കോണ്‍ഗ്രസില്‍ സ്ത്രീകള്‍ക്ക് സീറ്റ് കിട്ടിയത് 'ഇത്തരത്തി'ലെന്ന് ചെറിയാന്‍ ഫിലിപ്പ്

Sunday 18 October 2015 10:49 pm IST

കൊച്ചി: മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ സിപിഎം നേതാവുമായ ചെറിയാന്‍ ഫിലിപ്പിന്റെ ചില വിരുദ്ധപരാമര്‍ശങ്ങള്‍ വന്‍വിവാദമായി. തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ഷര്‍ട്ടൂരി പ്രതിഷേധിച്ചതുമായി വനിതകളെ ബന്ധപ്പെടുത്തിയായിരുന്നു ഫേസ്ബുക്കിലെ പരാമര്‍ശം. ആ പോസ്റ്റ് ഇങ്ങനെ: യൂത്ത് കോണ്‍ഗ്രസുകാരുടെ ഉടുപ്പഴിക്കല്‍ സമരം മാതൃകാപരമായ ഒരു സമരമാര്‍ഗമാണ്. ഈ സമരം നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ട്. പരാമര്‍ശം പ്രത്യക്ഷപ്പെട്ടയുടന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെതിരെ രംഗത്തുവന്നു. എന്നാല്‍ ചെറിയാന്‍ ഫിലിപ്പ് മുന്‍പ് കോണ്‍ഗ്രസില്‍ ആയിരുന്നതിനാല്‍ അവിടുത്തെ പഴയ കാര്യങ്ങള്‍ ഓര്‍മ്മയുണ്ടാകും എന്നാണ് ചില നേതാക്കള്‍ രഹസ്യമായി പറയുന്നത്. സ്ഥാനാര്‍ഥികളാകാനും സ്ഥാനമാനങ്ങള്‍ ലഭിക്കാനും ചിലരെങ്കിലും അനുവര്‍ത്തിച്ചിട്ടുള്ളതാണ് ഈ രീതിയെന്നാണ് ഇവരുടെ സ്വകാര്യ സംഭാഷണം. ചെറിയാന്‍ ഫിലിപ്പിന്റെ പ്രസ്താവന സുധീരനുമായി വാക്ക് പോരിനും ഇടയാക്കി.ചെറിയാന്‍ ഫിലിപ്പ് വിവാദ പരാമര്‍ശം പിന്‍വലിക്കണമെന്നാണ് സുധീരന്റെ ആവശ്യം. സ്ത്രീസമൂഹത്തോട്, പൊതുസമൂഹത്തോട് മാപ്പു പറയണം. സുധീരന്‍ പറയുന്നു. മഹിളാ കോണ്‍ഗ്രസും ചെറിയാനെതിരെ പ്രതികരിച്ചു. തങ്ങളുടെ പ്രയത്‌നം മുഴുവന്‍ പ്രസ്ഥാനത്തിനു വേണ്ടി, സംഘടനയ്ക്കുവേണ്ടി ഉപയോഗിച്ച് ഓരോ പദവികളില്‍ എത്തിച്ചേരുന്ന വനിതകളെ ഇത്തരത്തില്‍ ആക്ഷേപിക്കുന്ന പ്രസ്താവന അങ്ങേയറ്റം ദുഖകരമാണ്. മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പറയുന്നു. പ്രസ്താവന വിവാദമായതോടെ ചെറിയാന്‍ ഫിലിപ്പ് വിശദീകരണവും നല്‍കി. അതിങ്ങനെ: ഒരു സ്ത്രീവിരുദ്ധ പ്രസ്താവനയും ഞാന്‍ നടത്തിയിട്ടില്ല. ഒരു സ്ത്രീയേയും ഞാന്‍ പേരെടുത്തു പറഞ്ഞ് അപമാനിച്ചിട്ടുമില്ല. സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്ന ഒരാളാണ്. സ്ത്രീസമൂഹത്തിനാകെ അപമാനകരമാകുന്ന ചിലരെ മാത്രമാണ് ഉദ്ദേശിച്ചത്. ഈ ജീര്‍ണ്ണതയ്ക്ക് എതിരെ ശബ്ദം ഉയര്‍ത്തേണ്ടത് സ്ത്രീ തന്നെയാണ്. സ്ത്രീകളെ ഇരയാക്കുന്ന പുരുഷന്മാരെയാണ് ഞാന്‍ പരോക്ഷമായി വിമര്‍ശിച്ചത്. ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റില്‍ പറയുന്നു. ഇതിനു തൊട്ടുപിന്നാലെ ചെറിയാന്‍ ഫിലിപ്പ് സുധീരനെ വിമര്‍ശിച്ചും പോസ്റ്റിട്ടു. ഞാന്‍ മാപ്പു പറഞ്ഞാലും സത്യം മരിക്കില്ല. ആന്റണി പ്രസിഡന്റും സുധീരന്‍ വൈസ് പ്രസിഡന്റും ആയിരുന്നപ്പോള്‍ ഞാന്‍ കെപിസിസി സെക്രട്ടറിയായിരുന്നു. മാന്യതയുടെ പേരില്‍ കോണ്‍ഗ്രസിെല പല രഹസ്യങ്ങളും ഞാന്‍ പുറത്തു പറഞ്ഞിട്ടില്ല, ആത്മകഥയില്‍ പോലും. ചില നേതാക്കള്‍ വനിതകളെ ചൂഷണം ചെയ്ത എത്രയോ കഥകളുണ്ട്. എന്നെ സ്ത്രീവിരുദ്ധനാക്കാന്‍ ശ്രമിച്ചാല്‍ പലതും തുറന്നു പറയേണ്ടിവരും. ചില വനിതകള്‍ കോണ്‍ഗ്രസില്‍ എങ്ങനെ സീറ്റുകള്‍ നേടിയെന്ന നാറുന്ന കഥകളെല്ലാം സുധീരനും അറിവുള്ളതാണ്. ചെറിയാന്‍ ഫിലിപ്പ് മറുപടിയിട്ടു. ഫേസ്ബുക്കില്‍ ഈ പോസ്റ്റുകള്‍ വൈറലായി പടരുന്നുണ്ട്. തെരഞ്ഞെടുപ്പ് പടിക്കലെത്തിയപ്പോഴുള്ള ഈ പോസ്റ്റുകള്‍ കോണ്‍ഗ്രസിന് വലിയ തലവേദനയാകുമെന്നുറപ്പ്. ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ് ബുക്ക് പോസ്റ്റ് സംസ്‌ക്കാര ശൂന്യമാണെന്ന് വിഎസും പ്രതികരിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.