ഗുരുവായൂര്‍ ദേവസ്വത്തില്‍ ചട്ടം ലംഘിച്ചുള്ള നിയമനനീക്കം കമ്മീഷന്‍ തടഞ്ഞു

Saturday 17 October 2015 10:12 pm IST

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തില്‍ ചട്ടങ്ങള്‍ മറികടന്ന് 120 പേരെ സ്ഥിരപ്പെടുത്തുവാനുള്ള നീക്കം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. ഇന്നലെ രാവിലെ പ്രത്യേക യോഗം ചേര്‍ന്ന് ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ്, ഹെല്‍പ്പര്‍ എന്നീ തസ്തികകളില്‍ സ്ഥിരനിയമനം നടത്താന്‍ തീരുമാനമെടുക്കുന്ന സമയത്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍ ഉണ്ടായത്. ഇത്തേുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ഫയലില്‍ ഒപ്പിടാന്‍ വിസമ്മതിക്കുകയും തീരുമാനമെടുക്കുന്നത് മാറ്റിവെയ്ക്കുകയുമായിരുന്നു. കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇത്തരമൊരു നിയമനത്തിന് നടപടിയെടുത്തത്. നവംബര്‍ 14നാണ് ഭരണസമിതിയുടെ കാലാവധി തീരുന്നത്. അതേസമയം തെരഞ്ഞെടുപ്പ് ചട്ടം കഴിഞ്ഞാല്‍ അടുത്ത ദിവസം തന്നെ നിയമനം നല്‍കാമെന്ന് അപേക്ഷകര്‍ക്ക് ഉറപ്പ് നല്‍കിയതായും പറയുന്നു. സ്ഥിരനിയമനത്തിന് ലക്ഷങ്ങളുടെ അഴിമതി നടന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ചില ഇടതു നേതാക്കളുടെ ഒത്താശ നീക്കത്തിന് പിന്നിലുണ്ടെന്നും പറയുന്നു. 175 പേരുടെ പട്ടികയാണ് തയ്യാറാക്കിയിരുന്നത്. ഇതില്‍ ആദ്യ ഘട്ടത്തില്‍ 120 പേരെയും കാലാവധി തീരുന്നതിന് മുമ്പ് ബാക്കിയുള്ളവര്‍ക്കും സ്ഥിരനിയമനം നല്‍കാമെന്ന് ഭരണസമിതി ഉറപ്പ് നല്‍കിയതായി അറിയുന്നു. ഇതിനിടെ ധൃതിപിടിച്ച് നിയമനം നടത്തുന്നതിനെതിരെ ചിലര്‍ കോടതിയെ സമീപിക്കാനും തിരുമാനിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.