പട്ടാപ്പകല്‍ മലയാളികളുടെ ജ്വല്ലറിയില്‍ കവര്‍ച്ച: ഉടമയുടെ ഭാര്യയ്ക്കും ജീവനക്കാരനും വെടിയേറ്റു

Saturday 17 October 2015 9:59 pm IST

ന്യൂദല്‍ഹി: മലയാളികളുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം പട്ടാപ്പകല്‍ കവര്‍ച്ച നടത്തി. കവര്‍ച്ചാ ശ്രമം തടയാന്‍ ശ്രമിച്ച ജ്വല്ലറി ഉടമയുടെ ഭാര്യയ്ക്കും ജീവനക്കാരനും വെടിയേറ്റു. ദല്‍ഹിയിലെ സരായ് ജുലൈനയില്‍ ജ്വല്ലറി നടത്തുന്ന പയ്യന്നൂര്‍ സ്വദേശിയായ പ്രകാശിന്റെ ഭാര്യ പി.വി ശ്രീജ(34), ജ്വല്ലറി ജീവനക്കാരനായ സന്തോഷ് എന്നിവര്‍ക്കാണ് വെടിയേറ്റത്. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. ജ്വല്ലറി ഉടമ പുറത്തുപോയ സമയത്ത് രണ്ട് ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് ജ്വല്ലറിയില്‍ കയറി അതിക്രമം നടത്തിയത്. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കവര്‍ച്ചാസംഘം ജ്വല്ലറിയിലെ സ്വര്‍ണ്ണാഭരണങ്ങള്‍ കൊള്ളയടിച്ചു. ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ സന്തോഷിനെ തോക്കിന് അടിച്ചു വീഴ്ത്തി. തുടര്‍ന്ന് ആഭരണങ്ങളുമായി കടന്നുകളയാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് ശ്രീജയുടെ കാലിന് വെടിവെച്ചത്. വെടിയേറ്റ് കാലിലെ എല്ലുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് ശ്രീജയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ശ്രീജ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പിന്നീട് അറിയിച്ചു. വെടിയൊച്ച കേട്ട് സമീപത്തെ കടകളിലുള്ളവര്‍ വന്നെങ്കിലും അക്രമികളെ പിടികൂടാന്‍ സാധിച്ചില്ല. കവര്‍ച്ചക്കാര്‍ വന്ന ഒരു ബൈക്ക് സ്റ്റാര്‍ട്ടാകാത്തതിനെ തുടര്‍ന്ന് രണ്ടുപേര്‍ ഓടിരക്ഷപ്പെടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൊള്ളക്കാര്‍ ഉപേക്ഷിച്ചത് ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനുള്ള ബൈക്കാണ്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ബൈക്ക് മോഷ്ടിച്ചതാകാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്. ജ്വല്ലറിയില്‍ നിന്നും എത്രപവന്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും പരിശോധിക്കുകയാണെന്നും ജ്വല്ലറിയുടമ പ്രകാശ് പറഞ്ഞു. വിരലടയാള വിദഗ്ധരുള്‍പ്പെടെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.