സുപ്രീം കോടതിവിധി ജനഹിതത്തിനെതിരെ

Saturday 17 October 2015 8:56 pm IST

ജഡ്ജിമാരുടെ നിയമനകാര്യത്തില്‍ നിയമനിര്‍മ്മാണം വഴി ഇല്ലാതാക്കപ്പെട്ട കൊളീജിയം വീണ്ടും നടപ്പില്‍ വരുത്താന്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് തീരുമാനിച്ചിരിക്കുകയാണ്. ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനും അതിനുവേണ്ടിയുള്ള ഭരണഘടനാ ഭേദഗതിയും സുപ്രീം കോടതി ഇപ്പോള്‍ റദ്ദ് ചെയ്തിരിക്കുന്നു. 2014 ആഗസ്റ്റ് 14 ന് ലോക്സഭ ഈ ഭേദഗതി അംഗീകരിച്ച് കൊളീജിയം ഇല്ലാതാക്കുകയാണുണ്ടായത്. അന്നതിനെ 'ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ മികച്ച ദിനമായി' ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ വാഴ്ത്തുകയും സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. സുപ്രീം കോടതിയിലെ മുന്‍ ജഡ്ജിമാരായ ജസ്റ്റിസ് മാര്‍ക്കണ്‌ഡേയ കട്ജുവും ജസ്റ്റിസ് എ.കെ.ഗാംഗുലിയും കൊളീജിയം അതിന്റെ പ്രഖ്യാപിത ലക്ഷ്യത്തെ തകര്‍ത്ത് അപചയം സൃഷ്ടിച്ചുവെന്ന് കാര്യകാരണസഹിതം സാധൂകരിച്ചിരുന്നതാണ്. ആത്യന്തികമായി കൊളീജിയം സൃഷ്ടിച്ച വിവാദം ജുഡീഷ്യറിയെക്കുറിച്ച് ജനമനസ്സുകളില്‍ സംശയത്തിന്റെ കരിനിഴല്‍ പരത്താനും ജൂഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിക്കാനും ഇടയാക്കിയിരുന്നു. കൊളീജിയം തികഞ്ഞ പരാജയമായിരുന്നുവെന്ന് ഈ ലേഖകന്‍ കരുതുന്നില്ല. എന്നാല്‍ കൊളീജിയം കുറ്റമറ്റതല്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുള്ളതുമാണ്. ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ ഉദ്യമങ്ങള്‍ സഹിക്കവയ്യാത്ത സാഹചര്യമാണ് യഥാര്‍ത്ഥത്തില്‍ കൊളീജിയത്തിന് വഴിമരുന്നിട്ട ഒരു സുപ്രധാന ഘടകം. 1970 കളില്‍ 'കമ്മിറ്റഡ് ജുഡീഷ്യറി' ക്കുവേണ്ടി കോണ്‍ഗ്രസ് ഭരണകൂടം മുന്നോട്ടുവന്നതും കൊളീജിയത്തിന്റെ സൃഷ്ടിക്ക് കാരണമായിട്ടുണ്ട്. കൊളീജിയംവഴി നിയമിക്കപ്പെട്ട ജഡ്ജിമാരില്‍ ഭൂരിപക്ഷവും മികച്ച ന്യായാധിപന്മാരാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ കൊളീജിയംവഴിയുള്ള നിയമനങ്ങള്‍ക്ക് സുതാര്യതയില്ലെന്നുള്ളത് പിന്നീട് തെളിയിക്കപ്പെട്ട പച്ചപരമാര്‍ത്ഥമാണ്. കൊളീജിയത്തിനെതിരെ പുതിയ നിയമനിര്‍മ്മാണത്തിന് യുപിഎ സര്‍ക്കാര്‍ തുടക്കമിട്ടതും നരേന്ദ്രമോദി സര്‍ക്കാര്‍ ആ പ്രക്രിയ പൂര്‍ത്തിയാക്കിയതും ഈ പശ്ചാത്തലത്തിലാണ് വീക്ഷിക്കേണ്ടത്. പുതിയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ റദ്ദാക്കപ്പെട്ടതോടെ ജഡ്ജി നിയമനകാര്യത്തില്‍ സുതാര്യത നഷ്ടപ്പെട്ടിരിക്കയാണ്. കൊളീജിയം രഹസ്യമായിട്ടാണ് ജഡ്ജി നിയമനങ്ങള്‍ നടത്തിവരുന്നത്. ഇത് ഇല്ലാതാക്കാന്‍ പുതിയ നിയമം സഹായകമായിരുന്നു. പരമരഹസ്യമായി കാര്യങ്ങള്‍ ചെയ്യുന്നതിനുപകരം വലിയൊരളവോളം ജനങ്ങള്‍ക്ക് കാര്യങ്ങള്‍ അറിയാന്‍ അവസരമുണ്ടാകും. വ്യക്തിഗത ഇഷ്ടാനിഷ്ടങ്ങള്‍ക്കപ്പുറം കഴിവും മികവും പ്രതിഭയും സുതാര്യതയുമൊക്കെ നിര്‍ണായകമായി പരിഗണിക്കപ്പെടും. 1966 ല്‍ ചീഫ് ജസ്റ്റിസ് പി.ബി.ഗജേന്ദ്ര ഗഡ്കറുടെ നേതൃത്വത്തിലുള്ള ഒന്‍പതംഗ സുപ്രീം കോടതി ബെഞ്ച് മിറാജ്കര്‍ കേസില്‍ ഇപ്രകാരം എഴുതിയിരുന്നു. ''നടപടികള്‍ പരസ്യപ്പെടുത്തുന്നത് ഇല്ലാത്തിടത്ത് നീതിയില്ല. പരസ്യപ്പെടുത്തലാണ് നീതിയുടെ ആത്മാവ്. ജാഗ്രത ഉറപ്പാക്കുന്ന ചമ്മട്ടിയും അസത്യത്തിനെതിരായ ഉറപ്പായ കാവലും അതാണ്''. പാര്‍ലമെന്റ് പാസാക്കിയ ജഡ്ജി നിയമന നിയമം ജനങ്ങള്‍ക്ക് നിയമന കാര്യങ്ങള്‍ അറിയാന്‍തക്കവിധം സുതാര്യമാക്കപ്പെടുകയാണുണ്ടായത്. എന്നാലിപ്പോഴത്തെ കോടതിവിധിയോടെ അതില്ലാതായിരിക്കുന്നു. ഭാരതത്തിലെ മുഴുവന്‍ ജനങ്ങളുടെയും അംഗീകാരത്തോടെയാണ് ന്യായാധിപ നിയമന കമ്മീഷന്‍ നിയമം പാസാക്കിയതും നടപ്പാക്കാന്‍ ശ്രമിച്ചതും. ലോക്‌സഭയും രാജ്യസഭയും 20 ഓളം സംസ്ഥാനങ്ങളും അംഗീകരിച്ച നിയമം രാഷ്ട്രപതി ഒപ്പുവെച്ചതുമാണ്. അത് റദ്ദാക്കുകവഴി സുപ്രീം കോടതി നമ്മുടെ ജനഹിതത്തിനെതിരായി നീങ്ങുകയാണ് ചെയ്തതെന്ന് ന്യായമായും കരുതാവുന്നതാണ്. ഇന്ത്യന്‍ ഭരണഘടനയിലെവിടെയും കൊളീജിയം എന്ന ഒരു ജഡ്ജി നിയമനവ്യവസ്ഥയില്ല. ബ്രിട്ടീഷുകാരുടെ കാലംമുതല്‍ എക്‌സിക്യൂട്ടീവ് നടത്തിവന്ന സമ്പ്രദായം അപഭ്രംശത്തിലേക്ക് വഴുതിവീണപ്പോഴാണ് കോടതി നേരിട്ട് കൊളീജിയം എന്ന സമ്പ്രദായം കൊണ്ടുവന്നത്. അതിനൊരിക്കലും നിയമനിര്‍മ്മാണ സംവിധാനത്തിന്റെ അംഗീകാരമുണ്ടായിരുന്നില്ല. കാലക്രമത്തില്‍ കൊളീജിയം നിയമനങ്ങള്‍ കൂടുതല്‍ മോശപ്പെട്ടതും പാടില്ലാത്ത പലതിന്റെയും അടിസ്ഥാനത്തില്‍ നടക്കുന്നതുമാണെന്ന് അനുഭവസ്ഥരായ ജഡ്ജിമാര്‍മാര്‍വരെ അഭിപ്രായപ്പെടുകയും ജനങ്ങള്‍ക്ക് ബോധ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് യുപിഎ സര്‍ക്കാര്‍ ന്യായാധിപ നിയമന കമ്മീഷന്‍ മുന്നോട്ടുവെച്ചത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം യുപിഎ മുന്നോട്ടുവെച്ച ഏഴംഗ ന്യായാധിപ കമ്മീഷന് പകരം ആറംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു നിയമന കമ്മീഷനാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. മുന്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച എഴംഗ നിയമന കമ്മീഷനില്‍ സര്‍ക്കാരിന് മേല്‍ക്കൈയ്യുണ്ടാവുകയും ജുഡീഷ്യറിയുടെ പ്രാതിനിധ്യം കുറഞ്ഞുപോവുകയും ചെയ്തു എന്ന് കണ്ടപ്പോഴാണ് അത് ആറംഗമാക്കി ചുരുക്കി ചീഫ് ജസ്റ്റിസുള്‍പ്പെടെ മൂന്ന് ജഡ്ജിമാര്‍ അടങ്ങുന്ന കമ്മീഷനാക്കി അതിനെ മാറ്റിയത്. സര്‍ക്കാരിന്റെ പ്രാതിനിധ്യമുള്ള ഒരാള്‍ മാത്രമാണ് കമ്മീഷനിലുണ്ടാവുക എന്ന നിലയിലാണ് നിയമം കൊണ്ടുവന്നത്.അവശേഷിക്കുന്ന രണ്ടു പ്രമുഖരെ നിശ്ചയിക്കാന്‍ പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന മുന്നംഗ കമ്മിറ്റിയാണ് പുതിയ നിയമം മുന്നോട്ടുവെച്ചത്.ചുരുക്കത്തില്‍ ജുഡീഷ്യറിക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുതന്നെ നിയമ മന്ത്രിയെയും സര്‍ക്കാര്‍ വിധേയത്വമില്ലാത്ത രണ്ടുപേരെയും ഉള്‍പ്പെടുത്തി വളരെ നിഷ്പക്ഷവും ശാസ്ത്രീയവുമായ സംവിധാനത്തിനാണ് രൂപംനല്‍കിയത്. ഇപ്പോള്‍ സുപ്രീം കോടതി അത്തരമൊരു നിയമത്തെ അസാധുവാക്കുകയും അതിനായി നടത്തിയ ഭരണഘടനാ ഭേദഗതിയെ ഇല്ലാതാക്കുകയും ചെയ്യുകവഴി ഇന്ത്യയില്‍ ജഡ്ജിമാരുടെ നിയമനരംഗത്ത് സുതാര്യതക്കും സൂക്ഷ്മതക്കും കോട്ടംവരുത്തി എന്ന് പറയുന്നവരെ പഴിക്കാനാവില്ല. എക്‌സിക്യൂട്ടീവിനും ലെജിസ്ലേച്ചറിനുമാണ് നയപരമായ കാര്യങ്ങള്‍ നിശ്ചയിക്കാനുള്ള അധികാരം ഭരണഘടന നല്‍കിയിട്ടുള്ളത്. ജനവിധി ശക്തമായി പ്രതിഫലിപ്പിക്കുന്ന നിയമങ്ങളെ മാനിക്കുന്ന സമീപനമാണ് പൊതുവില്‍ പരമോന്നത നീതിപീഠവും മറ്റും സ്വീകരിച്ചുവരാറുള്ളത്. ഇത്തരമൊരു കീഴ്‌വഴക്കത്തിന്റെ അടിവേരുകള്‍ ദുര്‍ബലമാകുകയാണോ? ജുഡീഷ്യറി ന്യായാധിപന്മാരുടെ പിന്തുര്‍ച്ചയായി സ്വയം തീരുമാനിക്കും എന്ന നിലയിലേക്ക് കാര്യങ്ങള്‍ പോകുന്നത് ആശങ്കാജനകമാണ്. ജഡ്ജിമാരുടെ പ്രായപരിധി, ആനുകൂല്യം തുടങ്ങിയ ചില കാര്യങ്ങളിലെങ്കിലും ഇത്തരത്തിലുള്ള ചില ഉദാഹരണങ്ങള്‍ അടുത്ത കാലത്തുണ്ടായിട്ടുണ്ട്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം പൂര്‍ണ്ണമായും നിലനിര്‍ത്തേണ്ടതാവശ്യമാണ്. ഒരു രാജ്യത്തിന്റെ വികസനം ഉറപ്പുവരുത്താന്‍ നീതിപീഠങ്ങള്‍ക്കാവുമെന്ന് നമ്മുടെ ഭരണഘടന കരുതുന്നില്ല. ഇപ്പോഴത്തെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെ മാനിക്കുന്നതോടൊപ്പം അതുവഴി പ്രകടമായിട്ടുള്ള ജനഹിതത്തിനെതിരായ നീക്കങ്ങളെയും ന്യായാധിപ നിയമനം കൂടുതല്‍ സുതാര്യമാക്കണമെന്നുള്ള ജനകീയാഭിലാഷത്തെയും ഉറപ്പുവരുത്താന്‍ കേന്ദ്ര ഭരണകൂടം ഉചിതമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. ഇതിനായി റദ്ദാക്കപ്പെട്ട നിയമം പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള ഭൂരിപക്ഷം കക്ഷികളും സര്‍വ്വാത്മനാ സഹകരിച്ച് പാസാക്കിയ ഒന്നായതിനാല്‍ ഇക്കാര്യത്തില്‍ ഭരണ-പ്രതിപക്ഷ കക്ഷികളുടെ ഏകോപന അഭിപ്രായം ഉണ്ടാവുന്നത് നന്നായിരിക്കും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.