ആര്‍.ശങ്കറും പുന്നപ്ര-വയലാര്‍ സമരവും

Sunday 18 October 2015 10:16 pm IST

നേതൃത്വരാഹിത്യംകൊണ്ട് ഒരു മഹാപ്രസ്ഥാനവും സമുദായവും ശ്രീനാരായണ ദര്‍ശനങ്ങളില്‍നിന്നകന്ന് വിപ്ലവരാഷ്ട്രീയപാതയിലേക്ക് കാല്‍വച്ചുകൊണ്ടിരുന്ന കാലഘട്ടത്തിലാണ് എസ്എന്‍ഡിപി യോഗ നേതൃത്വത്തിലേക്ക് ആര്‍.ശങ്കര്‍ കടന്നുവരുന്നത്. ആത്മവിശ്വാസത്തിന്റെയും സ്വാഭിമാനത്തിന്റെയും സ്വാശ്രയത്വത്തിന്റെയും പാതയാണ് അദ്ദേഹം ഒരുക്കിയത്. നിഷേധത്തിന്റെ തത്വശാസ്ത്രം പേറി അസഹിഷ്ണുത മുഖമുദ്രയാക്കിയ രാഷ്ട്രീയ ചാവേറുകളായി ഈഴവസമൂഹം മാറുന്നത് തടയാന്‍ ശങ്കറിന് കഴിഞ്ഞു. പിന്നോക്ക സമുദായങ്ങള്‍ ചെങ്കൊടിയേന്തി വിപ്ലവപാത സ്വീകരിക്കുന്നത് ആത്മഹത്യാപരമാകുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. വിദ്യകൊണ്ട് പ്രബുദ്ധത നേടാനും സാമൂഹിക മണ്ഡലത്തില്‍ ആത്മവിശ്വാസത്തോടെ നേതൃത്വം അലങ്കരിക്കുവാനും അടിസ്ഥാന ജനവിഭാഗങ്ങളെ തയ്യാറാക്കുവാനുമുള്ള കര്‍മ്മപദ്ധതികളാണ് അദ്ദേഹം സ്വീകരിച്ചത്. എസ്എന്‍ഡിപി യോഗം ഉന്നതവിദ്യാഭ്യാസ രംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്തുന്നത് ശങ്കറിന്റെ നേതൃത്വത്തിലാണ്. പില്‍ക്കാലത്ത് ശങ്കറിന്റെ ഭരണകാലത്താണ് സംസ്ഥാനവ്യാപകമായി ഏതാണ്ട് 60 കോളേജുകള്‍ സ്ഥാപിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ മേഖലയിലും സംസ്ഥാനത്ത് നിരവധി സ്ഥാപനങ്ങള്‍ ഉയരുന്നത് ശങ്കറിന്റെ ഭരണകാലത്താണ്. സംഘടനകൊണ്ട് ശക്തിയും വിദ്യാഭ്യാസംകൊണ്ട് സ്വാതന്ത്ര്യവും നേടുക എന്ന ഗുരുദേവന്റെ സന്ദേശം പ്രായോഗികതലത്തില്‍ കൊണ്ടുവരാനാണ് ശങ്കര്‍ ശ്രമിച്ചത്. സാംസ്‌കാരികമുന്നേറ്റം കൂടാതെ ഒരു പുരോഗതിയും ഉണ്ടാവുകയില്ല, അവശവിഭാഗങ്ങള്‍ സാമൂഹിക അടിമത്വത്തില്‍നിന്നും രാഷ്ട്രീയ അടിമത്വത്തിലേക്ക് പോകുന്നത് അദ്ദേഹം കണ്ടു. രാഷ്ട്രീയവും സാമൂഹികവുമായ സ്വാതന്ത്ര്യം നേടണമെങ്കിലും ആ സ്വാതന്ത്ര്യം നിലനിര്‍ത്തണമെങ്കിലും അവശജനവിഭാഗങ്ങള്‍ വിദ്യാഭ്യാസം നേടണമെന്ന് ശങ്കര്‍ കരുതി. എസ്എന്‍ഡിപി യോഗത്തിന്റെ അന്‍പതാം വാര്‍ഷിക സമ്മേളനത്തില്‍ ശങ്കറിന്റെ  വിദ്യാഭ്യാസ വിപ്ലവത്തിന്റെ സന്ദേശം കാണാം. അദ്ദേഹം പറയുന്നു: ഒരു വിഭാഗത്തിനും ഇനി പരിരക്ഷകളുടെ തണലില്‍ മുന്നേറുക സാധ്യമല്ല. തുറന്ന രംഗത്ത് ആരോടും മത്സരിച്ച് ഏത് സ്ഥാനവും കരസ്ഥമാക്കാമെന്ന ആത്മവിശ്വാസവും അതിനുള്ള കഴിവും സമ്പാദിച്ചെങ്കില്‍ മാത്രമേ ഇനി ഏത് വിഭാഗത്തിനും ഇവിടെ കഴിഞ്ഞുകൂടുക സാദ്ധ്യമാകുകയുള്ളൂ. ഈഴവര്‍ക്കും മറ്റ് ചില പിന്നാക്ക സമുദായങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരില്‍നിന്നും പ്രാതിനിധ്യ വിഷയത്തില്‍ ചില രക്ഷാവ്യവസ്ഥകള്‍ തല്‍ക്കാലം കിട്ടിയിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കകം ആ വ്യവസ്ഥകള്‍ സ്വയം നശിക്കുന്നതാണ്. അതിനിടയില്‍ ആരോടും മത്സരിച്ച് സ്വന്തം അവകാശം സംരക്ഷിക്കാനുള്ള പ്രാപ്തി ഉണ്ടാക്കിത്തീര്‍ക്കണം.... സ്വാശ്രയശീലം ഒന്നു മാത്രമേ നമ്മെ രക്ഷിക്കുകയുള്ളൂ. നമ്മുടെ സംഘടന ഉപയോഗപ്പെടുത്തി ചില വിദ്യാഭ്യാസ സൗകര്യങ്ങള്‍ നല്‍കാം. ഈ സൗകര്യങ്ങള്‍ വേണ്ടപോലെ പ്രയോജനപ്പെടുത്താന്‍ നമ്മുടെ ചെറുപ്പക്കാര്‍ മനപൂര്‍വ്വം പ്രവര്‍ത്തിച്ചില്ലെങ്കില്‍ നമ്മുടെയും അവരുടെയും ഭാവി ശോഭനമായിരിക്കുകയില്ല.(ആര്‍. ശങ്കറിന്റെ ജീവചരിത്രം”എം.കെ. കുമാരന്‍ പേജ്- 209    210) എസ്എന്‍ഡിപി യോഗത്തിന്റെ മറ്റ് നേതാക്കളില്‍നിന്ന് വിഭിന്നമായി ആര്‍.ശങ്കറിന്റെ പാത ശ്രദ്ധേയമാകുന്നത്, അദ്ദേഹത്തിന്റെ ഊന്നല്‍ സമരരൂപങ്ങള്‍ക്കല്ല, മറിച്ച് സമുദായത്തിന്റെ സമഗ്രപുരോഗതിക്ക് സഹായകമാകുന്ന കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലായതുകൊണ്ടാണ്. സഹോദരന്‍ അയ്യപ്പനും സി.കേശവനും സമരപാതയാണ് സ്വീകരിച്ചത്. സ്വയം ശാക്തീകരിക്കാതെ കേവലം സമരപാതയിലൂടെ മുന്നേറാന്‍ കഴിയില്ല എന്ന് ശങ്കര്‍ തിരിച്ചറിഞ്ഞു. അറിവാണ് സ്വാതന്ത്ര്യം, അറിവാണ് ശക്തി. വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ ഈഴവ സമുദായം സ്വതന്ത്രമാകൂ, ശക്തമാകൂ എന്ന് ശങ്കര്‍ വിശ്വസിച്ചു. ആര്‍.ശങ്കറിന്റെ കമ്മ്യൂണിസ്റ്റ് സമീപനം ഏറെ പഠനമര്‍ഹിക്കുന്നു. കാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കിയ, പിന്നാക്കസമുദായത്തില്‍പ്പെട്ട പാവപ്പെട്ട തൊഴിലാളികളെ ബലികൊടുത്ത പുന്നപ്ര-വയലാര്‍ സമരത്തെക്കുറിച്ചും ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പതനത്തെക്കുറിച്ചും പറയുമ്പോള്‍ ആദ്യം മുന്നില്‍വരുന്നത് ആര്‍.ശങ്കറിന്റെ നാമമാണ്. 1945ല്‍ എസ്എന്‍ഡിപി യോഗത്തിന്റെ വാര്‍ഷികറിപ്പോര്‍ട്ടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ശങ്കര്‍ വിമര്‍ശിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തെ ജനകീയ യുദ്ധമെന്ന് വിശേഷിപ്പിച്ച്, ദേശീയ സ്വാതന്ത്ര്യസമരത്തെ തുരങ്കംവച്ച് ബ്രിട്ടീഷ് അനുകൂല നിലപാടെടുത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അത് മഹാപാപമാണെന്നും തെറ്റാണെന്നുമുള്ള ബോധം ഇപ്പോഴെങ്കിലും ഉണ്ടായോ എന്ന് ശങ്കര്‍ ചോദിക്കുകയുണ്ടായി (ആര്‍. ശങ്കറിന്റെ ജീവചരിത്രം” എം.കെ. കുമാരന്‍ പേജ്- 247) 1945ല്‍ യുദ്ധാനന്തരം ഉടലെടുത്ത പ്രതേ്യക സാഹചര്യത്തിലാണ് തിരുവിതാംകൂര്‍  ദിവാനായ സര്‍ സി.പി. രാമസ്വാമി അയ്യര്‍ അമേരിക്കന്‍ മോഡല്‍ ഭരണപരിഷ്‌ക്കാരം പ്രഖ്യാപിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ 'അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍' എന്ന മുദ്രാവാക്യവുമായി കമ്മ്യൂണിസ്റ്റുകാര്‍ മുന്നില്‍വന്നു. യുദ്ധാനന്തരമുണ്ടായ സാമ്പത്തിക കുഴപ്പത്തില്‍ നട്ടം തിരിയുകയായിരുന്നു തിരുവിതാംകൂര്‍. യുദ്ധം അവസാനിച്ചതോടെ യുദ്ധാവശ്യങ്ങള്‍ക്കുവേണ്ടിയും മറ്റും രാപ്പകല്‍ പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറികള്‍ അടച്ചുപൂട്ടി. തൊഴിലല്ലായ്മ പടര്‍ന്നുപിടിച്ചു. നിതേ്യാപയോഗസാധനങ്ങളുടെ വിലക്കയറ്റവും സാധാരണക്കാരെ പട്ടിണിയിലേക്കും ദുരിതങ്ങളിലേക്കും പിടിച്ചുതള്ളി. അമ്പലപ്പുഴ-ചേര്‍ത്തല താലൂക്കുകളില്‍ പട്ടിണിമരണംവരെയുണ്ടായി. ഈ സാഹചര്യത്തിലാണ് ഈ പ്രദേശത്തെ തൊഴിലാളികള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയില്‍ പണിമുടക്കിലേക്കും സര്‍ക്കാര്‍ വിരുദ്ധ സമരത്തിലേക്കും കടക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അടിച്ചമര്‍ത്താനും തകര്‍ക്കാനും ദിവാന്‍ സ്വീകരിച്ച നയത്തിന്റെ ഭാഗമായി അമ്പലപ്പുഴ-ചേര്‍ത്തല താലൂക്കില്‍ പട്ടാളത്തെയും പോലീസിനെയും വിന്യസിച്ചു. ക്രൂരമായ മര്‍ദ്ദനവും അഴിച്ചുവിട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഹകരിച്ച് കോണ്‍ഗ്രസ് നേതാക്കളായ സി.കേശവനെയും കുമ്പളത്ത് ശങ്കുപ്പിള്ളയെയും സര്‍ക്കാര്‍ ജയിലിലടച്ചു. ഇതിനിടയില്‍ 1946 സെപ്തംബര്‍ 25-ന് ആലപ്പുഴയില്‍വച്ചുകൂടിയ തൊഴിലാളി പ്രതിനിധികളുടെ സമ്മേളനത്തില്‍ ക്ഷണിക്കപ്പെട്ട അതിഥിയായി സി.കേശവന്‍ പങ്കെടുത്തിരുന്നു. ('സി. കേശവന്‍' ആര്‍. പ്രകാശം,സാസ്‌കാരികവകുപ്പ്)  കോണ്‍ഗ്രസിന്റെ പിന്തുണ തൊഴിലാളികള്‍ക്ക് ഉണ്ടാവുമെന്ന് അദ്ദേഹം ഉറപ്പുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് 1946 ഒക്‌ടോബര്‍ 22 മുതല്‍ തൊഴിലാളികള്‍ പൊതുപണിമുടക്ക് പ്രഖ്യാപിക്കുകയുണ്ടായി. ('സി. കേശവന്‍' ആര്‍. പ്രകാശം,സാസ്‌കാരികവകുപ്പ്) കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കിയ ഈ തൊഴിലാളി സമരത്തോട് അനുഭാവമുള്ള കോണ്‍ഗ്രസ് നേതാക്കളുണ്ടായിരുന്നെങ്കിലും സ്റ്റേറ്റ് കോണ്‍ഗ്രസ് അക്രമസമരത്തെ തള്ളിപ്പറഞ്ഞു. മറ്റ് വിഭാഗങ്ങളും സമരത്തെ എതിര്‍ത്തു. ഇതിനിടയില്‍ മര്‍ദ്ദനനടപടികള്‍ സര്‍ക്കാര്‍ കര്‍ക്കശമാക്കി. എസ്എന്‍ഡിപി യോഗവും ആര്‍.ശങ്കറും കമ്മ്യൂണിസ്റ്റ് സമരത്തെ തള്ളിപ്പറഞ്ഞു. ശങ്കറിന് അതിന്റേതായ കാരണം ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ ശങ്കറിനെയും ശങ്കര്‍ കമ്മ്യൂണിസ്റ്റുകാരേയും ഇഷ്ടപ്പെട്ടിരുന്നില്ല. അതിന്റെ അടിസ്ഥാന കാരണം പ്രത്യയശാസ്ത്രത്തിലും, രാഷ്ട്രീയ സമീപനങ്ങളിലുമുള്ള അന്തരമായിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ ഈഴവരെ ദ്രോഹിക്കുകയും യോഗത്തെ തകര്‍ക്കാനും ശ്രമിക്കുന്നു എന്ന ശങ്കറിന്റെ ആരോപണവും ശങ്കര്‍ മുതലാളിപക്ഷക്കാരാണെന്ന കമ്മ്യൂണിസ്റ്റുകാരുടെ ആരോപണവും അക്കാലത്ത് നിലനിന്നിരുന്നു. എസ്എന്‍ഡിപി യോഗത്തിന്റെ 42-ാം വാര്‍ഷികറിപ്പോര്‍ട്ടില്‍ (1946) ശങ്കര്‍  പുന്നപ്ര-വയലാര്‍ സമരത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: ''ഇനി എനിക്ക് മുഖ്യമായി പറയുവാനുള്ളത് അമ്പലപ്പുഴയിലും ചേര്‍ത്തലയിലും ഈയിടെ നടന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങളെപ്പറ്റിയാണ്. അവിടെ തൊഴിലാളികള്‍ ആയുധമെടുത്തുകൊണ്ട് ഗവണ്മെന്റിനെതിരായി സമരം ചെയ്യുവാന്‍ ഒരുങ്ങുന്നതായും അതിനെ നേരിടാന്‍ റിസര്‍വ് പോലീസും പട്ടാളവും സ്ഥലത്തെത്തിയിരിക്കുന്നതായും മറ്റും അറിവ് ലഭിച്ചതനുസരിച്ച് യോഗം കൗണ്‍സിലും ബോര്‍ഡും നിയോഗിച്ച സബ്കമ്മറ്റി അംഗങ്ങള്‍ തൊഴിലാളികളെ അവരുടെ ചിന്താശൂന്യമായ സംരംഭത്തില്‍നിന്ന് പിന്തിരിപ്പിക്കുവാനും, ഒരു സംഘട്ടനം ഒഴിവാക്കുന്നതിനും  ചെയ്ത യത്‌നത്തെപ്പറ്റി തുലാമാസം 10-ാം തീയതി ചേര്‍ത്തലയില്‍നിന്നു ഞാനും, പുറപ്പടുവിച്ചിരുന്ന പ്രസ്താവനയില്‍ സാമാന്യമായി പറഞ്ഞിട്ടുണ്ട്. 95 ശതമാനവും ഈഴവരായ നേതാക്കന്മാരെ നേരിട്ടു കണ്ടു. അവര്‍ മറ്റു ചിലരുടെ താത്പര്യങ്ങള്‍ക്കുവേണ്ടി ഹോമിക്കപ്പെടുവാന്‍ പോകുകയാണെന്ന് അവരെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചുവരുന്ന വിവരം മനസ്സിലാക്കിയ മുന്നണിനേതാക്കന്മാര്‍ അതിനിടയാകുന്നതിനുമുന്‍പുതന്നെ ഒരു സംഘട്ടനമുണ്ടാക്കി, സമാധാനം അസാദ്ധ്യമാക്കിത്തീര്‍ക്കണമെന്നു കരുതിക്കൂട്ടി പ്രവര്‍ത്തിക്കുകയും, പുന്നപ്രയില്‍ പോലീസ് ക്യാമ്പ് തൊഴിലാളികളെ വിട്ട് ആക്രമിപ്പിക്കുകയും, പോലീസ് ഉദേ്യാഗസ്ഥരെ കൊലപ്പെടുത്തുകയും ചെയ്തതുമൂലമാണ് ഞങ്ങളുടെ സമാധാനശ്രമങ്ങള്‍ വിഫലമായി കലാശിച്ചത്. ഈഴവത്തൊഴിലാളികളെ മാത്രമല്ല, മുതലാളിമാരെപ്പോലും കേസുകളില്‍ ഉള്‍പ്പെടുത്തി ഉയര്‍ന്നുവരുന്ന ആ സമുദായത്തെ ചവിട്ടിത്താഴ്ത്തുന്നതിന് ഈയവസരം ഉപയോഗപ്പെടുത്തണമെന്നു തീര്‍ച്ചയാക്കി പ്രവര്‍ത്തിച്ച ചില അസൂയാലുക്കളായ ദുഷ്ടന്മാര്‍, ആഗ്രഹിച്ചതെല്ലാം നടത്തുന്നതിനു യോഗം പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചില്ല എന്നുകണ്ടപ്പോള്‍ യോഗം സബ് കമ്മറ്റി അംഗങ്ങളെയും, വിശേഷിച്ച് എന്നെയുംപറ്റി മിഥ്യാപവാദങ്ങളും ദുഷ്പ്രചരണങ്ങളും നടത്തുവാന്‍ ആരംഭിച്ചു''.(ആര്‍. ശങ്കര്‍ .ജീവചരിത്രം. എം. കെ. കുമാരന്‍, പേജ് 271-272) ചേര്‍ത്തല-അമ്പലപ്പുഴ താലൂക്കുകളിലെ ഈഴവരുടെ പ്രശ്‌നങ്ങള്‍ വിവരിച്ചശേഷം എസ്എന്‍ഡിപി യോഗത്തിന്റെ 42-ാം വാര്‍ഷിക റിപ്പോര്‍ട്ടില്‍ ശങ്കര്‍ ഇങ്ങനെ തുടരുന്നു: ''ഇങ്ങനെയായിരിക്കുമ്പോഴാണ് അവര്‍ ആരുടെയോ ആവശ്യത്തിനായുള്ള വിപ്ലവത്തിന്റെ ആയുധമായിത്തീര്‍ന്നത്. ബുദ്ധിയുടെ ലേശമെങ്കിലും ഉള്ളവരാരും വിശ്വസിക്കാത്ത നുണകള്‍ ഈ പാവങ്ങളെക്കൊണ്ടു വിശ്വസിപ്പിക്കുന്നതിനു കമ്മ്യൂണിസ്റ്റുകാര്‍ക്കു കഴിഞ്ഞു. അങ്ങനെ തോക്കിന്റെ മുന്‍പില്‍ അടയ്ക്കാമരവാരിയുമായി അവര്‍ യുദ്ധത്തിനിറങ്ങി. ആപത്തുള്ള ഈ ഘട്ടം വന്നപ്പോഴേക്ക് ഈഴവേതര രായ തൊഴിലാളികളും നേതാക്കന്മാരും മിക്കവാറും രംഗത്തുനിന്നും മാറി. മുന്നണിനേതാക്കന്മാര്‍ പലരും ഒളിച്ചു. ചിലര്‍ ഈ സംരംഭവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് പ്രസ്താവനകള്‍ പുറപ്പെടുവിച്ചു. പിന്മാറിക്കളയാന്‍ സാദ്ധ്യമാകാതെ മുന്നിലകപ്പെട്ടുപോയ അന്യരായ ചില നേതാക്കന്മാര്‍ ഈ സാധുതൊഴിലാളികളെ ആഹൂതി ചെയ്യുവാന്‍ തന്നെ തീരുമാനിച്ചു. അങ്ങനെ പുന്നപ്രസംഭവമുണ്ടായി''. (ആര്‍. ശങ്കര്‍. ജീവചരിത്രം. എം. കെ. കുമാരന്‍, പേജ് 277) പുന്നപ്ര-വയലാര്‍ സമരത്തെക്കുറിച്ച് മറ്റൊരുതരത്തിലും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. 1946ല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ ഉണ്ടാകുകയും, ബ്രിട്ടന്‍ ഇന്ത്യ വിടാന്‍ തീരുമാനിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ ദിവാന്‍ഭരണം അവസാനിപ്പിക്കുന്നതിനു പുന്നപ്ര-വയലാര്‍ സമരംപോലെ ബുദ്ധിശൂന്യമായ ഒരു സമരം വേണ്ടിയിരുന്നില്ല. ക്വിറ്റ് ഇന്ത്യാ സമരകാലത്തെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ദേശദ്രോഹ സമീപനം ജനങ്ങളില്‍ ഉണ്ടാക്കിയ വെറുപ്പും അവിശ്വാസവും നീക്കി ജനസ്വാധിനം വീണ്ടെടുക്കാന്‍  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപപ്പെടുത്തിയ സമരമായിരുന്നു പുന്നപ്ര-വയലാര്‍ കലാപമെന്ന് ശങ്കര്‍ വിശ്വസിച്ചിരുന്നു. മറ്റ് എസ്എന്‍ഡിപിനേതാക്കൡ നിന്നും ആര്‍.ശങ്കര്‍ വ്യത്യസ്തനാകുന്നത് അദ്ദേഹം ഒരുകാലത്തും കമ്മ്യൂണിസ്റ്റാനുഭാവം കാട്ടിയില്ല എന്നതുകൊണ്ടാണ്. കമ്മ്യാണിസ്റ്റുപാര്‍ട്ടിയെയും പാര്‍ട്ടി പരിപാടികളെയും ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ അക്കാലത്ത് കമ്മ്യൂണിസ്റ്റനുകൂല നിലപാടെടുത്ത നിരവധി എസ്എന്‍ഡിപി നേതാക്കളുണ്ടായിരുന്നു. 1917ലെ  റഷ്യന്‍ വിപ്ലവത്തിനുശേഷം, ആ വിപ്ലവത്തിന്റെ മാഹാത്മ്യം വിവരിക്കാനും പ്രചരിപ്പിക്കാനും മുന്‍കൈയടുത്ത നേതാക്കന്മാരായിരുന്നു മിതവാദി കൃഷ്ണനും സഹോദരന്‍ അയ്യപ്പനും. ആ വഴിയിലൂടെയാണ് സി.കേശവനും വരുന്നത്. സി.കേശവന്റെയും കെ.സി കുട്ടന്റെയും നേതൃത്വത്തില്‍ 1933-ല്‍ ചേര്‍ത്തലയില്‍ രൂപംകൊണ്ട് 'തിരുവിതാംകൂര്‍ ഈഴവ യുവജനസമാജം' കമ്മ്യൂണിസ്റ്റു വിപ്ലാവശയങ്ങള്‍ ഉള്‍ക്കൊണ്ടതായിരുന്നു.('സി.കേശവന്‍ ''ആര്‍. പ്രകാശം,സാസ്‌കാരികവകുപ്പ്, തിരുവനന്തപുരം -2002 പേജ്- 93) ചേര്‍ത്തലയിലെ മണ്ണിനെ വൈകാരികതലത്തില്‍ പ്രതിഷ്ഠിച്ച് വിപ്ലവസജ്ജമാക്കിയത് ഈ കൂട്ടായ്മയായിരുന്നു. പില്‍ക്കാലത്ത് സഹോദരന്‍ അയ്യപ്പനും സി.കേശവനും ജനാധിപത്യ സോഷ്യലിസത്തിന്റെയും മിതവാദത്തിന്റെയും വക്താക്കളായിരുന്നെങ്കിലും ഈഴവസമുദായത്തിലെ താഴെത്തട്ടിലെ വലിയൊരു വിഭാഗത്തെ അവര്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്കു വേണ്ടി തയ്യാറാക്കുകയായിരുന്നു. സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെ ഈ നേതാക്കള്‍ വൈകാരികമായാണ് കണ്ടത്. എന്നാല്‍ ആര്‍.ശങ്കര്‍ പ്രായോഗികതയുടെ അടിസ്ഥാനത്തില്‍ ദീര്‍ഘവീക്ഷണത്തോടെയാണ് പ്രശ്‌നങ്ങളെ നേരിട്ടത്. ശ്രീനാരായണദര്‍ശനങ്ങളെ യുക്തിവാദത്തിന്റെ തലത്തില്‍നിന്നാണ് സഹോദരന്‍ അയ്യപ്പനും സി.കേശവനും കണ്ടത്. യുവതലമുറയെ ശ്രീനാരായണനില്‍നിന്ന് അകറ്റി മാര്‍ക്‌സിസത്തില്‍ തളച്ചിടുന്നതില്‍ ഇവര്‍ വഹിച്ച പങ്ക് വളരെ വലുതാണ്. കമ്മ്യൂണിസ്റ്റുപാര്‍ട്ടിയിലെ സവര്‍ണ്ണ നേതൃത്വം ഈഴവസമുദായത്തെ ബലിയാടാക്കുകയായിരുന്നു എന്ന സത്യം തിരിച്ചറിഞ്ഞതിനാലാണ് ശങ്കര്‍ കമ്മ്യൂണിസ്റ്റുവിരുദ്ധ നിലപാടെടുത്തത്. പുന്നപ്ര-വയലാറില്‍ നടന്ന ഈഴവ കൂട്ടക്കുരുതിയാണ് ശങ്കറിനെ കമ്മ്യൂണിസ്റ്റുവിരുദ്ധപക്ഷത്ത് ശക്തമായി നിലകൊള്ളാന്‍ പ്രേരിപ്പിച്ചത്. ഇന്നും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ രക്തസാക്ഷികളില്‍ 95 ശതമാനവും  ഈഴവരാണ് എന്നതു ശ്രദ്ധേയമാണ്. കണ്ണൂരിലെ പാര്‍ട്ടി രക്തസാക്ഷികള്‍ മുഴുവനും ഈഴവരാണ് എന്നത് ശങ്കറിന്റെ ധാരണ ശരിവയ്ക്കുന്നു. കമ്മ്യൂണിസ്റ്റു പ്രസ്ഥാനം വലിയൊരു വിഭാഗം ജനങ്ങളെ വിശേഷിച്ച് താഴെത്തട്ടിലുള്ള ഈഴവസമുദായാംഗങ്ങളെ രാഷ്ട്രീയാന്ധതയുടെ ഇരുമ്പഴിക്കുള്ളില്‍ തളച്ചിടുന്നത് ശങ്കര്‍ തിരിച്ചറിഞ്ഞിരുന്നു. 1930കളിലും 40കളിലും സഹോദരന്‍ അയ്യപ്പനും സി.കേശവനും വാഴ്ത്തിയ സോവിയറ്റ് യൂണിയന്‍ ഒരിക്കലും ശങ്കറിന് പ്രിയങ്കരനായിരുന്നില്ല. നെഹ്‌റുവിനെപ്പോലുള്ളവര്‍പോലും മഹത്തായി കരുതിയ സോവിയറ്റ് മാതൃക ശങ്കറിന് ആകര്‍ഷകമായിരുന്നില്ല. ജനാധിപത്യവിരുദ്ധമായ ഒരു വ്യവസ്ഥയും ശങ്കര്‍ സ്വീകരിച്ചിരുന്നില്ല. 1991-ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ശരിവച്ചത് ശങ്കറിന്റെ ദീര്‍ഘവീക്ഷണം തന്നെയായിരുന്നു. 'സോവിയറ്റ് മാതൃഭൂമി'യില്‍ അമിതവിശ്വാസം പുലര്‍ത്തി സ്വപ്‌നജീവിയായവര്‍ നിരാശരായി. കമ്മ്യൂണിസ്റ്റു ഭരണത്തെക്കുറിച്ചുള്ള ശങ്കറിന്റെ കാഴ്ചപ്പാട് ശരിയാണെന്നു കാലം തെളിയിച്ചു. (അടുത്തത്: ശങ്കറും വിമോചനസമരവും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.