യുവാവിന്റെ കൊലപാതകം: കശ്മീര്‍ താഴ്‌വരയില്‍ സംഘര്‍ഷം

Sunday 18 October 2015 9:11 pm IST

ശ്രീനഗര്‍: ബോംബാക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരണമടഞ്ഞതിന്റെ പേരില്‍ ശ്രീനഗര്‍ താഴ്‌വരയില്‍ സംഘര്‍ഷം. ഒക്‌ടോബര്‍ ഒന്‍പതിന് ഒരു ട്രക്കിനു നേരെനടന്ന ബോംബാക്രമണത്തില്‍ പരിക്കേറ്റ പതിനാറുകാരനായ സഹീദ് റസൂല്‍ ഭട്ടാണ് ദല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ഇന്നലെ മരണമടഞ്ഞത്. ജമ്മു ശ്രീനഗര്‍ ഹൈവേയില്‍ ഉധംപൂരിലെ നിര്‍ത്തിയിട്ടിരുന്ന ട്രക്കിനു നേരെയുണ്ടായ പെട്രോള്‍ ബോംബാക്രമണത്തില്‍ ഭട്ടിനും  ഷൗക്കത്ത് അഹമ്മദ് ദറിനും പരിക്കേറ്റിരുന്നു. സ്വതന്ത്ര എംഎല്‍എയയും എംഎല്‍എ ഹോസ്റ്റലില്‍ ബീഫ് ഫെസ്റ്റ് നടത്തിയയാളുമായ എന്‍ജിനീയര്‍ റഷീദിന്റെ ബീഫ് ഫെസ്റ്റ് കഴിഞ്ഞ സമയത്തായിരുന്നുവത്രേ ട്രക്കിനു നേരെ ബോംബേറ് ഉണ്ടായത്. അതിനാല്‍ ബോംബ് എറഞ്ഞത് ഹിന്ദുജനക്കൂട്ടമാണെന്നാണ് പരിക്കേറ്റവരുടെ ആരോപണം. ഇന്നലെ ഭട്ട് മരിച്ച വിവരം പുറത്തുവന്നതോടെ ഒരു വിഭാഗം കശ്മീര്‍ താഴ്‌വരയിലെ അനന്ത്‌നാഗില്‍ സംഘര്‍ഷവുമായി ഇറങ്ങുകയായിരുന്നു. അവര്‍ ജമ്മു ശ്രീനഗര്‍ ദേശീയ പാത തടഞ്ഞു. സര്‍ക്കാരിന് എതിരെ മുദ്രാവാക്യം മുഴക്കിയ അവര്‍ പോലീസിനെ കല്ലെറിഞ്ഞു. കല്ലേറും അക്രമങ്ങളും അതിരുവിട്ടതോടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഹുരീയത്ത് ചെയര്‍മാന്‍ മിര്‍വായിസ് ഉമര്‍ ഫറൂഖ് അടക്കം നിരവധി വിഘടനവാദി നേതാക്കള്‍ സംഘര്‍ഷത്തിേെന്റ പേരില്‍ സര്‍ക്കാരുകള്‍ക്ക് എതിരെ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ബീഫിന്റെ പേരില്‍ മറ്റൊരു അനാവശ്യമരണമെന്നാണ് മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രചരിപ്പിക്കുന്നത്. ബോംബേറുമായി ബന്ധപ്പെട്ട് ഏഴു പേര്‍ക്ക് എതിരെ കേസ് എടുക്കുകയും അഞ്ചു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവര്‍ക്കെതിരെ പൊതുസുരക്ഷാ നിയമമാണ് ചുമത്തിയിരിക്കുന്നത്. അഞ്ചു പേര്‍ക്ക് എതിരെ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. മൂന്നു പശുക്കളെ കൊന്നതായി ആരോപണമുണ്ടായതിനെത്തുടര്‍ന്ന് ജനം തടിച്ചുകൂടിയിരുന്നു. ഈ സമയത്താണ് ഇവര്‍ ട്രക്കുമായി വന്നത്. തര്‍ക്കത്തിനിടെ ജനക്കൂട്ടം വലിച്ചെറിഞ്ഞ പെട്രോള്‍ ബോംബ് ഇവരുടെ ട്രക്കിലാണ് വീണത്. ഹിന്ദുജനക്കൂട്ടം ആണെന്നുള്ള ആരോപണം വച്ച് ഇൗ സംഭവത്തെ വര്‍ഗീയവല്‍ക്കരിച്ചിരിക്കുകയാണ്. സ്ഥലത്തെ ക്രിമിനലുകളാണ് കേസ് എടുത്തിരിക്കുന്ന അഞ്ചു പേരുമെന്നാണ് പോലീസ് വ്യക്തമാക്കിയത്. എന്നാല്‍ വിഘടനവാദികളും മറ്റും ചേര്‍ന്ന് ഇതിന്റെ മറവില്‍ സംഘര്‍ഷം അഴിച്ചുവിടുകയും ബന്ദ് ആഹ്വാനം ചെയ്തിരിക്കുകയുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.