ഇടതിന് തലവേദനയായി ആലപ്പുഴയില്‍ വിമതര്‍

Saturday 17 October 2015 9:40 pm IST

ആലപ്പുഴ: നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാടെ തളളിക്കളഞ്ഞ് സി പി എമ്മിന്റേയും സി പിഐയുടേയും സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിമതര്‍ മത്സരരംഗത്ത് തുടരുന്നത് നേതൃത്വങ്ങള്‍ക്ക് തിരിച്ചടിയായി. ആലപ്പുഴ നഗരസഭയിലെ ലജനത്ത് വാര്‍ഡില്‍ നിന്നും മത്സരിക്കുന്ന സി പിഎം സ്ഥാനാര്‍ത്ഥി സോഫിയാമോള്‍ക്കെതിരെ പാര്‍ട്ടി അംഗവും സിഡിഎസ് ചെയര്‍പേഴ്‌സനുമായ റഹ്മത്ത് മത്സരിക്കുന്നു. നഗരസഭയിലെ തന്നെ സനാതനപുരം, തോണ്ടന്‍കുളങ്ങര എന്നിവിടങ്ങളില്‍ എല്‍ഡിഎഫിനെതിരെ ഗൗരിയമ്മയുടെ ജെഎസ്എസും മത്സരരംഗത്തുണ്ട്. ആലപ്പുഴ മംഗലം വാര്‍ഡില്‍ നിന്നും മത്സരിക്കുന്ന സിപിഐയിലെ ആര്‍ സുരേഷിനെതിരെ ഇതേ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മുന്‍ നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായിരുന്ന എ. പി. മോഹനന്‍ പോരാട്ടപാതയില്‍ തുടരുന്നു. ഉന്നത നേതാക്കള്‍ ഇടപെട്ടിട്ടും പത്രിക പിന്‍വലിച്ചില്ല. വയലാറില്‍ മിക്ക വാര്‍ഡുകളിലും സ പിഎമ്മിന് വിമതരുണ്ട്. തൈക്കാട്ടുശ്ശേരി ബ്ലോക്കിലെ പല്ലുവേലി ഡിവിഷനില്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് റിബലായി അന്തരിച്ച സിപിഐ നേതാവിന്റെ മകള്‍ മത്സരരംഗത്തു നിലയുറപ്പിച്ചിട്ടുണ്ട്. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 15-ാം വാര്‍ഡില്‍ നിലവിലെ അരീപ്പറമ്പ് എല്‍സി സെക്രട്ടറി ബി. സലിമിനെതിരെ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്ന നിലയില്‍ ദീര്‍ഘകാലം പാര്‍ട്ടി ചുമതല വഹിച്ചിട്ടുള്ള കെ.പി. അശോകന്‍ സ്വതന്ത്രനായി മത്സരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.