കമ്യൂണിസ്റ്റ് പ്രസ്ഥാനവും എസ്എന്‍ഡിപിയും

Saturday 17 October 2015 9:02 pm IST

ശ്രീനാരായണപ്രസ്ഥാനവും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തമ്മിലുള്ള സംഘര്‍ഷത്തിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആരംഭംമുതലുള്ള ചരിത്രമുണ്ട്. 1988ല്‍ ശ്രീനാരാണയഗുരു അരുവിപ്പുറത്ത് ശിവലിംഗ പ്രതിഷ്ഠ നടത്തി തുടക്കംകുറിച്ച കേരളത്തിന്റെ സാമൂഹിക നവോത്ഥാന വിപ്ലവം 1903ല്‍ എസ്എന്‍ഡിപി യോഗത്തിന്റെ രൂപീകരണത്തോടെ സംഘടിത രൂപം കൈകാണ്ടു. ഡോ. പല്‍പു, മഹാകവി കുമാരനാശാന്‍, ടി.കെ. മാധവന്‍ തുടങ്ങിയ നേതാക്കളുടെ ശ്രമഫലമായി രണ്ടു പതിറ്റാണ്ടുകൊണ്ട് തന്നെ കേരളത്തിന്റെ മുഖച്ഛായ മാറ്റിയ പ്രസ്ഥാനമായി എസ്എന്‍ഡിപി യോഗം മാറി. എസ്എന്‍ഡിപി യോഗത്തിന്റെ രൂപീകരണത്തിനുശേഷം രൂപംകൊണ്ട സാധുജന പരിപാലനയോഗം, എന്‍എസ്എസ്, യോഗക്ഷേമസഭ തുടങ്ങിയ പ്രസ്ഥാനങ്ങളെല്ലാം ഒന്നായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് കേരളീയനവോത്ഥാനം . വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹ സമരങ്ങളില്‍ ഈ സാമൂഹിക ഐക്യം പ്രകടമായിരുന്നു. എന്നാല്‍ 1931 ല്‍ തിരുവിതാംകൂറിലെ നിവര്‍ത്തന പ്രക്ഷോഭത്തെതുടര്‍ന്ന് എസ്എന്‍ഡിപി - എന്‍എസ്എസ് ഐക്യം നഷ്ടമായി. 1930കള്‍ ആരംഭിക്കുമ്പോള്‍തന്നെ നവോത്ഥാനത്തിന്റെ ദാര്‍ശനിക ഭൂമിക തെളിച്ച ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും നായകത്വം നല്‍കിയ കുമാരനാശന്‍, ടി.കെ. മാധവന്‍ തുടങ്ങിയവരും ഇഹലോകവാസം വെടിഞ്ഞിരുന്നു.സാമുദായിക പിന്തുണയുണ്ടായിരുന്നെങ്കിലും നവോത്ഥാന പ്രസ്ഥാനങ്ങളായിരുന്നു ഇന്നുകാണുന്ന സമുദായ സംഘടനകള്‍. ഈ കാലഘട്ടത്തിലാണ് കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലം രൂപപ്പെടുന്നത്. 1930കളില്‍ ഒരു ഭാഗത്ത് രാഷ്ട്രീയ പാര്‍ട്ടികളും മറുഭാഗത്ത് സമുദായ സംഘടനകളുമായി കേരള പൊതുമണ്ഡലം മാറി. മലബാറില്‍ കോണ്‍ഗ്രസും മുസ്ലിംലീഗും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും തിരുവിതാംകൂറില്‍ സ്റ്റേറ്റ് കോണ്‍ഗ്രസും കൊച്ചിയില്‍ പ്രജാമണ്ഡലവുമാണ് ശ്രദ്ധേയമായത്. മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തുടക്കം മുതല്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ സമീപനം സ്വീകരിച്ചു. അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റുപാര്‍ട്ടി ലക്ഷ്യമിട്ടത് ഹിന്ദു സമൂഹത്തേയും, വിശേഷിച്ച് ഭൂരിപക്ഷം വരുന്ന അവശ-പിന്നോക്ക വിഭാഗങ്ങളെയുമാണ്. എസ്എന്‍ഡിപി യോഗത്തിന്റെ രണ്ടാം തലമുറയിലെ പ്രമുഖ നേതാക്കളായ സി.കേശവന്‍ (തിരുവിതാംകൂര്‍) സഹോദരന്‍ അയ്യപ്പന്‍ (കൊച്ചി), സി.കൃഷ്ണന്‍ (മലബാര്‍), കെ.സി.കുട്ടന്‍ (ആലപ്പുഴ) തുടങ്ങിയവര്‍ ഹിന്ദുമതാഭിമുഖ്യം ഇല്ലാത്ത പരിഷ്‌ക്കരണവാദികളായിരുന്നു. സഹോദരന്‍ അയ്യപ്പന്‍ റഷ്യന്‍ വിപ്ലവത്തിന്റെ ആരാധകനുമായിരുന്നു . ഇവര്‍ ഉയര്‍ത്തിവിട്ട ആശയങ്ങള്‍ രാഷ്ട്രീയസ്വാതന്ത്ര്യത്തിനും സാമ്പത്തിക സമത്വത്തിനും ഊന്നല്‍ നല്‍കുന്നവയായിരുന്നു. മാത്രമല്ല ഇതിനിടയില്‍ അയിത്തം മുഖമുദ്രയാക്കിയ സാമൂഹിക വ്യവസ്ഥയെ തകര്‍ക്കാന്‍ ഈഴവര്‍ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതത്തില്‍ ചേരാനുള്ള നിര്‍ദ്ദേശം ഒരു വിഭാഗം ഉയര്‍ത്തി. സി.വി. കുഞ്ഞുരാമന്‍, സഹോദരന്‍ അയ്യപ്പന്‍, സി. കൃഷ്ണന്‍ തുടങ്ങിയവര്‍ ബുദ്ധമതത്തിന്റെ വക്താക്കളായി. സി.കേശവന്‍ നിരീശ്വരവാദിയുമായിരുന്നു. 1933ല്‍ ചേര്‍ത്തലയില്‍ ഈഴവ യുവജനസംഘം രൂപംകൊണ്ടു. ഈഴവര്‍ ഹിന്ദുക്കളല്ല എന്ന് പ്രഖ്യാപിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായി. യുവജനസംഘത്തിന്റെ പ്രവര്‍ത്തനം പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ആലപ്പുഴയില്‍ വളരാനുള്ള സാഹചര്യവും ഒരുക്കിക്കൊടുത്തു. ഇതിനിടയില്‍ 1935ല്‍ പൗരസമത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് സി. കേശവന്‍ ജയിലിലായി. എസ്എന്‍ഡിപി യോഗ നേതൃത്വം ഈ കാലയളവില്‍ പൂര്‍ണ്ണമായും രാഷ്ട്രീയ ആഭിമുഖ്യം പുലര്‍ത്തുന്ന സംഘടനയായി മാറി. 1936ല്‍ തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപിച്ചതോടെ സാമൂഹ്യനവോത്ഥാനത്തിന്റെ ഒന്നാമത്തെ ലക്ഷ്യം നേടി. സ്വാഭാവികമായും സാമ്പത്തിക, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടിവന്നു. 1938 തിരുവിതാംകൂര്‍ സ്റ്റേറ്റ്‌കോണ്‍ഗ്രസും 1939ല്‍ മലബാറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും നിലവില്‍വന്നതോടെ രംഗം മാറി. സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയലാഭം മാത്രം നോക്കി മുന്നേറിയപ്പോള്‍ സാമൂഹ്യ വിപ്ലവം എന്ന അനാഥമായ മുദ്രാവാക്യം കമ്മ്യൂണിസ്റ്റു പ്രസ്ഥാനം ഏറ്റെടുത്തു. കമ്മ്യൂണിസ്റ്റുകാര്‍ ഉയര്‍ത്തിയ സാമൂഹിക മോചനത്തിന്റെയും സമത്വത്തിന്റെയും മുദ്രാവാക്യങ്ങള്‍, റഷ്യന്‍ വിപ്ലവ വിജയത്തിന്റെ പ്രചാരണം ഇവ അനുകൂല അന്തരീക്ഷം ഒരുക്കി. സി.കേശവന്‍, സഹോദരന്‍ അയ്യപ്പന്‍, സി.കൃഷ്ണന്‍, കെ.സി.കുട്ടന്‍, സി.വി.കുഞ്ഞുരാമന്‍ തുടങ്ങിയ ഭൗതികവാദത്തിന്റെ വക്താക്കളായ എസ്എന്‍ഡിപി യോഗ നേതാക്കളാണ് അറിയാതെയാണെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അവസരമൊരുക്കികൊടുത്തത്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച ഭൂമിയില്‍ വിത്ത് വിതച്ച് കൊയ്യുകയായിരുന്നു കമമ്യൂണിസ്റ്റ് പാര്‍ട്ടി. മാത്രമല്ല ഈ കാലയളവില്‍ ശ്രീനാരായണഗുരുധര്‍മ്മപ്രചാരണത്തില്‍നിന്നും വഴിമാറി കേവലം രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങളില്‍ എസ്എന്‍ഡിപി നേതൃത്വം ഒതുങ്ങി. 1930കളുടെ അവസാനമാകുമ്പോള്‍ എസ്എന്‍ഡിപി യോഗ നേതൃത്വം ഏറെ ദുര്‍ബലമാകുന്ന കാഴചയാണ് നാം കാണുന്നത്.1944ല്‍ ആര്‍.ശങ്കര്‍ ജനറല്‍ സെക്രട്ടറിയാകുന്നതുവരെ എസ്എന്‍ഡിപി യോഗത്തിന്റെ ഈ ദുര്‍ബലാവസ്ഥ തുടര്‍ന്നുവന്നു. ആര്‍.ശങ്കര്‍ എസ്എന്‍ഡിപി യോഗ നേതൃത്വം ഏറ്റെടുക്കുന്നതിനുമുമ്പ് തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശക്തമായ സ്വാധീനം ഈഴവ സമുദായത്തില്‍, വിശേഷിച്ച് മലബാര്‍ മേഖലയില്‍ ഉണ്ടാക്കിയിരുന്നു. മാപ്പിളകലാപത്തെതുടര്‍ന്ന് മലബാറില്‍ കോണ്‍ഗ്രസ് അശക്തവുമായിരുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുടക്കത്തില്‍ പൂര്‍ണ്ണമായും ഹിന്ദുക്കളുടെ പാര്‍ട്ടിയായാണ് രംഗത്തുവരുന്നത്. മലബാറില്‍ അറിയപ്പെടുന്ന ഒരു മുസ്ലിം മുഖവും കമ്മ്യൂണിസ്റ്റു നേതാക്കളില്‍ ആദ്യ രണ്ടുപതിറ്റാണ്ടില്‍ ഉണ്ടായിരുന്നില്ല. മലബാറില്‍ ഇന്നും പലയിടത്തും മുസ്ലിം വിരുദ്ധ മനോഭാവം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയംഗങ്ങളില്‍ കാണാം. നാദാപുരം പോലുള്ള മേഖലകള്‍ എടുത്തുപറയേണ്ടതുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ ഹിന്ദുമുഖംഅടിസ്ഥാന ഹിന്ദുവിഭാഗങ്ങളെ അതിലേക്ക് നയിച്ചു. ഈ കമ്മ്യൂണിസ്റ്റ് ഹിന്ദു മനസ്സ് പില്‍കാലത്ത്സംഘപരിവാറിലേക്ക് ആകര്‍ഷിക്കുന്നത് തടയാനാണ് 1980കള്‍ മുതല്‍ സിപിഎം അക്രമരാഷ്ട്രീയം മുഖമുദ്രയാക്കുന്നത്. അടവുനയങ്ങള്‍കൊണ്ട് കേരള നവോത്ഥന പ്രക്രിയയെ അട്ടിമറിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം കൂടുതല്‍ ചര്‍ച്ചാവിഷയമാക്കേണ്ടതാണ്.കേരളത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലത്തില്‍ ബഹുമുഖപ്രതിഭ തെളിയിച്ച വ്യക്തിത്വമാണ് ആര്‍. ശങ്കറിന്റേത്. എസ്എന്‍ഡിപി യോഗത്തിലൂടെ പൊതുരംഗത്തുവന്ന് കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവായി ഉയര്‍ന്ന് സംസ്ഥാന ഉപമുഖ്യമന്ത്രിയും മുഖ്യമന്ത്രിയുമായി ശോഭിച്ച ആര്‍.ശങ്കര്‍ വിദ്യാഭ്യാസരംഗത്തു നടത്തിയ സംഭാവനയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് കാണിച്ച വിട്ടുവീഴ്ചയില്ലാത്ത സമീപനവും എടുത്തുപറയേണ്ടതാണ്. ഹിന്ദുസമൂഹത്തിന്റെ ഐക്യത്തിനും ഹിന്ദു ഏകീകരണത്തിനുമായി നടത്തിയ ശ്രമങ്ങളും വിലയിരുത്തപ്പെടേണ്ടതാണ്. സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ ശങ്കറിന്റെ ഇടപെടലുകള്‍ അര്‍ഹിക്കുന്ന തരത്തില്‍ അവലോകനം ചെയ്യപ്പെടാതെ പോയതും ചില ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ ബോധപൂര്‍വ്വമായ ശ്രമംകൊണ്ടായിരുന്നു. കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തോടു വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ശങ്കര്‍ സ്വീകരിച്ചത്. കേരളത്തിന്റെ രാഷ്ട്രീയരംഗം കൂടാതെ ബൗദ്ധിക സാംസ്‌കാരികമണ്ഡലവും ഇടതുപക്ഷ മേല്‍ക്കോയ്മയില്‍ അമര്‍ന്ന വേളയിലാണ് ശങ്കര്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ പടനയിച്ചത്. വര്‍ഗീയ ശക്തികള്‍ക്ക് മേല്‍ക്കോയ്മയുണ്ടായിരുന്ന വിമോചനസമരത്തെ ശങ്കറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പിന്തുണച്ചത് സ്റ്റാലിനിസത്തെ തളയ്ക്കാന്‍ ഒരു അടവുനയം എന്ന നിലയിലായിരുന്നു. നെഹ്‌റുവിന്റെ എതിര്‍പ്പുണ്ടായിട്ടും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കു താത്പര്യമില്ലാതിരുന്നിട്ടും ആദ്യത്തെ കമ്മ്യൂണിസ്റ്റു സര്‍ക്കാരിനെ താഴെയിലക്കാന്‍ ശങ്കര്‍ ശ്രമിച്ചത് ജനാധിപത്യ പ്രസ്ഥാനങ്ങളെ സംരക്ഷിക്കാനായിരുന്നു. ശങ്കറിന്റെ ശ്രമമില്ലാതിരുന്നെങ്കില്‍ പില്‍ക്കാലത്ത് ബംഗാളില്‍ ഉണ്ടായതുപോലെ ജനാധിപത്യത്തിന്റെ പിന്‍ബലത്തില്‍ സ്റ്റാലിനിസ്റ്റുപാര്‍ട്ടി കേരളമടക്കി വാഴുമായിരുന്നു. ഭാരത ഭരണഘടനയോടു കൂറില്ലാത്ത, ഭാരതത്തിന്റെ അഖണ്ഡതയില്‍ വിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റു ഭരണകൂടത്തെയാണ് വിമോചനസമരത്തിലൂടെ ശങ്കര്‍ നേരിട്ടത്. 1962-ല്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയില്‍ ഒരു വിഭാഗം ചൈന അനുകൂല നിലപാടെടുത്തത് ശങ്കറിന്റെ നിലപാട് ശരിവയ്ക്കുന്നു. ഈ രാജ്യദ്രോഹസമീപനമാണ് ശങ്കര്‍ നേരത്തെ തിരിച്ചറിഞ്ഞത്. 1957ല്‍ ഒറ്റയ്ക്ക് അധികാരത്തില്‍വന്ന കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്ക് പിന്നീട് ഒരിക്കലും ജാതി-മതശക്തികളെ കൂടെ നിര്‍ത്താതെ അധികാരം ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്. കമ്മ്യൂണിസ്റ്റ് മുഖം വെടിഞ്ഞ് ഇടതു-ജനാധിപത്യത്തിന്റെ ലേബല്‍ സ്വീകരിക്കാന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ തയ്യാറായത് വിമോചനസമരത്തിന്റെ സ്വാധീനംകൊണ്ടാണ്. ഇതു ശങ്കറിന്റെ വിജയമാണ്. ശങ്കറിനെക്കുറിച്ചുള്ള പഠനങ്ങളും ചര്‍ച്ചകളും ശങ്കറിന്റെ ജന്മശതാബ്ദിവര്‍ഷത്തില്‍പോലും കാര്യമായി നടന്നില്ല. ഇടതുപക്ഷാഭിമുഖ്യമുള്ള കേരളത്തിലെ സാംസ്‌കാരിക-ബൗദ്ധികമണ്ഡലം ശങ്കറിന്റെ സ്മരണയെ ഭയക്കുന്നു. കാരണം ശങ്കര്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളെ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പഠിച്ചതിനുശേഷമാണ് എതിര്‍ത്തത്. അടിസ്ഥാന ജനവിഭാഗത്തിന്റെ ഉന്നമനത്തിനു വിപ്ലവ-രാഷ്ട്രീയ ശൈലി സഹായകമാകില്ല എന്നു ശങ്കര്‍ തിരിച്ചറിഞ്ഞു. ശങ്കറിന്റെ മുന്നറിയിപ്പ് സ്വീകരിക്കാത്തതുകൊണ്ടാണ് പുന്നപ്ര-വയലാറില്‍ പാവപ്പെട്ട ഈഴവ ജനവിഭാഗങ്ങളില്‍പ്പെട്ട തൊഴിലാളികള്‍ ബലിയാടാക്കപ്പെട്ടത്. അറിയപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റുനേതാവിനുപോലും പരിക്കുപറ്റാത്ത ഈ സമരത്തില്‍ നൂറുകണക്കിന് ഈഴവ-പിന്നാക്ക വിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ കൊല്ലപ്പെടുകയായിരുന്നു. കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും പിന്നാക്ക ജനവിഭാഗങ്ങളുടെ പുരോഗതിക്കു ഗുണകരമാവില്ല എന്ന നിലപാട് ശങ്കറിനുണ്ടായിരുന്നു. 1930കളില്‍ കേവലം സമരസംഘടനയായി അധപതിച്ച എസ്എന്‍ഡിപി യോഗത്തിനും ഈഴവസമുദായത്തിനും ആത്മാഭിമാനം പകര്‍ന്ന് സ്വാശ്രയബോധം ഉണര്‍ത്തി, സമഗ്ര പുരോഗതി ലക്ഷ്യമാക്കിയുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ചത് ശങ്കറിന്റെ നേതൃത്വമാണ്. കുമാരനാശാന്റെയും ടി.കെ. മാധവന്റെയും അകാലനിര്യാണം എസ്എന്‍ഡിപി യോഗത്തിന് വന്‍ നഷ്ടമുണ്ടാക്കി. വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹങ്ങള്‍ ഉയര്‍ത്തിയ ഹിന്ദു സാഹോദര്യം ദുര്‍ബ്ബലമായി. മുകളില്‍ സുചിപ്പിച്ചതുപോലെ ഹിന്ദുമതത്തില്‍നിന്നും ഈഴവ സമുദായം പുറത്തുപോകണമെന്ന് മിതവാദി കൃഷ്ണനെപ്പോലുള്ളവരുടെ വാദവും സഹോദരന്‍ അയ്യപ്പന്റെയും സി.കേശവന്റെയും വിപ്ലവാശയങ്ങളും ഈഴവസമൂഹത്തില്‍ ശക്തമായ ചലനങ്ങള്‍ ഉണ്ടാക്കി. നിരീശ്വരവാദത്തെയും യുക്തിവാദത്തെയും അവര്‍ ശക്തിപ്പെടുത്തി. റഷ്യന്‍ വിപ്ലവത്തിന്റെ ആരാധകരായിരുന്നു സഹോദരന്‍ അയ്യപ്പനും സി.കേശവനും. അങ്ങനെ ശ്രീനാരായണഗുരു വിഭാവന ചെയ്ത സാമൂഹ്യ വിപ്ലവത്തിന്റെയും സാമൂഹിക സമന്വയത്തിന്റെയും പാതകളില്‍നിന്നും ഈഴവസമുദായത്തിലെ ഒരു വിഭാഗത്തെ രാഷ്ട്രീയവിപ്ലവത്തിന്റെ വക്താക്കളാക്കാന്‍ എസ്എന്‍ഡിപി യോഗത്തിന്റെ പുതിയ നേതൃത്വത്തിന് കഴിഞ്ഞു. മാത്രമല്ല, തിരുവിതാംകൂറിലെ നിവര്‍ത്തനസമരം (1931) വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹം ഉയര്‍ത്തിവിട്ട ഹിന്ദുസാഹോദര്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണവുമായി. എന്‍എസ്എസ്-എസ്എന്‍ഡിപി നേതൃത്വം രണ്ട് ചേരിയിലായി നിലയുറപ്പിച്ചു. സാമൂഹിക നവോത്ഥാനത്തിന്റെ പന്ഥാവ് വിട്ട്, രാഷ്ട്രീയ സ്വപ്‌നങ്ങള്‍ താലോലിക്കാന്‍ സമുദായ സംഘടനകള്‍ തുടങ്ങുന്നത് നിവര്‍ത്തനസമരത്തിലൂടെയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രംഗത്തുവരുന്നതിനു മുന്‍പുതന്നെ സോവിയറ്റ് യൂണിയനിലെ മാറ്റങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതില്‍ സഹോദരന്‍ അയ്യപ്പനെപ്പോലുള്ളവര്‍ വലിയ പങ്കുവഹിച്ചിരുന്നു. 1940കളോടെ സമുദായ സംഘടനകളെ പിടിച്ചെടുക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തി. എസ്എന്‍ഡിപി യോഗത്തെ പിടിച്ചെടുക്കുക എന്ന ആശയത്തിന് പ്രകടമായ രൂപം നല്‍കിയത് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ യുവചൈതന്യമായ കമ്മ്യൂണിസ്റ്റ് വിഭാഗമായിരുന്നു. എല്ലാ ബഹുജന സംഘടനകളിലും പുരോഗമനവാദികളും കമമ്യൂണിസ്റ്റുകാരും കടന്നുകൂടുക എന്നതായിരുന്നു കമ്മ്യൂണിസ്റ്റുകാരുടെ കാഴ്ചപ്പാട്. അത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ അടവുനയത്തിന്റെ കാലഘട്ടമായിരുന്നു. (ദേശീയ സ്വാതന്ത്ര്യ സമരത്തെയും ക്വിറ്റ് ഇന്ത്യാ സമരത്തെയും തള്ളിപ്പറഞ്ഞ ബ്രിട്ടീഷ് അനുകൂല നിലപാടെടുത്ത കാലഘട്ടവുമായിരുന്നു അത്). ആയിടയ്ക്ക് ഇ.എം.എസ്. നമ്പൂതിരിപ്പാടിനെപ്പോലെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ സമുദായ സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ഇഎംഎസ് നമ്പൂതിരി യോഗക്ഷേമസഭയുടെ അദ്ധ്യക്ഷനായി. ഈഴവരായ കമ്മ്യൂണിസ്റ്റ് നേതാക്കളും പ്രവര്‍ത്തകരും എസ്എന്‍ഡിപി യോഗകാര്യങ്ങളില്‍ സജീവമായി. ആര്‍. സുഗതന്‍, സി.ജി.സദാശിവന്‍, സി.കെ. വേലായുധന്‍ മുതലായവര്‍ തിരുവിതാംകൂര്‍ എസ്എന്‍ഡിപി യോഗത്തിലും, പി.ഗംഗാധരന്‍, ടി.കെ. രാമകൃഷ്ണന്‍ എന്നിവര്‍ തിരുകൊച്ചി എസ്എന്‍ഡിപി യോഗത്തിലും സ്ഥാനങ്ങള്‍ വഹിച്ച കമ്മ്യൂണിസ്റ്റുകാരാണ്. സഹോദരന്‍ അയ്യപ്പന്‍ 1945ല്‍ കൊച്ചിയില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ അവകാശപ്രഖ്യാപന റാലിയുടെയും സമ്മേളനത്തിന്റെയും നടത്തിപ്പില്‍ പി.ഗംഗാധരനും ടി.കെ.രാമകൃഷ്ണനും നിര്‍ണ്ണായക പങ്കുവഹിച്ചു (ആര്‍. ശങ്കറിന്റെ ജീവചരിത്രം” എം.കെ. കുമാരന്‍ പേജ്- 176) ഈ പശ്ചാത്തലത്തിലാണ് 1944ല്‍ ആര്‍.ശങ്കര്‍ എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയാകുന്നത്. സംഘടനയ്ക്ക് പുതിയ ഊര്‍ജ്ജവും കരുത്തും പകരുന്നതിനും ബഹുജന അടിത്തറ വിപുലപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളാണ് ശങ്കര്‍ ആദ്യം ചെയ്തത്. ' എന്‍എസ്സ് ഉള്‍പ്പെടെ മറ്റ് പ്രസ്ഥാനങ്ങളുമായി അടുക്കുന്നതിനുള്ള ശ്രമവും ശങ്കറിന്റെ ഭാഗത്തുനിന്നുണ്ടായി. കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലം പുതിയ രൂപവും ഭാവവും കൈവരിക്കുന്നത് 1940കളിലാണ്. കോണ്‍ഗ്രസ് ദുര്‍ബലമാവുകയും പിന്നോക്കജനവിഭാഗങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വേരുറയ്ക്കുന്നതും ഈ കാലഘട്ടത്തിലാണ്. ക്വിറ്റിന്ത്യാ സമരത്തെതുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം പൂര്‍ണ്ണമായും ജയിലിലാവുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബ്രീട്ടീഷ് സര്‍ക്കാരിന്റെ സഹായം ലഭിക്കുകയും അതിലൂടെ പ്രവര്‍ത്തനസ്വാതന്ത്ര്യം ലഭിച്ചതും കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ശക്തി പകര്‍ന്നു. ഈ കാലഘട്ടത്തിലാണ് 'ദേശാഭിമാനി' ആരംഭിച്ച് മാധ്യമരംഗത്ത് കടന്നുവന്നത്. ക്വിറ്റിന്ത്യാ സമര വിരുദ്ധ മുദ്രാവാക്യങ്ങളും ജപ്പാന്‍ വിരുദ്ധ വികാരവും ഇളക്കിവിട്ട് സര്‍ക്കാരിന്റെ ഒത്താശ്ശയോടെ വിവിധ പ്രചാരണ മാധ്യമങ്ങള്‍ ഉപയോഗിച്ച് 1941-45 കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വന്‍ ശക്തിയായി. 1945ല്‍ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടെ കമ്മ്യൂണിസ്റ്റ് പ്രചാരണയുദ്ധവും അവസാനിച്ചു. പില്‍ക്കാലത്ത് ഉണ്ടാകാനിടയുള്ള തിരിച്ചടി ഭയന്നാണ് സര്‍ സി.പി വിരുദ്ധ സമരവും പുന്നപ്ര-വയലാര്‍ സമരവും രൂപംകൊണ്ടത്. (നാളെ: ആര്‍.ശങ്കറും പുന്നപ്ര-വയലാര്‍ സമരവും)  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.