രണ്ട് പുതിയ ഫ്രാഞ്ചൈസികള്‍ കൂടി ഐപിഎല്ലിലേക്ക് എത്തുന്നു

Sunday 18 October 2015 6:25 pm IST

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്ക് പുതിയ രണ്ട് ഫ്രാഞ്ചൈസികള്‍ കൂടിയെത്തുന്നു. അടുത്ത രണ്ട് സീസണുകളിലേക്ക് രാജസ്ഥാന്‍ റോയല്‍സിനും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും വിലക്കുള്ളതിനാലാണ് പുതിയ രണ്ട് ടീമുകളെ കണ്ടെത്താന്‍ ബിസിസിഐ പ്രവര്‍ത്തക സമിതി നിശ്ചയിച്ചത്. ഇതോടെ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് ചെന്നൈയും രാജസ്ഥാനും തിരിച്ചെത്തുമ്പോള്‍ ഐപിഎല്ലിലെ ടീമുകളുടെ എണ്ണം പത്താവും ബിസിസിഐ അദ്ധ്യക്ഷനായി ശശാങ്ക് മനോഹര്‍ ചുമതലയേറ്റ ശേഷമുള്ള ബിസിസിഐയുടെ ആദ്യ പ്രവര്‍ത്തക സമിതി യോഗമാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും റോയല്‍സിനും എതിരെ ഇനിയും കടുത്ത നടപടി സ്വീകരിക്കേണ്ട എന്ന് യോഗത്തില്‍ പൊതു വികാരം ഉയര്‍ന്നു. ജസ്റ്റിസ് ആര്‍എം ലോധ കമ്മിറ്റി വിധിച്ച രണ്ട് വര്‍ഷത്തെ വിലക്ക് ഇരു ടീമുകള്‍ക്കും ഉള്ളതിനാല്‍ പുതിയ രണ്ട് ഫ്രാഞ്ചൈസികളെ അടിയന്തിരമായി കണ്ടെത്താന്‍ പ്രവര്‍ത്തക സമിതി തീരുമാനിച്ചു. പുതിയ രണ്ട് സംഘങ്ങള്‍ എത്തുമ്പോള്‍ മുന്‍ സീസണുകളിലേത് പോലെ തന്നെ എട്ട് ടീമുകളുമായി അടുത്ത രണ്ട് ഐപിഎല്‍ പതിപ്പുകളും നടക്കും. എന്നാല്‍ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് 2018ല്‍ സൂപ്പര്‍ കിംഗ്‌സും രാജസ്ഥാന്‍ റോയല്‍സും മടങ്ങിയെത്തുമ്പോള്‍ ടീമുകളുടെ എണ്ണം പത്തായി മാറും. പുതിയ ഫ്രാഞ്ചൈസികളെ നിശ്ചയിക്കാന്‍ ഉടന്‍ ടെണ്ടറുകള്‍ ക്ഷണിക്കും. ബിസിസിഐയുടെ വാര്‍ഷിക പൊതു യോഗം അടുത്ത മാസം ഒമ്പതിന് നടത്താനും തീരുമാനമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.