ചേര്‍ത്തലയില്‍എല്‍സി സെക്രട്ടറിക്കെതിരെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ്

Saturday 17 October 2015 9:40 pm IST

ചേര്‍ത്തല: ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ സിപിഎമ്മില്‍ വീണ്ടും പൊട്ടിത്തെറി, പാര്‍ട്ടിയിലെ ഒരു വിഭാഗം നേതൃത്വത്തിന് പരാതി നല്‍കി. എല്‍സി സെക്രട്ടറിക്കെതിരെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മത്സരത്തിന് കച്ചമുറുക്കിയത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 15-ാം വാര്‍ഡിലാണ് നിലവിലെ അരീപ്പറമ്പ് എല്‍സി സെക്രട്ടറി ബി. സലിമിനെതിരെ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്നീ നിലയില്‍ ദീര്‍ഘകാലം പാര്‍ട്ടി ചുമതല വഹിച്ചിട്ടുള്ള കെ.പി. അശോകന്‍ സ്വതന്ത്രനായി മത്സരിക്കുന്നത്. കോണ്‍ഗ്രസിലെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പിന്‍വാങ്ങിയതോടെ വാര്‍ഡില്‍ പോരാട്ടം കടുക്കുമെന്ന് ഉറപ്പായി. ബിജെപി-എസ്എന്‍ഡിപി സഖ്യ സ്ഥാനാര്‍ത്ഥിയായി കനകമ്മ രണദേവനും മത്സരരംഗത്തുണ്ട്. നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.എസ്. ജഗദംബ വിജയിച്ച വാര്‍ഡാണ് ഇത്. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ ആര്‍. ബെന്‍സിലാല്‍ നേതൃത്വത്തിന്റെ ഏകാധിപത്യ നടപടിയില്‍ പ്രതിഷേധിച്ച് ബ്ലോക്ക് പഞ്ചായത്ത് തിരുവിഴ ഡിവിഷനില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്. ഇതിനിടെ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയതും, മുന്‍ ലോക്കല്‍ സെക്രട്ടറിയും കമ്മിറ്റി അംഗവും വിമതരായതും പാര്‍ട്ടി പ്രാദേശിക ഘടകത്തിന്റെ വീഴ്ച മൂലമാണെന്നും നേതൃത്വത്തെ എതിര്‍ക്കുന്നവരെ സ്ഥാനാമാനങ്ങളില്‍ നിന്ന് ഒഴിവാക്കി അടിച്ചമര്‍ത്തുന്ന രീതിയാണ് നേതൃത്വം സ്വീകരിക്കുന്നതെന്നുമാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം കുറ്റപ്പെടുത്തുന്നത്. വിഭാഗീയത ഒഴിവാക്കി പാര്‍ട്ടിയിലെ എല്ലാവരെയും ഉള്‍പ്പെടുത്തി സീറ്റു വിഭജനം പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് എംഎല്‍എയുടെ സാന്നിദ്ധ്യത്തില്‍ കൂടിയ യോഗത്തില്‍ ധാരണയെടുത്തിരുന്നു. ഇതിനു വിപരീതമായാണ് പ്രാദേശിക ഘടകങ്ങള്‍ പ്രവര്‍ത്തിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.