ആധുനിക മലയാളത്തിന്റെ തുടക്കം കണ്ണശക്കവികളില്‍ നിന്ന്: എസ്.വി. വേണുഗോപന്‍ നായര്‍

Sunday 18 October 2015 9:14 pm IST

ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജ് മലയാളവിഭാഗത്തിന്റെ സഹകരണത്തോടെ കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച കണ്ണശ്ശന്മാരും മലയാള സാഹിത്യവും ഏകദിന സെമിനാല്‍ എസ്.വി. വേണുഗോപന്‍നായര്‍ ഉദ്ഘാടനം ചെയ്യുന്നു. വി. മധുസൂദനന്‍നായര്‍, പെരുമ്പടവം ശ്രീധരന്‍ സമീപം

നെയ്യാറ്റിന്‍കര: ആധുനികമലയാളഭാഷയുടെ തുടക്കവും വളര്‍ച്ചയും കണ്ണശ്ശകവികളുടെ കൃതികളില്‍ കാണാമെന്ന് എസ്.വി. വേണുഗോപന്‍നായര്‍ പറഞ്ഞു. ധനുവച്ചപുരം വിടിഎംഎന്‍എസ്എസ് കോളേജ് മലയാളവിഭാഗത്തിന്റെ സഹകരണത്തോടെ കേരളസാഹിത്യഅക്കാദമി സംഘടിപ്പിച്ച കണ്ണശ്ശന്മാരും മലയാളസാഹിത്യവും ഏകദിനസെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളഭാഷയുടെ സൗന്ദര്യവും ഓജസ്സും നിറഞ്ഞ മഹാകാവ്യങ്ങള്‍ കണ്ണശ്ശകവികള്‍ എഴുതി. തമിഴിന്റെ ആധിപത്യത്തില്‍ നിന്നുള്ള വിട്ടുപോരലായിരുന്നു കണ്ണശക്കവിതകള്‍ നിര്‍വഹിച്ച ദൗത്യം. ഭക്തിയും ജ്ഞാനവും ആവിഷ്‌കരിക്കാന്‍ പുതിയ കാവ്യഭാഷ സൃഷ്ടിച്ച കണ്ണശ്ശകവികള്‍ എഴുത്തച്ഛന് മാര്‍ഗദര്‍ശികളായിരുന്നു. മഹാഭാരതവും രാമായണവും ഭഗവദ്ഗീതയും മലയാളത്തില്‍ എഴുതിയ ഈ ജനകീയകവികള്‍ സാഹിത്യചരിത്രത്തില്‍ വലിയവിപ്ലവം വരുത്തി. ഭാഷയുടെ അടിത്തറ ഒരുക്കിയ കണ്ണശന്മാര്‍ സൃഷ്ടിച്ച നവഭാവുകത്വം കാലഘട്ടത്തിന്റെ മുഖച്ഛായ മാറ്റിമറിച്ചുവെന്ന് വേണുഗോപന്‍ നായര്‍ പറഞ്ഞു.
സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഭാഷ സ്വാതന്ത്ര്യമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ വി. മധുസൂദനന്‍നായര്‍ പറഞ്ഞു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ എം.ആര്‍. സുദര്‍ശനകുമാര്‍, അക്കാദമി സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍, മലയാളവകുപ്പുമേധാവി ഡോ ആര്‍. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡോ നടുവട്ടം ഗോപാലകൃഷ്ണനും ഡോ എന്‍. സാമും പ്രബന്ധങ്ങളവതരിപ്പിച്ചു. പാലോട് വാസുദേവന്‍ മോഡറേറ്ററായി, ഡോ ആര്‍.ആര്‍. രശ്മി സ്വാഗതവും ഡോ എം. അനുപമ നന്ദിയും പറഞ്ഞു. ഡോ പുതുശേരി രാമചന്ദ്രന്‍ കണ്ണശന്മാരും മലയാളസാഹിത്യവും വിഷയത്തില്‍ പ്രഭാഷണം നടത്തി. ഡോ സി.ആര്‍. പ്രസാദ് പ്രബന്ധം അവതരിപ്പിച്ചു. അക്കാദമിഅംഗം ബേബി തോമസ് മോഡറേറ്ററായി. സുരേഷ് മാധവ് സ്വാഗതവും ബി.ഒ. അയ്യപ്പദാസ് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.