എല്ലാമൊരു നിയോഗം: ഉണ്ണികൃഷ്ണന്‍ നമ്പൂതിരി

Sunday 18 October 2015 8:15 pm IST

തൃശൂര്‍: എല്ലാം ദൈവനിശ്ചയം, അടുത്ത മണ്ഡലകാലത്തെ മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട വടക്കാഞ്ചേരി പുന്നംപറമ്പ് എടക്കാനം ഇല്ലത്തെ ഇ.എസ്.ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ആദ്യ പ്രതികരണമാണ്. തന്റെ ജന്മനക്ഷത്ര ദിനത്തില്‍ തന്നെ അയ്യപ്പന്റെ കടാക്ഷം ലഭിച്ചത് സുകൃതമാണെന്ന് അദ്ദേഹം പറഞ്ഞു. വടക്കാഞ്ചേരി കരുമരക്കാട് ശിവക്ഷേത്രത്തിലെ മേല്‍ശാന്തിയായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഇന്നലെ രാവിലെ ഭാഗവനെ പൂജിച്ച് കൊണ്ടിരിക്കെയാണ് ശബരിമല പിആര്‍ഒ മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട വിവരം അറിയിച്ചത്. അഞ്ച് വര്‍ഷമായി  മേല്‍ശാന്തി നിയമനത്തിന് അപേക്ഷ നല്‍കിയിരുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഒരു തവണ അവസാന ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഈപ്രാവശ്യം ഭാഗ്യം കടാക്ഷിക്കുകയായിരുന്നു. ഇത്തവണ അപേക്ഷ നല്‍കിയത് മുതല്‍ എല്ലാ കാര്യങ്ങളും ശുഭകരമായിരുന്നതായി അദ്ദേഹം പറഞ്ഞു. ഒരു തടസവുമില്ലാതെയാണ് മുന്നോട്ട് പോയത്. ഇത്തവണ തനിക്ക് നറുക്ക് വീഴുമെന്ന് മനസ്സ് പറഞ്ഞിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കന്നി മാസം ഒന്നിന് ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു. 27 വര്‍ഷമായി പൂജ പ്രവര്‍ത്തികള്‍ ചെയ്യുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ചോറ്റാനിക്കര കീഴ്ക്കാവിലും തിരുവഞ്ചിക്കുളം ക്ഷേത്രത്തിലും മേല്‍ശാന്തിയായിട്ടുണ്ട്.  വീടിന് തൊട്ടടുത്തുള്ള പുന്നംപറമ്പ് കുളപ്പുരമംഗലം ക്ഷേത്രത്തില്‍ മേല്‍ശാന്തിയായിട്ടായിരുന്നു തുടക്കം. തുടര്‍ന്ന് മച്ചാട് കുമരുംകിണറ്റുംകര, രവിപുരമംഗലം, കുടുംബാട്ടുകാവ്, തൃശൂര്‍ ഇരട്ടച്ചിറ ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിയായിട്ടുണ്ട്. കരുമരക്കാട് ക്ഷേത്രത്തില്‍ രണ്ട് വര്‍ഷം മുമ്പാണ് ചുമതലയേറ്റത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലാണ് ഇതുവരെയും ജോലി ചെയതത്. ഏറെക്കാലം മുംബൈയിലായിരുന്ന ഇദ്ദേഹം വിനോദ് മേത്തയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. മച്ചാട് ഗവ. സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെയും  സരസ്വതി അന്തര്‍ജ്ജനത്തിന്റെയും മകനാണ് 58കാരനായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. ഭാര്യ. ദേവകി അന്തര്‍ജ്ജനം. മക്കള്‍: ശ്രുതി, ശ്രവ്യ. മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട വിവരം അറിഞ്ഞതോടെ നിരവധി പേര്‍ അനുമോദിക്കാനും അനുഗ്രഹം തേടാനും എത്തി. കരുമരക്കാട് ശിവക്ഷേത്ര കമ്മിറ്റി, മച്ചാട് കുടുംബാട്ടുകാവ് ക്ഷേത്രം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.