നവരാത്രി ആഘോഷത്തിന്റെ നിറവില്‍ ഗുജറാത്ത്

Sunday 18 October 2015 7:12 pm IST

അഹമ്മദാബാദ്: അബ്ബാജി ആയാഹെ... ഗുജറാത്തിന്റെ മുക്കിലും മൂലയിലും വൈകുന്നേരത്തോടെ ഒഴുകിയെത്തുന്ന ഗാനവീചികളാണിത്. ജനങ്ങളുടെ കൂട്ടായ്മയുടെ ഉത്സവത്തെ വിളംബരം ചെയ്ത് നടത്തുന്ന ഗര്‍ഭകള്‍ കാണികളുടെ മനം കവരുകയാണ്. ഇവിടങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന താളമേളങ്ങളോടെയുള്ള ഗാനങ്ങളും, പരമ്പരാഗതമായ നൃത്തവും ഏവരുടേയും മനം കവരും. 15 ന് തുടങ്ങിയ ആഘോഷങ്ങള്‍ അവസാനിക്കുക 23 നാണ്. ഗുജറാത്ത് നവരാത്രി ആഘോഷത്തിന്റെ നിറവിലേക്ക് നീങ്ങുമ്പോള്‍ നാട് ജാഗരൂകമാണ്. ആഘോഷത്തിന്റെ മറവില്‍ അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ നിയന്ത്രണങ്ങളും പരിശോധനകളും നഗരങ്ങളില്‍ വ്യാപകമായി. നാടും നഗരവും ആഘോഷത്തെ വരവേറ്റ്‌കൊണ്ട് അലങ്കാര ദീപപ്രഭയില്‍  മുങ്ങിക്കഴിഞ്ഞു. ക്ഷേത്രങ്ങളില്‍ സഞ്ചാരികളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വീടുകള്‍ കേന്ദ്രീകരിച്ചും, സംഘടനകളും ക്ലബ്ബുകളും സര്‍ക്കാരിന്റെ നേതൃത്വത്തിലും നടത്തുന്ന ഗര്‍ഭകള്‍ വൈകുന്നേരത്തോടെ നാടിനെ ആഘോഷത്തിമര്‍പ്പിലേക്ക് നയിക്കുന്നു. ഗുജറാത്തിന്റെ പരമ്പരാഗത വര്‍ണ്ണ വസ്ത്രങ്ങള്‍ ധരിച്ച്  സ്ത്രീ പുരുഷന്മാര്‍ അണിനിരക്കുന്ന ഗര്‍ഭകളില്‍ പങ്കെടുക്കുന്നതിന് നേരത്തെ തന്നെ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ തയ്യാറെടുക്കുന്നു എന്നത് ഈ ആഘോഷത്തിന്റെ ജനകീയത വര്‍ദ്ധിപ്പിക്കുന്നു. ഉച്ചനീചത്വങ്ങളും ഇല്ലായ്മകളും മറന്ന് നടത്തുന്ന ആഘോഷങ്ങള്‍ക്ക് ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സര്‍ക്കാരിന്റെ ഇതര വകുപ്പുകളും പ്രോത്സാഹനം നല്‍കുന്നുണ്ട്. ജനകീയ ആഘോഷത്തെ സഞ്ചാരികള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്താനാണ് ശ്രമം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.