പ്രകൃതി സൃഷ്ടി ഹിംസയ്ക്കല്ല

Sunday 18 October 2015 8:34 pm IST

എളുപ്പത്തില്‍ ഒക്കുകയില്ലെങ്കിലും വളരെ പ്രയാസപ്പെട്ടു നോക്കിയാല്‍ നടന്നെന്നു വന്നേക്കാം എന്നു സന്ദേഹത്തിനെങ്കിലും അവകാശമുള്ള കാര്യത്തെ സംബന്ധിച്ചല്ലാതെ, എത്ര പ്രയാസപ്പെട്ടാലും നടക്കുകയില്ലെന്ന് നിശ്ചയമായി കാണുന്ന സംഗതിയെ സാധിപ്പാന്‍ പ്രയാസപ്പെടണമെന്ന്, എങ്ങനെയുള്ള ആള്‍ക്കും, മറ്റൊരാളോടു പറയാന്‍ പാടില്ലെന്നുള്ളതോ പോകട്ടെ നിരൂപിക്കാന്‍ പോലും പാടില്ലാത്തതാണ്. ഹിംസ പാടില്ലെന്നു പറയാന്‍ ഒരു വിധത്തിലും ഹിംസയില്ലാത്തവര്‍ വേണമല്ലോ. അങ്ങനെയുള്ളവര്‍ ഇല്ലതാനും. ഹിംസ പാടില്ലെന്നു പറഞ്ഞാല്‍ ഉന്മത്തപ്രലാപസദൃശം ആരും വകവയ്ക്കില്ല. അതിനാല്‍ ഹിംസ പാടില്ലെന്നു പറയാന്‍ ലോകത്ത് ഒരുവനും ഇല്ല. ഹിംസിക്കാമെന്ന് ആര്‍ക്കും പറയുകയും ചെയ്യാം. ലോകത്തുള്ള ഒരുവനും ഒരിടത്തും ഒരു വിധത്തിലും ഒന്നിനേയും കൊല്ലാതിരിക്കാന്‍ കഴിയാത്തതുകൊണ്ട് ഹിംസയ്ക്കായിട്ടാണ് പ്രപഞ്ചസൃഷ്ടി എന്നാണെങ്കില്‍, എല്ലാപേരും കൂടി എല്ലായ്‌പ്പോഴും എല്ലായിടത്തും എല്ലാവിധത്തിലും ശ്രമിച്ചാലും അല്പനേരത്തേയ്‌ക്കെങ്കിലും എല്ലാവറ്റേയും ഹിംസിക്കാന്‍ കഴികയില്ലല്ലോ. ജനനത്തിലകപ്പെടുന്നതിനെയെല്ലാം ആരും കൊന്നില്ലെങ്കിലും സ്വാഭാവികമായിട്ടു മരണം സംഭവിക്കുന്നു. അതിനാല്‍ പ്രകൃതിസൃഷ്ടി ഹിംസയ്ക്കായിട്ടല്ല. അത്രയുമല്ലാ അല്പനേരമെങ്കിലും അനങ്ങാതെയും മിണ്ടാതെയും ഭക്ഷിക്കാതെയും ശ്വാസമടക്കിക്കൊണ്ട് ഇരിക്കാമെങ്കില്‍ അത്രയും നേരം അഹിംസകനായിരിക്കാന്‍ കഴിയുകയും ചെയ്യും. കുട്ടികളല്ലാത്തവര്‍ക്കെല്ലാം ഇതു കഴിയുന്നതാണ്. അതിനാല്‍ എല്ലാറ്റിനേയും ഹിംസിക്കാനല്ല, ഹിംസിക്കാതിരിക്കാനാണ് കഴിയുന്നത്. ആടു മാടു മുതലായ ജന്തുക്കള്‍ മനുഷ്യര്‍ക്കും മറ്റും കൊന്നു തിന്നുവാനുള്ളവയാണെന്നും, തിന്നുമെന്നുള്ള ബുദ്ധിയും, അതിലേക്കു തക്ക ശക്തിയും മനുഷ്യാദികള്‍ക്കും, അളവറ്റ വേദന, ഭയം, അതില്‍ നിന്നു രക്ഷപ്പെടണമെന്നുള്ള അത്യാഗ്രഹം ഇവയെല്ലാം എപ്പോഴും ഉണ്ടായിരുന്നിട്ടും അതു ഫലപ്പെടാതെ കൊല്ലപ്പെടാന്‍ (മരിക്കാന്‍) ഉള്ള ശക്തിമാത്രം മൃഗാദികള്‍ക്കും സിദ്ധിച്ചിരിക്കുന്നു. അതുപോലെ മനുഷ്യാദികള്‍ അവയെ ഭക്ഷിച്ചുവരുന്നത് സാധാരണയായിരിക്കയാല്‍ മനുഷ്യാദികള്‍ക്കായിട്ടാണ് മൃഗാദികള്‍ സൃഷ്ടിക്കപ്പെട്ടത് എന്നാണെങ്കില്‍ സിംഹം, കടുവ, പുലി, മുതലായവ മനുഷ്യരേയും മറ്റും പിടിച്ചു തിന്നുന്നത് സ്വാഭാവികമായിരിക്കുന്നതുകൊണ്ട് അവയ്ക്കായിട്ടാണ് മനുഷ്യാദിയെ സൃഷ്ടിച്ചത് എന്നും വിചാരിക്കണം. അത്രതന്നെയുമല്ല, സിംഹാദികള്‍ക്ക് ഹിംസയ്ക്കായി അവയുടെ കരചരണാദ്യവയവങ്ങളല്ലാതെ തോക്ക്, വാള്‍, കുന്തം മുതലായ അന്യ ആയുധങ്ങളോ ഭക്ഷിക്കുന്നതിലേക്ക് അടുപ്പ്, തീയ്യ്, ഉപ്പ്, പലവ്യഞ്ജനം, പാകം ചെയ്യല്‍ മുതലായവ ഒന്നും തന്നെ വേണ്ടതാനും. അതിനാല്‍ ഇതാണു സാധാരണ ശരിയായിട്ടുള്ളത്. മനുഷ്യന് മാംസഭക്ഷണം ആദ്യം വെറുപ്പും ചിരപരിചയത്താല്‍ പിടിച്ചതുമാണ്. സിംഹാദികള്‍ക്ക് അങ്ങനെയല്ല, അതുകൊണ്ട് മൃഗങ്ങള്‍ക്കാഹാരമായിട്ടാണ് മനുഷ്യരെ സൃഷ്ടിച്ചത്, എന്നു വിചാരിക്കരുതോ? തുടരും