ഡിസിസി പ്രസിഡന്റിനെതിരെ വ്യാപക പോസ്റ്റര്‍ പ്രചാരണം

Sunday 18 October 2015 7:29 pm IST

ആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ ഡിസിസി പ്രസിഡന്റിനെതിരെ വ്യാപക പോസ്റ്റര്‍ പ്രചാരണവും, കോണ്‍ഗ്രസില്‍നിന്ന് രാജിയും. നഗരസഭാ തെരഞ്ഞെടുപ്പില്‍ അര്‍ഹരെ ഒഴിവാക്കി പാര്‍ശ്വവര്‍ത്തികള്‍ക്കും പാര്‍ടിവിരുദ്ധര്‍ക്കും സീറ്റ് നല്‍കിയെന്നാരോപിച്ചാണ് പ്രതിഷേധം. ഷുക്കൂറിനെ യൂദാസായി ചിത്രീകരിക്കുന്ന പോസ്റ്ററുകള്‍ ആറാട്ടുവഴി വാര്‍ഡില്‍ ഉടനീളം പതിച്ചു. വാര്‍ഡിന്റെ സിറ്റിങ് സീറ്റ് നഷ്ടപ്പെടുത്തിയ യൂദാസിനെ ഒറ്റപ്പെടുത്തുക. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ട് ബഹിഷ്‌കരിക്കുന്നു എന്ന പോസ്റ്ററുകളാണ് പതിപ്പിച്ചിട്ടുള്ളത്. വാര്‍ഡ് കമ്മിറ്റികള്‍ നിശ്ചയിക്കുന്നവര്‍ക്ക് സീറ്റുനല്‍കണമെന്നാണ് പാര്‍ടിയുടെ തീരുമാനമെന്ന് കെപിസിസി പ്രസിഡന്റ് കണ്‍വന്‍ഷനില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പല വാര്‍ഡുകളിലും നേതാക്കളുടെ പാര്‍ശ്വവര്‍ത്തികളെയോ ഇഷ്ടക്കാരെയോ ആണ് സ്ഥാനാര്‍ഥികളാക്കിയിരിക്കുന്നതായാണ് ആക്ഷേപം. ആറാട്ടുവഴി വാര്‍ഡില്‍ വാര്‍ഡ് കമ്മിറ്റി യോഗം ചേര്‍ന്ന് രണ്ട് സ്ഥാനാര്‍ഥികളെ പരിഗണിച്ചു. ഷീബയെയും കുഞ്ഞുമോളെയും. ഷീബയ്ക്ക് 69 ശതമാനവും കുഞ്ഞുമോള്‍ക്ക് ഒമ്പതു ശതമാനവും വോട്ടുകളാണ് വാര്‍ഡ് കമ്മിറ്റിയില്‍ ലഭിച്ചത്. നിലവിലെ കൗണ്‍സിലര്‍ ഡിസിസി പ്രസിഡന്റിനെ സ്വാധീനിച്ച് കുഞ്ഞുമോളെ സ്ഥാനാര്‍ഥിയാക്കാന്‍ രാജു താന്നിക്കല്‍ നീക്കം നടത്തിയെന്നും ഇതെത്തുടര്‍ന്ന് പേരിനുപോലും വാര്‍ഡില്‍ ഇല്ലാത്ത ആര്‍എസ്പിക്ക് ആറാട്ടുവഴി വാര്‍ഡ് നല്‍കുകയാണ് ഡിസിസി പ്രസിഡന്റ് ഷുക്കൂര്‍ ചെയ്തതെന്നുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്ഷേപം. കൊമ്മാടി വാര്‍ഡില്‍ സിഎംപി ജില്ലാ സെക്രട്ടറി പി ബിനുവിന് കൈപ്പത്തി ചിഹ്നം നല്‍കി മത്സരിപ്പിക്കുന്നതിനെതിരെയും കോണ്‍ഗ്രസില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു. ഇതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ റിബല്‍ സ്ഥാനാര്‍ഥികളായി മത്സരിച്ചവര്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് തോണ്ടന്‍കുളങ്ങര വാര്‍ഡ് ബൂത്ത് സെക്രട്ടറിയും ആശ്രമം വാര്‍ഡ് ജനറല്‍ സെക്രട്ടറിയുമായ ആര്‍. ഷാജി പാര്‍ടിയില്‍നിന്ന് രാജിവച്ചു. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ റിബലുകളായി മത്സരിച്ചവരെ തോണ്ടന്‍കുളങ്ങര, ആശ്രമം വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളാക്കിയെന്നാണ് പരാതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.