എസ്എന്‍ഡിപിയെ ഒറ്റപ്പെടുത്തി അക്രമിക്കാന്‍ അനുവദിക്കില്ല: എം.ടി. രമേശ്

Saturday 17 October 2015 9:36 pm IST

ചേര്‍ത്തല: എസ്എന്‍ഡിപിക്കും യോഗനേതൃത്വത്തിനുമെതിരെ ഇരു മുന്നണികളും നടത്തുന്ന ആക്രമണങ്ങള്‍ കയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ്. ബിജെപി-എസ്എന്‍ഡിപി സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിനു നേരെ വരുന്ന ഭീഷണികളെ ഒറ്റക്കെട്ടായി നേരിടുവാന്‍ നമ്മള്‍ തയ്യാറാകണം. എസ്എന്‍ഡിപി- ബിജെപി സഖ്യം വിജയിക്കില്ലെന്നാവര്‍ത്തിച്ചു പറയുമ്പോഴും കേരളത്തിലെ ഇരുമുന്നണികളും ഈ കൂട്ടുകെട്ടിനെ ഭയക്കുന്നത് എന്തിനാണ്. സഖ്യം ആരംഭിച്ചപ്പോള്‍ തന്നെ ഭയപ്പെടുന്നുവെങ്കില്‍ സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നുവെന്ന തിരിച്ചറിവ് ഇരു പാര്‍ട്ടികള്‍ക്കും ഉണ്ടായിരിക്കുന്നു. രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആക്രമിക്കുവാനാണ് കമ്യൂണിസ്റ്റും കോണ്‍ഗ്രസും ശ്രമിക്കുന്നത്. ഗര്‍ഭാശയത്തിലിരിക്കുന്ന കുട്ടിയെ ഞെരിച്ചു കൊല്ലുവാനൊരുങ്ങുന്ന അഭിനവ കംസന്‍മാര്‍ക്കുള്ള മറുപടിയാകണം തെരഞ്ഞെടുപ്പിലൂടെ നല്‍കേണ്ടത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനസമൂഹത്തെ രാഷ്ട്രീയമായി കൈപിടിച്ചുയര്‍ത്തുവാന്‍ എസ്എന്‍ഡിപി നടത്തുന്ന നീക്കത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി യോഗം ചേര്‍ത്തല യൂണിയന്‍ കണ്‍വീനര്‍ കെ.കെ. മഹേശന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി പി.ടി. മന്മഥന്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ തെരഞ്ഞെടുപ്പ് സന്ദേശം നല്‍കി. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് എല്‍. പത്മകുമാര്‍, ജില്ലാ കാര്യവാഹ് എസ്. ജയകൃഷ്ണന്‍, അഡ്വ. പി.കെ. ബിനോയ്, അരുണ്‍ കെ. പണിക്കര്‍, അഡ്വ. അജിത്, പിഎസ്എന്‍ ബാബു, കെ.കെ. പുരുഷോത്തമന്‍, പി. ജയകുമാര്‍, നിഷീദ് തറയില്‍, വിജീഷ് നെടുമ്പ്രക്കാട്, പി.കെ. രാജു എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.