മാവോയിസ്റ്റ് ആക്രമണം: അഞ്ച് പേര്‍ക്കെതിരെ യുഎപിഎ ചുമത്തി

Sunday 18 October 2015 1:30 pm IST

പാലക്കാട്: അട്ടപ്പാടിയില്‍ പൊലീസിനെതിരെ വെടിയുതിര്‍ത്ത മാവോയിസ്റ്റുകള്‍ക്കെതിരെ യുഎപിഎ ചുമത്തി. വയനാട് സ്വദേശി സോമന്‍, പന്നിയൂര്‍പടി സ്വദേശി അയ്യപ്പന്‍ എന്നിവര്‍ സംഘത്തിലുണ്ടെന്ന് അടുത്തിടെ മാവോയിസ്റ്റ് സംഘത്തില്‍ ചേര്‍ന്ന വനിതാ അംഗത്തിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആക്രമണം ഉണ്ടായ സാഹചര്യത്തില്‍ പോലീസ് ഇന്നും തെരച്ചില്‍ നടത്തും. തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പടെയുള്ള കൂടുതല്‍ സേനയെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുന്നത്. ഇന്നലെ മാവോയിസ്റ്റുകളുമായി വെടിവെപ്പുണ്ടായ കടുകുമണ്ണയിലും സമീപ വനപ്രദേശത്തുമാണ് പൊലീസിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തുന്നത്. തണ്ടര്‍ബോള്‍ട്ടും നക്‌സല്‍വിരുദ്ധ സേനയും സംയുക്തമായാണ് പരിശോധന നടത്തുക. ഇന്നലെയുണ്ടായ വെടിവെപ്പില്‍ മാവോയിസ്റ്റ് സംഘത്തില്‍പ്പെട്ട ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന സൂചന ലഭിച്ചതിനാല്‍ തമിഴ്‌നാട്, വയനാട് തുടങ്ങിയ മേഖലകളിലും തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. അട്ടപ്പാടിയിലെ കുറുമ്പ ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ചും തെരച്ചില്‍ നടത്തും. ഇതിന് പുറമെ വാഹന പരിശോധനയും മറ്റും കര്‍ശനമാക്കാനും പോലീസ് തീരുമാനിച്ചു. പാലക്കാട് എസ്പി വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരും അട്ടപ്പാടിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി മാവോയിസ്റ്റുകളുടെ സാന്നിധ്യം ഈ മേഖലയില്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആരെയും പിടികൂടുന്നതിന് പോലീസിന് സാധിച്ചിട്ടില്ല.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.