നാട്ടുകാരെ പരിഭ്രാന്തിയിലാക്കി ഒരു ട്രെയിന്‍ ദുരന്തം:  മോക്ഡ്രില്ലെന്നറിഞ്ഞപ്പോള്‍ ആശ്വാസം

Saturday 17 October 2015 10:01 pm IST

കൊച്ചി: വൈറ്റില മൊബിലിറ്റി ഹബിനടുത്ത് കണിയാമ്പുഴ റെയില്‍വേ പാലത്തില്‍ നിന്ന് ട്രെയിന്‍ ബോഗി വലിയ ശബ്ദത്തോടെ താഴേയ്ക്കു വീണു. ഓടിക്കൂടിയ നാട്ടുകാര്‍ പരിഭ്രാന്തരായി. ട്രെയിന്‍ ദുരന്തമെന്നു കരുതി പലരും പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും ആംബുലന്‍സ് സര്‍വീസുകാരെയും വിവരം അറിയിച്ചു. പിന്നീടാണ് സംഭവം ദേശീയ ദുരന്തനിവാരണ സേന നടത്തിയ മോക്ഡ്രില്‍ ആണെന്ന് വ്യക്തമായത്. നെഞ്ചിടിപ്പോടെ നിന്ന നാട്ടുകാര്‍ ഇതോടെ ആഹ്‌ളാദത്തിലായി. ശനിയാഴ്ച രാവിലെ എട്ടോടെയാണ് മോക്ഡ്രില്‍ തുടങ്ങിയത്. കണിയാമ്പുഴ പാലത്തില്‍ നിന്ന് പഴയ ട്രെയിന്‍ബോഗി റെയില്‍വേയും ദേശീയ ദുരന്ത നിവാരണ സേനയും ചേര്‍ന്നു ക്രെയിന്‍ ഉപയോഗിച്ച് വെള്ളത്തിലേക്ക് ഇടുകയായിരുന്നു. കോച്ച് വെള്ളത്തില്‍ താഴ്ന്നതോടെ 8.45ന് എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ അപായ സൈറന്‍ മുഴങ്ങി. ഉടന്‍ തന്നെ മെഡിക്കല്‍ ടീമുമായി പ്രത്യേക ട്രെയിന്‍ സ്ഥലത്തേക്കു പുറപ്പെട്ടു. റെയില്‍വേ കല്യാണ മണ്ഡപത്തില്‍ ക്യാമ്പു ചെയ്യുകയായിരുന്ന ദുരന്ത നിവാരണസേന റോഡ് മാര്‍ഗം സംഭവസ്ഥലത്ത് എത്തി. റെയില്‍വേ സുരക്ഷാ സേന, കേരള റെയില്‍വേ പോലീസ്, ഫയര്‍ഫോഴ്‌സ് സംഘങ്ങളും ഒപ്പമുണ്ടായിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ ആര്‍ക്കോണം നാലാം ബറ്റാലിയനിലെ 42 പേരുടെ സംഘമാണു മോക്ഡ്രിലിനു നേതൃത്വം നല്‍കിയത്. സംഘാംഗങ്ങള്‍ ബോഗിയുടെ പുറകിലെ ഷട്ടര്‍ മുറിച്ചു മാറ്റി അകത്തു കടന്നു. മുങ്ങല്‍ വിദഗ്ധര്‍ വായു നിറച്ച ബോട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. കുറച്ചു പേര്‍ പാലത്തില്‍ നിന്നു വടത്തിലൂടെ താഴേക്ക് ഇറങ്ങി ട്രെയിനിനുള്ളില്‍ കടന്നു. 'മരിച്ചവരെയും' 'പരിക്കേറ്റവരെയും' സ്‌ട്രെച്ചറില്‍ പുറത്തെത്തിച്ചു. വൈക്കോല്‍ ഉപയോഗിച്ചു തയ്യാറാക്കിയ ഷര്‍ട്ടും പാന്റ്‌സും ഇട്ട ഡമ്മികളായിരുന്നു ഇതിനായി ഉപയോഗിച്ചത്. രക്ഷാപ്രവര്‍ത്തനം 10.30ന് അവസാനിച്ചു. ദേശീയ ദുരന്ത നിവാരണ സേന നാലാം ബറ്റാലിയന്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് പി എ രാജന്‍ ബാലു, റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ സുനില്‍ ബാജ്‌പേയ്, എറണാകുളം ഏരിയ മാനേജര്‍ ഡോ. രാജേഷ് ചന്ദ്രന്‍ സാങ്കേതിക വിഭാഗങ്ങളുടെ തലവന്‍മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ മോക്ഡ്രിലിനു നേതൃത്വം നല്‍കി. ജലാശയങ്ങള്‍ക്കു കുറുകെ നിരവധി റെയില്‍വേ പാലങ്ങളുള്ള കേരളത്തില്‍ നടത്തിയ പരിശീലനം ഭാവിയില്‍ എന്തെങ്കിലും അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനു ഏറെ സഹായകമാകുമെന്നു അധികൃതര്‍ പറഞ്ഞു. ആദ്യമായാണു റയില്‍വേയുമായി സഹകരിച്ചു ദേശീയ ദുരന്ത നിവാരണ സേന മോക്ഡ്രില്‍ സംഘടിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.