ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍

Saturday 17 October 2015 10:09 pm IST

തിരുവനന്തപുരം: തലസ്ഥാനം കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍. വെബ്‌സൈറ്റുണ്ടാക്കി അതിലൂടെ ബന്ധപ്പെടുന്നവര്‍ക്ക് സ്ത്രീകളെ എത്തിച്ചുകൊടുക്കുന്ന വന്‍ റാക്കറ്റാണ് പിടിയിലായത്. തിരുവനന്തപുരവും കൊല്ലവും അടക്കം അഞ്ച് തെക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ചു നടന്ന റെയ്ഡില്‍ അഞ്ചു സ്ത്രീകളും ഏഴു പുരുഷന്മാരും അടക്കം 13 പേരെ പിടികൂടി. ക്രൈംബ്രാഞ്ച് എഡിജിപി അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേകസംഘമാണ് റെയ്ഡ് നടത്തിയത്. കൊട്ടാരക്കര, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നാണ് ഏഴ് പുരുഷന്മാരെയും അഞ്ച് സ്ത്രീകളെയും പോലീസ് പിടികൂടിയത്. കസ്റ്റഡിയിലെടുത്തവരില്‍ രണ്ട് കോളേജ് വിദ്യാര്‍ഥികളുമുണ്ടെന്നാണ് സൂചന. സംഘത്തിന്റെ വലയില്‍ വീണ് ചതിക്കപ്പെട്ടവര്‍ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയും കൊട്ടാരക്കരയുള്ള ഒരു സ്ത്രീയും അടക്കം പ്രധാന സംഘാംഗങ്ങള്‍ പിടിയിലാകാനുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. തിരുവനന്തപുരത്തെ ഒരു ഇടനിലക്കാരന് ചില ഉന്നത ബന്ധങ്ങളുണ്ടെന്നും പോലീസിന് തെളിവു ലഭിച്ചിട്ടുണ്ട്. ഈ സംഘത്തില്‍ കുട്ടികളുമുണ്ടെന്നാണ് പോലീസ് പറയുന്നത്. കുട്ടികളെ ഭീഷണിപ്പെടുത്തി ഇരകളെ കണ്ടെത്താന്‍ ഉപയോഗിച്ചിരുന്നുവത്രെ. റെയ്ഡില്‍ പിടിയിലായ ഒരു ആണ്‍കുട്ടിയും പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഈ കുട്ടിയെ കൗണ്‍സിലിംഗ് നല്‍കാനായി പോലീസ് മാറ്റിയിരിക്കുകയാണ്. വെബ്‌സൈറ്റില്‍ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇഷ്ടപ്പെടുന്ന പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്നതാണ് ഇവരുടെ രീതി. എസ്‌കോര്‍ട്ട് ലൊക്കാറ്റോ എന്ന വെബ്‌സൈറ്റ് ഉപയോഗിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. വിദ്യാര്‍ഥിനികള്‍ വരെ ഇവരുടെ സംഘത്തിലുണ്ട്. സംഘത്തിലുള്ള സ്ത്രീകളുടെയും ഏജന്റുമാരുടെയും പേരുകള്‍ സൈറ്റിലുണ്ട്. ഇതില്‍ മൊബൈല്‍ നമ്പര്‍ നല്‍കി ആവശ്യക്കാരന്‍ പേര് രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ആവശ്യക്കാരനെ ബന്ധപ്പെട്ടശേഷം ഏജന്റുമാരെത്തി പെണ്‍കുട്ടികളുടെ ചിത്രം കാണിച്ച് കൈമാറ്റം ഉറപ്പിക്കും. പണം നല്‍കുന്ന മുറയ്ക്ക് ഹോട്ടലുകളിലോ വാടകവീടുകളിലോ പെണ്‍കുട്ടികളെ എത്തിക്കും. മറ്റുള്ളവര്‍ സംശയിക്കാതിരിക്കാന്‍ സ്ത്രീകളെയും കുട്ടികളെയും വീട്ടില്‍ താമസിപ്പിച്ച് കുടുംബസമേതം താമസിക്കുന്നവരാണെന്ന് സംഘം വരുത്തിത്തീര്‍ത്തിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ ആരംഭിച്ച റെയ്ഡ് ശനിയാഴ്ച പുലര്‍ച്ചെ വരെ നീണ്ടുനിന്നു. ഈ സംഘവുമായി ബന്ധപ്പെട്ട ധാരാളം വന്‍കിട വ്യാപാരികള്‍ വരെ ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ വരെ ഇവര്‍ക്ക് വേരുകളുണ്ട്. സൈബര്‍ പോലീസിന്റെ സഹായത്തോടെയാണ് പോലീസ് ഈ സംഘത്തെ വലയിലാക്കിയത്. സൈബര്‍ പോലീസിലെ വിദഗ്ധരും ഷാഡോ പോലീസും ചേര്‍ന്ന് മാസങ്ങളായി നടത്തിവന്ന അന്വേഷണങ്ങള്‍ക്കൊടുവിലാണ് പെണ്‍വാണിഭ സംഘത്തെ വലയിലാക്കിയത്. വിദേശത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സൈറ്റുകള്‍ക്കെതിരെ നടപടി എടുക്കാന്‍ സാധിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ ഇതുപയോഗിച്ച് പെണ്‍വാണിഭം പോലുള്ള അനാശാസ്യങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.