പ്രൊഫസറുടെ ഡെപ്യൂട്ടേഷന്‍ റദ്ദാക്കിയത് : അഴിമതിക്കെതിരെ പ്രതികരിച്ചതിന്

Saturday 17 October 2015 10:39 pm IST

തിരുവനന്തപുരം: കാസര്‍കോട് കേന്ദ്രസര്‍വകലാശാലയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്തിരുന്ന അസോസിയേറ്റ് പ്രൊഫസറുടെ ഡെപ്യൂട്ടേഷന്‍ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. സര്‍വകലാശാലയില്‍ നടക്കുന്ന അഴിമതിക്കെതിരെ പ്രതികരിച്ചതിനാണ് അസോസിയേറ്റ് പ്രൊഫസറുടെ ഡെപ്യൂട്ടേഷന്‍ റദ്ദാക്കിയതെന്ന് പറയപ്പെടുന്നു. കൊല്ലം എസ്എന്‍ കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ കെ. ജയപ്രസാദിന്റെ ഡെപ്യൂട്ടേഷനാണ് സംസ്ഥാന സര്‍ക്കാര്‍ അകാരണമായി റദ്ദാക്കിയത്. 2015 ആഗസ്റ്റ് എട്ടു മുതല്‍ 2016 മെയ് 30 വരെ ഡോ കെ. ജയപ്രസാദിന്റെ ഡെപ്യൂട്ടേഷന്‍ ദീര്‍ഘിപ്പിക്കണമെന്ന്  കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പ്രത്യേകിച്ച് ഒരു കാരണവും ചൂണ്ടിക്കാണിക്കാതെ ഡെപ്യൂട്ടേഷന്‍ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കേണ്ടെന്ന തീരുമാനം സംസ്ഥാന സര്‍ക്കാര്‍ ഏകപക്ഷീയമായി കൈക്കൊള്ളുകയായിരുന്നു. മാത്രമല്ല ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് കൊല്ലം എസ്എന്‍ കോളേജിലേക്ക് അദ്ദേഹത്തെ തിരിച്ചയച്ചുകൊണ്ടുള്ള ഉത്തരവും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 2015 ഒക്‌ടോബര്‍ 16നാണ് ഡെപ്യൂട്ടേഷന്‍ റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കാസര്‍കോട് കേന്ദ്രസര്‍വകലാശാലയില്‍ നടക്കുന്ന അഴിമതിക്കെതിരെ ഡോ കെ. ജയപ്രസാദ് ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. സര്‍വകലാശാല രജിസ്ട്രാര്‍ അടക്കമുള്ളവരുടെ അഴിമതി സംബന്ധിച്ച നിരവധി വാര്‍ത്തകളും വിവിധ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. അഴിമതിക്കെതിരെ സന്ധിയില്ലാ സമരത്തിന് മുതിര്‍ന്നതിനാണ് ഡോ. ജയപ്രസാദിന്റെ ഡെപ്യൂട്ടേഷന്‍ റദ്ദാക്കാന്‍ മുസ്ലിംലീഗിന്റെ ഭരണത്തിന്‍ കീഴിലുള്ള വിദ്യാഭ്യാസവകുപ്പ് തീരുമാനം കൈക്കൊണ്ടത്. കാസര്‍കോട് സര്‍വകലാശാലയിലെ വിവാദപരമായ പല തീരുമാനങ്ങളും മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ നഗ്നമായ അഴിമതി നടത്താനായിരുന്നെന്ന് മാധ്യമങ്ങള്‍ ഒന്നടങ്കം റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.