ്ട

Saturday 17 October 2015 8:39 pm IST

സ്വന്തം ലേഖകന്‍ കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകങ്ങള്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നിരവധി ചെറുപ്പക്കാര്‍ സിപിഎം ക്രമിനല്‍ സംഘത്തിന്റെ കൊലക്കത്തിക്ക് ഇരയായിട്ടുണ്ട്. ഇത്തരം കൊലപാതകങ്ങള്‍ ഏതെങ്കിലും സംഘര്‍ഷത്തിന്റെ ഭാഗമായിരുന്നില്ല. എല്ലാ കൊലപാതകങ്ങളും മുന്‍കൂട്ടി ആസൂത്രണം ചെയ്തത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു. തുടര്‍ച്ചയായ സംഘടിത അക്രമങ്ങളിലൂടെ മതന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി കൂടെ നിര്‍ത്താനും സമൂഹത്തില്‍ നിന്നും പാര്‍ശ്വവല്‍ക്കരിക്കാനും സിപിഎം നേതൃത്വം എപ്പോഴും ശ്രമിച്ചിരുന്നു. ഒരു ഭാഗത്ത് അക്രമം അഴിച്ച് വിടുമ്പോള്‍ മറുഭാഗത്ത് ന്യൂനപക്ഷസംരക്ഷകരുടെ വേഷം കെട്ടി സമൂഹത്തില്‍ പ്രത്യക്ഷപ്പെടാനും ഇവര്‍ ശ്രമിച്ചിരുന്നു. എംഎസ്ഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിന്റെയും, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ തലശ്ശേരിയിലെ ഫസലിന്റയും, പട്ടുവത്തെ ലീഗ് പ്രവര്‍ത്തകന്‍ അന്‍വറിന്റെയും കൊലപാതകങ്ങള്‍ വിരല്‍ ചൂണ്ടുന്നത് കണ്ണൂര്‍ ജില്ലയില്‍ നിലനില്‍ക്കുന്ന സാമൂഹ്യ സമരസതയെ തകര്‍ക്കാന്‍ സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത കൊലപാതക പരമ്പരയിലേക്കാണ്. സാംസ്‌കാരിക കേരളം ഏറെ ചര്‍ച്ച ചെയ്തതാണ് അരിയില്‍ ഷുക്കൂറിന്റെ കൊലപാതകം. സിപിഎം സംഘം പരസ്യ വിചാരണ ചെയ്ത് കഴുത്തറുത്ത് കൊല്ലുമ്പോള്‍ ഷുക്കൂറിന് കേവലം പതിനാറ് വയസ്സുമാത്രമേ ഉണ്ടായിരുന്നുള്ളു. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ അരിയില്‍ പ്രദേശത്ത് കൂടി കടന്നുപോകുമ്പോള്‍ യാത്രചെയ്തിരുന്ന കാറിന് സമീപത്തു കൂടി ഓടിപ്പോയി എന്നതായിരുന്നു ഷുക്കൂറിനെതിരായ ആരോപണം. തുടര്‍ന്ന് വള്ളുവന്‍കടവ് എന്ന സ്ഥലത്ത് വെച്ച് സിപിഎമ്മുകാര്‍ ഷുക്കൂറിനെ പിടികൂടി. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും തന്നെ കൊല്ലരുതെന്നും ഷുക്കൂര്‍ അക്രമിസംഘത്തോട് അപേക്ഷിച്ചുവെങ്കിലും ജയരാജനെ അക്രമിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നൂറുകണക്കിനാളുകള്‍ നോക്കിനില്‍ക്കെ പരസ്യ വിചാരണ നടത്തിയാണ് സിപിഎം സംഘം വധശിക്ഷ നടപ്പാക്കിയത്. ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെ പിന്നീട് കോടതി റിമാന്റ് ചെയ്തിരുന്നു. തങ്ങളുടെ നേതാക്കളെ തൊട്ടാല്‍ മരണമായിരിക്കും അനന്തര ഫലമെന്ന് ന്യൂനപക്ഷങ്ങള്‍ക്ക് കൃത്യമായ സന്ദേശം നല്‍കുന്നതിന് വേണ്ടിയാണ് ഈ കൊലപാതകം നടപ്പാക്കിയത്. കേസിലെ അഞ്ചാം പ്രതിയായ പ്രകാശന്‍ ആന്തൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയാണ്. 2011 ജൂലൈ അഞ്ചിന് രാത്രിയാണ് പട്ടുവത്തെ അന്‍വറിനെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മിന്റെ രാഷ്ട്രീയ മാടമ്പികളെ വെല്ലുവിളിച്ച് പ്രദേശത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതിനാണ് സിപിഎം സംഘത്തെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. പ്രദേശത്ത് തങ്ങളുടെ അണികള്‍ കൊഴിഞ്ഞുപോകുന്നത് മനസ്സിലാക്കിയ പാര്‍ട്ടി നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് അന്‍വറിന്റെ കൊലപാതകം. സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മറ്റി അംഗം ആനക്കീല്‍ ചന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ കേസില്‍ പ്രതികളാണ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പട്ടുവം പഞ്ചായത്തിലെ കുന്നരു വാര്‍ഡില്‍ നിന്ന് ചന്ദ്രന്‍ ജനവിധി തേടുന്നുണ്ട്. കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമായാണ് തലശ്ശേരിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഫസലിന്റെ കൊലപാതകം സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. കോടതിയില്‍ സമര്‍പിച്ച കുറ്റപത്രത്തില്‍ സിബിഐ ഇതു സംബന്ധിച്ച് പ്രത്യേക പരാമര്‍ശം തന്നെ നടത്തിയിരുന്നു. ഒരു സിനിമാക്കഥയെ വെല്ലുന്ന തരത്തിലുള്ള ആസൂത്രണമാണ് ഫസല്‍ വധത്തില്‍ നടന്നത്. കൊലപാതകം നടന്നയുടന്‍ തന്നെ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ആര്‍എസ്എസ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് പറഞ്ഞിരുന്നു. കേസിലെ പ്രധാന പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും രാവിലെ തന്നെ തലശ്ശേരി ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് ഫസലിന്റെ വീട്ടിലുമെത്തിയിരുന്നു. എന്നാല്‍ സിബിഐ അന്വേഷണത്തിലൂടെ യഥാര്‍ത്ഥ പ്രതികളായ സിപിഎം നേതാക്കള്‍ ഇരുമ്പഴിക്കുള്ളിലായപ്പോഴാണ് കൊലപാതകത്തിന്റെ യഥാര്‍ത്ഥ ചിത്രം ജനങ്ങളറിഞ്ഞത്. താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഇതുപോലെ നിരവധി രാഷ്ട്രീയ കൊലപാതകങ്ങള്‍ സിപിഎം നേതൃത്വം കണ്ണൂര്‍ ജില്ലയില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.