അവാര്‍ഡ് നിരസിക്കുന്നത് അഹംബുദ്ധിയുടെ ആധിക്യം

Sunday 18 October 2015 10:22 pm IST

അവാര്‍ഡുകളും പുരസ്‌കാരങ്ങളും നല്‍കുന്നത് ഭരണകൂടമല്ല. അവര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സമിതികളാണ്. ആ സമിതികള്‍ക്ക് ആദരണീയരെന്ന് തോന്നിയ എഴുത്തുകാര്‍ക്ക് നല്‍കിവരുന്ന പുരസ്‌കാരങ്ങള്‍ മടക്കിനല്‍കുന്നത് അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് കണക്കുപറയുന്നതുപോലെയാണ്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഭരണകര്‍ത്താക്കള്‍ക്കെതിരെ നിഴല്‍യുദ്ധം നടത്തുന്ന മട്ടിലുള്ള പ്രതികരണങ്ങളും പ്രതികാര നടപടികളും തീരെ തരംതാണതായിപോകുന്നതാണ് ഖേദകരം. ഇവിടെ നുണപ്രചാരണങ്ങള്‍ കേട്ട് കഥയെന്തെന്നറിയാത്തവരാണ് ബുദ്ധിജീവികളെന്ന് സ്വയം നടിക്കുന്ന ചിലര്‍. ദാദ്രി സംഭവത്തിന്റെ പേരില്‍ ശുണ്ഠിയെടുക്കുന്നവര്‍ വസ്തുതകള്‍ മനസിലാക്കാതെയാണ് എടുത്തുചാട്ടത്തിന് മുതിര്‍ന്നത്. അതുപോലെ കോളേജ് വിദ്യാര്‍ത്ഥികളില്‍ ഒരുകൂട്ടര്‍ ബീഫ്‌ഫെസ്റ്റിവല്‍ കൊണ്ടാടുന്നതും കാള പെറ്റെന്ന് കേട്ട് കയറെടുത്തു കുതിക്കുന്നതുപോലെയാണ്. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്നറിയുവാന്‍ ഇവിടുത്തെ ഒരു മാധ്യമവും ശ്രമിച്ചിട്ടില്ല എന്നതാണ് വസ്തുത. 'ആന്റി മോദി' വികാരം ഉള്ളില്‍കെണ്ടു നടക്കുന്നവര്‍ക്ക് അതറിയേണ്ട കാര്യമില്ലല്ലോ. ദാദ്രി സംഭവം ഗോമാംസം ഭക്ഷിച്ചതുകൊണ്ടു മാത്രമല്ല ഉണ്ടായത്. സംഭവസ്ഥലത്തുനിന്നെത്തിയ ഒരു കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ച വിവരം ശ്രദ്ധിക്കുക. സ്ഥിരമായി ആടുകളെയും മാടുകളെയും അപഹരിക്കുകയും ഇവിടുത്തെ കോഴിക്കള്ളന്മാരെപോലെ അവസരം കിട്ടുമ്പോള്‍ അവയെ പാചകംചെയ്ത് കഴിക്കുകയും ചെയ്തിരുന്ന സ്ഥിരം മോഷ്ടാക്കള്‍ ദാദ്രിയിലുണ്ട്. പലനാള്‍ ഇതാവര്‍ത്തിച്ചതിനാല്‍ നാട്ടുകാര്‍ പ്രകോപിതരായിരുന്നു. അല്ലാതെ ഒരാള്‍ ഗോമാംസം ഭക്ഷിച്ചതുകൊണ്ടുമാത്രം ഉണ്ടായ ഒരു അത്യാഹിതമായിരുന്നില്ല ഈ സംഭവം. ആ വാര്‍ത്ത ദുരുപദിഷ്ടമായ വ്യാഖ്യാനം കൊടുത്ത് പ്രചരിപ്പിച്ചത് കേന്ദ്രസര്‍ക്കാരിനെതിരുനില്‍ക്കുന്ന ഒരുവിഭാഗം രാഷ്ട്രീയ ഗൂഢശക്തികളാണ്. അതേറ്റുപിടിക്കാന്‍ ഇവിടുത്തെ സാഹിത്യകാരന്മാര്‍ കാട്ടുന്ന അതിവിപ്ലവാവേശം തങ്ങളാണ് ഈ നാട്ടിലെ സാംസ്‌കാരിക ജീവിതത്തിന്റെ വിധികര്‍ത്താക്കള്‍ എന്ന വിചാരശൂന്യമായ അഹംബുദ്ധി നിമിത്തമാണ്. പോപ്പുലാരിറ്റിക്കുവേണ്ടി കാട്ടുന്ന ഈ നാലാംകിട പരിപാടി രാഷ്ട്രത്തിന്റെ സാംസ്‌കാരികമായ ജീര്‍ണതകൂടി വെളിപ്പെടുത്തുന്നു എന്നു വിചാരിച്ചാല്‍ മതി വിവേകമുള്ളവര്‍, പക്വതയുള്ളവര്‍ വേറെയുമുണ്ടല്ലോ. അവരുടെ വാക്കുകള്‍ക്ക് ചെവികൊടുക്കുക. ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, അമ്പലപ്പുഴ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.