കോണ്‍ഗ്രസിന്റെ അന്ത്യശാസനത്തിന് പുല്ലുവില; താഴെത്തട്ടില്‍വരെ നേതാക്കള്‍ മത്സരരംഗത്ത്

Sunday 18 October 2015 5:32 pm IST

എം.എസ്.ജയചന്ദ്രന്‍ ശാസ്താംകോട്ട: കുന്നത്തൂര്‍ നിയോജകമണ്ഡലത്തില്‍ പത്രിക പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് റിബലുകള്‍ക്ക് നല്‍കിയ അന്ത്യശാസനം പുല്ലുവിലക്കെടുത്ത് നേതാക്കള്‍ മത്സരരംഗത്ത്. എന്നാല്‍ സിപിഎമ്മില്‍ സ്ഥാനാര്‍ഥിയെ കിട്ടാതെ പലയിടത്തും റിബലുകള്‍ക്കും സ്വതന്ത്രര്‍ക്കും പിന്തുണ നല്‍കി പാര്‍ട്ടി തങ്ങളുടെ ശോചനീയാവസ്ഥ വെളിപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് ബ്ലോക് എക്‌സിക്യൂട്ടീവ് അംഗം ദിനകരന്‍ കോട്ടക്കുഴി കാരാളിമുക്ക് ടൗണ്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് ഔദ്യോഗികസ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുന്നു. ഇവിടെ നിലവിലുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശിവന്‍കുട്ടി നിരവധി വ്യാജവാറ്റ് വില്‍പ്പന കേസില്‍ പ്രതിയായതിനാല്‍ സ്ഥാനാര്‍ഥിയാക്കരുതെന്ന് ഒരുവിഭാഗം നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതുവകവയ്ക്കാതെ ശിവന്‍കുട്ടിയെ സ്ഥാനാര്‍ഥിയാക്കിയതാണ് റിബലിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗം നിര്‍ബന്ധിതരായത്. മുന്‍ കുന്നത്തൂര്‍ എംഎല്‍എ കോട്ടക്കുഴി സുകുമാരന്റെ മകനാണ് ദിനകരന്‍. ശാസ്താംകോട്ട ടൗണില്‍ ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് നിസാം റാവുത്തര്‍ ഔദ്യോഗികസ്ഥാനാര്‍തഥിക്കെതിരെ റിബലായി രംഗത്തുണ്ട്. പോരുവഴി പതിമൂന്നാംവാര്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് മൈലാടുംകുന്ന് മുജീബും പാര്‍ട്ടിക്ക് റിബലാണ്. ശൂരനാട് വടക്ക്, പോരുവഴി, കുന്നത്തൂര്‍ ശൂരനാട് തെക്ക്, മൈനാഗപ്പള്ളി, പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളിലായി പത്തോളം കോണ്‍ഗ്രസ് റിബലുകളാണ് എതിരാളികള്‍. സിപിഎമ്മിന്റെ റിബല്‍ ഭീഷണിയില്‍ പ്രധാന വാര്‍ഡ് ശാസ്താംകോട്ട ടൗണാണ്. ഇവിടെ സിപിഎമ്മിന്റെ ഹരിക്കുട്ടന്‍ഉണ്ണിത്താന് എതിരായി ഡിവൈഎഫ്‌ഐ നേതാവ് ദിലീപ് ആണ് മത്സരിക്കുന്നത്. ദിലീപിന്റെ പ്രചരണം ഔദ്യോഗികസ്ഥാനാര്‍ഥിയെ ഏറെ പിന്നിലാക്കിയാണ്. നിയോജകമണ്ഡലത്തിലെ പല പ്രധാന വാര്‍ഡുകളിലും സ്ഥാനാര്‍ഥിയെ കിട്ടാന്‍ സിപിഎം നേതൃത്വം നെട്ടോട്ടം ഓടുന്ന സ്ഥിതിയായിരുന്നു കഴിഞ്ഞ വാരത്തില്‍ കണ്ടത്. പല സ്ഥലത്തും സ്ഥാനാര്‍ഥിയെ കിട്ടാതെ അലഞ്ഞ സഖാക്കള്‍ പല സ്വതന്ത്രരെയും ഒടുവില്‍ പിന്തുണച്ചു. ഇതിനിടെ ശാസ്താംകോട്ട പഞ്ചായത്തിലെ രണ്ടാംവാര്‍ഡില്‍കോണ്‍ഗ്രസ് അനുഭാവിയായ വീട്ടമ്മയെ സ്ഥാനാര്‍ഥിയാക്കാന്‍ കശുവണ്ടി ഫാക്ടറിയില്‍ നിന്നും സിപിഎം ബലമായി കടത്തികൊണ്ടുപോയത് വിവാദമായിരുന്നു. മൈനാഗപ്പള്ളി ആശാരിമുക്കിലെ ഫാക്ടറിയില്‍ നിന്നും ഇവരെ കാറില്‍ കയറ്റികൊണ്ടുപോയി പാര്‍ട്ടിയാഫീസിലെത്തിച്ചത് അറിഞ്ഞ് ബന്ധുക്കള്‍ സംഘടിച്ചെത്തിയത് സംഘര്‍ഷത്തിന് കാരണമായി. ഇവര്‍ വീട്ടമ്മയെ മോചിപ്പിച്ചുകൊണ്ടുപോകുകയായിരുന്നു. പിന്നീട് മുഖം രക്ഷിക്കാന്‍ ഡിവൈഎഫ്‌ഐ നേതാവ് ഷമീറിന്റെ 'ാര്യയെ സ്ഥാനാര്‍ഥിയാക്കി. ശൂരനാട് തെക്ക് പതാരം ടൗണ്‍വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എസ്.സുഭാഷിനെതിരെ റിബലായി മത്സരിക്കാന്‍ തീരുമാനിച്ച പ്രദേശത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചന്ദ്രബാബുവിനെ പാര്‍ട്ടിചിഹ്നത്തില്‍ മത്സരിപ്പിച്ച് സിപിഎം ഇവിടെ സ്വന്തം സംഘടനാശോച്യാവസ്ഥ തുറന്നുകാട്ടി. ബിജെപി കുന്നത്തൂര്‍ മണ്ഡലം നേതൃത്വം മുഴുവന്‍ സ്ഥാനാര്‍ഥികളുടെയും ലിസ്റ്റ് നേരത്തെ പുറത്തുവിട്ടു. ഡിവൈഎഫ്‌ഐയില്‍ നിന്നും രാജിവച്ച താലൂക്ക് നേതാക്കന്മാരായ ദിനചന്ദ്രനും ജിതിന്‍ദേവും ശൂരനാട് തെക്ക് പഞ്ചായത്തില്‍ ബിജെപിയുടെ കരുത്തരായ സാരഥികളാണ്. ഇവരടക്കം പൊതുസമ്മതരായ സ്ഥാനാര്‍ഥികളെയാണ് ബിജെപി നേതൃത്വം ഇത്തവണ തദ്ദേശഭരണതെരഞ്ഞെടുപ്പിന് നിയോഗിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.