ശബരിമല: ദേവനിയോഗം ശങ്കരന്‍ നമ്പൂതിരിക്കും ഉണ്ണികൃഷ്ണനും

Monday 19 October 2015 12:45 am IST

ശബരിമല: വൃശ്ചികപ്പുലരിമുതല്‍ ഒരു വര്‍ഷത്തേക്ക് ശബരിഗിരീശന്റെ പാദപുജ ചെയ്യാനുള്ള നിയോഗം എസ്.ഇ.ശങ്കരന്‍നമ്പൂതിരിക്കും മാളികപ്പുറത്തമ്മയുടെ സന്നിധിയില്‍ പൂജ ചെയ്യാന്‍ ഇ.എസ്. ഉണ്ണികൃഷ്ണനും  ലഭിച്ചു. തുലാമാസം ഒന്നായ ഇന്നലെ സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് ഇരുവരേയും ദേവപൂജയ്ക്കായി തെരഞ്ഞെടുത്തത്. ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട കോട്ടയം തിരുവഞ്ചൂര്‍ മണര്‍കാട് അയര്‍ക്കുന്നം സൂര്യഗായത്രം (കാരയ്ക്കാട്ട് ഇല്ലം) എസ്.ഇ. ശങ്കരന്‍ നമ്പൂതിരി ഇപ്പോള്‍ ബെംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്.തിരുവല്ല സ്വദേശിയാണ്. മാളികപ്പുറം മേല്‍ശാന്തി തൃശൂര്‍ പുന്നംപറമ്പ് തലപ്പിള്ളി തെക്കുംകര എടക്കാനം ഇല്ലത്തെ ഇ.എസ്.ഉണ്ണികൃഷ്ണന്‍ തൃശൂര്‍ കരുമലക്കാട് ശിവക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. ഇന്നലെ ഉഷപൂജയ്ക്ക് ശേഷം രാവിലെ 7.45 ഓടെയാണ് ശബരിമല മേല്‍ശാന്തിയെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നടന്നത്. മേല്‍ശാന്തി ലിസ്റ്റിലുള്ള 14 പേരുകള്‍ എഴുതിയിട്ട ഒരു വെള്ളിക്കുടവും മേല്‍ശാന്തി എന്നെഴുതിയ ഒരു കുറിപ്പും ബാക്കി 13 വെള്ളപ്പേപ്പറുകളും അടങ്ങിയ മറ്റൊരു  വെള്ളിക്കുടവും തന്ത്രി കണ്ഠരര് മഹേഷ് മോഹനരര് ശ്രീകോവിലില്‍ കൊണ്ടുപോയി പൂജിച്ച ശേഷം ദേവസ്വം ഭാരവാഹികള്‍ക്ക് കൈമാറി. തുടര്‍ന്ന് പന്തളം രാജകുടുംബാംഗമായ ശരണ്‍വര്‍മ്മ എന്ന ബാലനാണ് നറുക്കെടുത്തത്. എട്ടാമത്തെ നറുക്കെടുപ്പിലാണ് ശങ്കരന്‍നമ്പൂതിരി മേല്‍ശാന്തിയാകാനുള്ള നിയോഗം ലഭിച്ചത്. മാളികപ്പുറം ക്ഷേത്ര നടയില്‍ നടന്ന നറുക്കെടുപ്പില്‍ രാജകുടുംബാംഗമായ ശിശിരയാണ്  നറുക്കെടുത്തത്.  അഞ്ചാമതായാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് നറുക്ക് വീണത്. നിയുക്ത മേല്‍ശാന്തിമാര്‍ നവംബര്‍ 16ന് സന്നിധാനത്തെത്തി ചുമതലയേല്‍ക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.പി. ഗോവിന്ദന്‍നായര്‍, അംഗങ്ങളായ പി.കെ.കുമാരന്‍, സുഭാഷ് വാസു, സ്‌പെഷ്യല്‍ കമ്മീഷണര്‍ കെ.ബാബു, ദേവസ്വം കമ്മീഷണര്‍ രാമരാജപ്രേംദാസ്, ദേവസ്വം സെക്രട്ടറി വി.എസ്.ജയകുമാര്‍, ചീഫ് എന്‍ജിനീയര്‍ മുരളീകൃഷ്ണ, ദേവസ്വം വിജിലന്‍സ് എസ്.പി.ഗോപാലകൃഷ്ണപിള്ള, പത്തനംതിട്ട പോലീസ് ചീഫ് ടി.നാരായണന്‍ എന്നിവര്‍ സന്നിധാനത്ത് എത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.