ബാലറ്റ് പേപ്പര്‍ അച്ചടി ആരംഭിച്ചു

Saturday 8 April 2017 11:25 pm IST

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായതോടെ ബാലറ്റ് പേപ്പറുകളുടെ അച്ചടി വിവിധ സര്‍ക്കാര്‍ പ്രസ്സുകളില്‍ ആരംഭിച്ചു. ഒരു പോളിംഗ് സ്റ്റേഷന് അഞ്ച് ബാലറ്റ് ലേബലുകള്‍, ടെണ്ടേര്‍ഡ് വോട്ടിനായുള്ള 10 ബാലറ്റുകള്‍, ആവശ്യാനുസരണമുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ എന്നിവ അച്ചടിക്കണമെന്നാണ്  തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതനുസരിച്ച്  21871 തദ്ദേശഭരണ മണ്ഡലങ്ങള്‍ക്കായി ഏഴ് ലക്ഷത്തോളം ബാലറ്റുകള്‍ അച്ചടിക്കുന്ന നടപടികളാണ് ഇപ്പോള്‍ നടന്നു വരുന്നത്. തെരഞ്ഞെടുപ്പ് ചട്ടം 13 അനുസരിച്ച് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കേണ്ട അവസാനദിവസം വൈകുന്നേരം മൂന്നിനു ശേഷം മത്സരരംഗത്ത് അവശേഷിക്കുന്നവരുടെ പട്ടിക 6-ാം നമ്പര്‍ ഫാറത്തില്‍ തയ്യാറാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പ്രസ്സില്‍ അച്ചടിക്കായി നല്‍കേണ്ടതുണ്ട് എന്ന വ്യവസ്ഥ പ്രകാരമാണ് ബാലറ്റ് അച്ചടി നടന്നുവരുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെയും പാലക്കാട് ജില്ലയിലെ ചിറ്റൂര്‍-തത്തമംഗലം മുനിസിപ്പാലിറ്റിയിലെയും തെരഞ്ഞെടുത്ത വാര്‍ഡുകളിലെ ബാലറ്റ് ലേബല്‍, ബാലറ്റ് പേപ്പര്‍ എന്നിവ തമിഴ് ഭാഷയിലും   കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലേത് കന്നഡ ഭാഷയിലും അച്ചടിക്കും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വലിയശാല, കരമന വാര്‍ഡുകളിലേക്കും ചിറ്റൂര്‍-തത്തമംഗലം മുനിസിപ്പാലിറ്റിയിലെ അരംഗം, വടക്കത്തറ, ദേവാങ്കപുരം എന്നീ വാര്‍ഡുകളിലേക്കുമുള്ള ബാലറ്റ് ലേബലും ബാലറ്റ് പേപ്പറുമാണ് തമിഴില്‍ കൂടി അച്ചടിക്കുക. കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ ചേരങ്കൈ വെസ്റ്റ്, ചേരങ്കൈ ഈസ്റ്റ്, അരുക്കത്ത് ബയല്‍, താളിപ്പടുപ്പ്, കറന്തക്കാട്, ആനബാഗിലു, നുള്ളിപ്പാടി, നുള്ളിപ്പാടി നോര്‍ത്ത്, അണങ്കൂര്‍, വിദ്യാനഗര്‍, ബദിര, ചാല, ചാലക്കുന്ന്, തുരുത്തി, കൊല്ലംപാടി, പച്ചക്കാട്, ചെന്നിക്കര, പുലിക്കുന്ന്, കൊറക്കോട്, ഫിഷ് മാര്‍ക്കറ്റ്, ഹൊണ്ണമൂല, തെരുവത്ത്, പള്ളിക്കാല്‍, ഖാസിലേന്‍,  തളങ്കര ബാങ്കോട്, തളങ്കര ജദീത് റോഡ്, തളങ്കര കണ്ടത്തില്‍, തളങ്കര കെ.കെ. പുറം, തളങ്കര പടിഞ്ഞാര്‍, തളങ്കര ദീനാര്‍ നഗര്‍, തായലങ്ങാടി, താലൂക്ക് ഓഫീസ്, ബീരന്ത് ബയല്‍, നെല്ലിക്കുന്ന് പള്ളം, കടപ്പുറം സൗത്ത്, കടപ്പുറം നോര്‍ത്ത്, ലൈറ്റ് ഹൗസ് എന്നീ 38 വാര്‍ഡുകളിലേക്കുമുള്ള ബാലറ്റ് ലേബല്‍, ബാലറ്റ് പേപ്പര്‍ എന്നിവ കന്നഡ ഭാഷയില്‍ കൂടിയും അച്ചടിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.