ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഡൈനാമോസിനെതിരെ

Saturday 17 October 2015 9:52 pm IST

കൊച്ചി: കൊമ്പന്മാര്‍ക്ക് ഇന്ന് വീണ്ടും ഹോം മത്സരം. എതിരാളികള്‍ 'ബുള്ളറ്റ് മാനും സംഘവും. രാത്രി ഏഴിന് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ റോബര്‍ട്ടോ കാര്‍ലോസിന്റെ ദല്‍ഹി ഡയനാമോസിനെ നേരിടുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അതിനു കാരണം കൊല്‍ക്കത്തയില്‍ പെലെയുടെ സാന്നിധ്യത്തില്‍ കരുത്തരായ അത്‌ലറ്റികോയെ മുള്‍മുനയില്‍ നിര്‍ത്തിയതിന്റെ ആത്മവിശ്വാസം. എന്നാല്‍, മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റതിന്റെ ചെറിയ ക്ഷീണമുണ്ടാകും ബ്ലാസ്റ്റേഴ്‌സിന്. തുടക്കത്തില്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞതാണ് അന്ന് കൊമ്പന്മാര്‍ക്ക് തിരിച്ചടിയായത്. അതേസമയം, പ്രതിരോധം വേണ്ടത്ര വിജയിച്ചുമില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ വിക്ടര്‍ ഹെരേരയും 70ാം മിനിറ്റില്‍ മലയാളി താരം സി.കെ. വിനീതും കളത്തിലെത്തിയതോടെയാണ് ആക്രമണങ്ങള്‍ക്ക് ലക്ഷ്യബോധമുണ്ടായത്. ഇതോടെ മുന്നേറ്റ നിരക്കാര്‍ക്ക് നിരന്തരം പന്തെത്തിയതോടെ കൊല്‍ക്കത്ത പ്രതിരോധം പ്രകമ്പനം കൊണ്ടു. ഇന്ന് ആരാധകര്‍ക്കു മുന്‍പില്‍ വിജയവഴിയില്‍ തിരിച്ചെത്തേണ്ടതുണ്ട് കൊമ്പന്മാര്‍ക്ക്. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ക്യാമ്പിലായിരുന്ന പ്രതിരോധനിരയിലെ ഇന്ത്യന്‍ സൂപ്പര്‍താരം സന്ദേശ് ജിംഗാന്റെയും മധ്യനിരതാരം കാവിന്‍ ലോബോയുടെയും തിരിച്ചുവരവ് ടീമിന് മുതല്‍ക്കൂട്ട്. ഇതോടെ വിനീത് മധ്യനിരയിലാകും ഇറങ്ങുക. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന പോര്‍ച്ചുഗീസ് മാര്‍ക്വീ താരം കാര്‍ലോസ് മര്‍ച്ചേന പകരക്കാരനായെങ്കിലും ഇന്ന് കളത്തിലിറങ്ങാനാണ് സാധ്യതയെന്ന് ക്ലബ് അധികൃതര്‍. എന്നാല്‍, കഴിഞ്ഞ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട് മിഡ്ഫീല്‍ഡര്‍ മെഹ്താബ് ഹുസൈന്റെ സേവനം ലഭിക്കില്ല. ക്രിസ് ഡഗ്‌നലിനൊപ്പം ആദ്യ മത്സരത്തില്‍ ഗോളടിച്ച മലയാളി താരം മുഹമ്മദ് റാഫിയോ സാഞ്ചസ് വാട്ടോയെന്നത് അവസാനമാകും തീരുമാനിക്കുക. മധ്യനിരയില്‍ കളംവാഴാന്‍ ജോസു കുരായിസോ വിക്ടര്‍ ഹേരേരയോ ഉണ്ടാവും. ഇവരില്‍ ഒരാള്‍ പകരക്കാരന്‍. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ശങ്കര്‍ സംപിംഗിരാജിന് പകരം വിനീതും മെഹ്താബ് ഹുസൈന് പകരം കാവിന്‍ ലോബോയും കളത്തിലിറങ്ങിയേക്കും. പകരക്കാരായി ജോവോ കോയിമ്പ്ര, അന്റോണിയോ ജര്‍മ്മന്‍, ഇഷ്ഫഖ് അഹമ്മദ് തുടങ്ങിയവരും. പ്രതിരോധത്തില്‍ സന്ദേശ് ജിംഗാന്റെ സാന്നിധ്യം തന്നെയാകും ഏറ്റവും വലിയ പ്രതേ്യകത. ഇടതുവിങ് ബാക്കായി ഇറങ്ങുന്ന ജിംഗാന്‍ അതിവേഗം മുന്നേറാനും തിരിച്ചിറങ്ങി എതിരാളികളെ പ്രതിരോധിക്കുന്നതിലും അസാമാന്യ മികവ് പുലര്‍ത്തുന്ന താരമാണ്. സൗമിക് ഡേക്ക് പകരമാകും ജിംഗാന്‍ എത്തുക. പീറ്റര്‍ റാമേജ് സെന്‍ട്രല്‍ ഡിഫന്ററായും ഇടത്തും വലത്തുമായി ബ്രൂണോ പെറോണും ഗുര്‍വിന്ദര്‍ സിങ്ങും ഇറങ്ങുമ്പോള്‍ രാഹുല്‍ ബെക്കെ റൈറ്റ് വിങ് ബാക്കായും കളത്തിലുണ്ടാകു. സ്റ്റീവന്‍ ബെയ്‌വാട്ടര്‍ തന്നെ ഗോള്‍വലയം കാക്കും. കഴിഞ്ഞ മത്സരങ്ങളിലെപോലെ 5-3-2 ശൈലിയില്‍ തന്നെയാകും പീറ്റര്‍ ടെയ്‌ലര്‍ ടീമിനെ അണിനിരത്തുക. മൂന്ന് മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ ആതിഥേയര്‍ക്ക് നോര്‍ത്ത് ഈസ്റ്റിനെതിരെയുള്ള ജയം മാത്രമെ ക്രെഡിറ്റിലുള്ളു. ഇന്ന് ജയിച്ചാല്‍ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലേക്കു കയറാം ടീമിന്. ആദ്യ കളിയില്‍ എഫ്‌സി ഗോവയോട് തോറ്റ ദല്‍ഹി ഡൈനാമോസ് പിന്നീടുള്ള രണ്ട് മത്സരങ്ങളും ജയിച്ച് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി. ദല്‍ഹിയില്‍ ചെന്നൈയിന്‍ എഫ്‌സിയെയും, പൂനെയില്‍ പൂനെ സിറ്റി എഫ്‌സിയെയും തുരത്തി റോബര്‍ട്ടോ കാര്‍ലോസിന്റെ സംഘം. താരങ്ങളേക്കാള്‍ സൂപ്പര്‍താര പദവിയുള്ള കാര്‍ലോസ് തന്നെ ടീമിന്റെ മുഖ്യ ആകര്‍ഷണം. കളിക്കാരനും കോച്ചുമായാണ് കാര്‍ലോസ് ദല്‍ഹിക്കൊപ്പമുള്ളത്. ആദ്യത്തേതില്‍ പകരക്കാരനായി ഇറങ്ങിയെങ്കിലും അടുത്ത രണ്ടിലും പരിശീലകന്റെ മാത്രം റോളില്‍. ബ്ലാസ്റ്റേഴ്‌സിനെതിരെ പകരക്കാരന്റെ റോളിലെങ്കിലും കളത്തിലിറങ്ങുന്ന കാര്‍ലോസിന്റെ ഫ്രീ കിക്ക് കാണാമെന്ന പ്രതീക്ഷയുണ്ട് കൊച്ചിയിലെ ആരാധകര്‍ക്ക്. കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ നേടിയ ഇന്ത്യന്‍ താരം റോബിന്‍സിങ് ഇന്നും ഫ്‌ളോറന്റ് മലൂദക്കൊപ്പം ആദ്യ ഇലവനില്‍ ഇടംപിടിക്കും. 4-4-2 ശൈലിയില്‍ ഇറങ്ങുന്ന ദല്‍ഹിയുടെ പ്രതിരോധം അതിശക്തം. ജോണ്‍ ആര്‍നെ റീസ് എന്ന നോര്‍വീജിയന്‍ ഇതിഹാസം നയിക്കുന്ന പ്രതിരോധം പിളര്‍ത്തുകയെന്നതാകും ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ വെല്ലുവിളി. റീസിനൊപ്പം ബ്രസീലിയന്‍ താരം ചികാവോ, മലയാളി താരം അനസ്, രാള്‍ട്ടെ തുടങ്ങിയവരും ആദ്യ ഇലവനില്‍ ഇടംപിടിച്ചേക്കും. ഹാന്‍സ് മുള്‍ഡറും ഡോസ് സാന്റോസും ഉള്‍പ്പെടുന്ന മധ്യനിരയും കരുത്തുറ്റത്. ഇവര്‍ക്കൊപ്പം മാമ, കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ നേടിയ റിച്ചാര്‍ഡ് ഗാഡ്‌സെ തുടങ്ങിയവരും ഉള്‍പ്പെടുമ്പോള്‍ മധ്യനിര ഭദ്രം. ഗോള്‍ വലയ്ക്ക് മുന്നില്‍ ടോണി ഡൊബ്‌ലാസായിരിക്കും ഇറങ്ങുക. കഴിഞ്ഞ വര്‍ഷം ഇരുടീമുകളും കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗോള്‍രഹിത സമനില. എന്നാല്‍, ദല്‍ഹിയില്‍ സന്ദര്‍ശകര്‍ 1-0ന് ജയിച്ചു. നിറഞ്ഞു കവിയുന്ന ഗ്യാലറിയാകും കൊമ്പന്മാരുടെ ഏറ്റവും വലിയ ശക്തി. അതിനുതകുന്ന ജയത്തോടെ വിജയം ശീലമാക്കാന്‍ ഒരുങ്ങുന്നു ആതിഥേയര്‍. ദല്‍ഹി ലക്ഷ്യമിടുന്നതാകട്ടെ തുടര്‍ച്ചയായ മൂന്നാം വിജയം. വെല്ലുവിളി നേരിടാന്‍ സജ്ജം: കാര്‍ലോസ് കൊച്ചി: കേരളത്തിനെതിരായ മത്സരം വളരെ കഠിനമെന്നും എന്നാല്‍, വെല്ലുവിളി നേരിടാന്‍ സജ്ജമെന്നും പരിശീലകന്‍ റോബര്‍ട്ടോ കാര്‍ലോസ്. ആര്‍ത്തിരമ്പുന്ന ഗ്യാലറികള്‍ക്കു മുന്നില്‍ ബ്ലാസ്റ്റേഴ്‌സ് ശക്തര്‍. അതേസമയം, സാഹചര്യത്തിനനുസരിച്ച് പൊരുതാന്‍ ടീമിനറിയാമെന്നും കാര്‍ലോസ് പറഞ്ഞു. സാഹചര്യം ആവശ്യപ്പെട്ടാല്‍ കളിക്കാനിറങ്ങുമെന്നും കാര്‍ലോസ് പറഞ്ഞു. കെട്ടുറപ്പു വര്‍ധിച്ചു: ടെയ്‌ലര്‍ കൊച്ചി: ദല്‍ഹിയെ നേരിടാന്‍ ടീം തയാറായെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ പീറ്റര്‍ ടെയ്‌ലര്‍. കൊല്‍ക്കത്തയ്‌ക്കെതിരെ മികച്ച കളി പുറത്തെടുത്തു. നിര്‍ഭാഗ്യം മത്സരം നഷ്ടപ്പെടുത്തി. സമനിലയെങ്കിലും കേരളം അര്‍ഹിച്ചിരുന്നു. സന്ദേശ് ജിംഗാന്‍, കാവിന്‍ ലോബോ എന്നിവര്‍ തിരിച്ചെത്തി. കാര്‍ലോസ് മര്‍ച്ചേന പരിക്കില്‍ നിന്നു മുക്തനായി. ഇതോടെ ടീമിന്റെ കെട്ടുറപ്പു വര്‍ധിച്ചു. ഇന്ന് ആരാക്കെ കളിക്കുമെന്ന കാര്യത്തില്‍ തീരുമാനമാകുന്നതേയുള്ളൂവെന്നും ടെയ്‌ലര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.