ഡിസിസി മെമ്പര്‍ രാജിവച്ച് സ്വതന്ത്രനായി മത്സരിക്കും

Saturday 17 October 2015 10:49 pm IST

കോട്ടയം: കഴിഞ്ഞ 40 വര്‍ഷമായി കോണ്‍ഗ്രസ് ഐഎന്‍ടിയുസി പ്രവര്‍ത്തകനായി ഡിസിസിയില്‍ വരെയെത്തിയ മണി മണിമല മറ്റത്തില്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുന്നു. വാര്‍ഡ് കമ്മിറ്റി ഒന്നടങ്കം ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ആവശ്യപ്പെട്ടിട്ടും മറ്റൊരാള്‍ക്ക് ഡിസിസി പ്രസിഡന്റ് ചിഹ്നം അനുവദിച്ച് കൊടുത്തത്. ഇതില്‍ പ്രതിഷേധിച്ചാണ് മണി മണിമല മറ്റത്തിലും സഹപ്രവര്‍ത്തകരും പാര്‍ട്ടി വിടുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ഏറെ അടുപ്പമുള്ള താന്‍ ആദ്യമായിട്ടാണ് ഒരു സ്ഥാനാര്‍ത്ഥിത്വത്തിനായി പാര്‍ട്ടിയെ സമീപിക്കുന്നതെന്ന് ഇദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഇതിനെ സംബന്ധിച്ച് തന്നോട് ഒരുവാക്കുപോലും പറയാതെ മറ്റൊരാള്‍ക്ക് സീറ്റ് നല്‍കുകയായിരുന്നു. ഇനി തന്റെ ലക്ഷ്യം തനിക്കാണോ ഡിസിസി നിശ്ചയിച്ച സ്ഥാനാര്‍ത്ഥിക്കാണോ ജനസമ്മിതി കൂടുതലെന്ന് തെളിയിക്കലാണ്. അതിനുവേണ്ടിയാണ് താന്‍ മത്സരരംഗത്തിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ വാര്‍ഡ് ഭാരവാഹികളും പങ്കെടുത്തു.