അവിശുദ്ധ കൂട്ടുകെട്ട് വെറും സാമ്പിള്‍

Sunday 18 October 2015 10:26 pm IST

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ചിത്രം വ്യക്തമായി. പിന്‍വലിക്കേണ്ട സമയം തീര്‍ന്നതോടെ മുക്കാല്‍ ലക്ഷത്തോളം സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുണ്ടാവുക. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പല പ്രത്യേകതകളും അടുത്ത മാസം വോട്ടെടുപ്പ് നടക്കുന്ന തെരഞ്ഞെടുപ്പിനുണ്ടെന്ന് പറയാം. പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ മത്സര രംഗത്തുണ്ടെന്ന് മാത്രമല്ല മുന്നണികള്‍ക്കകത്ത് കടുത്ത ചേരിപ്പോര്. അതിനിടയിലും പരസ്പരം കടിച്ചുകീറുന്നു എന്നു തോന്നിപ്പിക്കുന്ന ഇരുമുന്നണികളും ഒരുമിച്ചു ചേരുന്ന കാഴ്ച കൗതുകമുളവാക്കുന്നതാണ്. കഴിഞ്ഞ പാര്‍ലമെന്റ്-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അരങ്ങേറിയ നീചവും നികൃഷ്ടവുമായ രാഷ്ട്രീയ ചങ്ങാത്തത്തിന് മുസ്ലീംലീഗും, കോണ്‍ഗ്രസും, സിപിഎമ്മും തയ്യാറായതാണത്. കേരളത്തില്‍ അങ്ങോളമിങ്ങോളം ബിജെപി വന്‍വിജയമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്. ബിജെപി തനതായ ശക്തി വര്‍ദ്ധിപ്പിച്ചു. അതോടൊപ്പം പിന്നാക്ക അധഃസ്ഥിത വര്‍ഗം ഇത്തവണ ബിജെപിക്കൊപ്പം നില്‍ക്കുമെന്നും പ്രഖ്യാപിച്ചുകഴിഞ്ഞു. ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗം വന്‍തോതില്‍ ബിജെപിക്ക് അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. അത് ഇരുമുന്നണികളെയും വിറളിപിടിപ്പിച്ചിരിക്കുകയാണ്. അതാണല്ലോ എസ്എന്‍ഡിപി യോഗത്തെയും അതിന്റെ സാരഥിയായ വെള്ളാപ്പള്ളി നടേശനെയും വേട്ടയാടാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. ഇല്ലാത്ത ആരോപണങ്ങളും പൊള്ളയായ അവകാശവാദങ്ങളും കൊണ്ട് അവര്‍ അന്തരീക്ഷം മുഖരിതമാക്കുകയാണ്. വെള്ളാപ്പള്ളി നടേശനെ ഇല്ലാതാക്കിയേ അടങ്ങൂ എന്ന വാശിയിലാണ് സിപിഎം. എസ്എന്‍ഡിപിയോഗത്തെതന്നെ ഇല്ലാതാക്കുമെന്ന വാശിയിലാണവര്‍. യുദ്ധം തുടങ്ങിയിട്ടേയുള്ളു എന്നാണ് ഒരു സിപിഎം നേതാവ് പ്രസ്താവിച്ചത്. ഏറെ എതിര്‍പ്പുകളും പ്രതിസന്ധികളും തരണം ചെയ്തുകൊണ്ടുതന്നെയാണ് എസ്എന്‍ഡിപി യോഗം മുന്നോട്ടുവരികയും വളര്‍ന്ന് ശക്തിനേടുകയും ചെയ്തത്. വെള്ളാപ്പള്ളി നടേശന്‍ നേതൃത്വത്തിലെത്തിയപ്പോള്‍ സ്വസമുദായത്തിന്റെ പ്രാരബ്ധങ്ങള്‍ ദൂരീകരിക്കാന്‍ ഒട്ടനവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു. കോടിക്കണക്കിന് രൂപ വായ്പ നല്‍കുന്ന മൈക്രോ ഫിനാന്‍സിംഗ് തുടങ്ങി. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ അതിന്റെ സൗകര്യങ്ങള്‍ അനുഭവിക്കുകയാണ്. എസ്എന്‍ഡിപിയോഗം ഇതൊക്കെ ചെയ്യുന്നുണ്ടെങ്കിലും പാവപ്പെട്ട സമുദായത്തിന് കൂടി അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ കൂട്ടാക്കുന്നില്ല. കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും മാറി മാറി അധികാരമേറ്റിട്ടും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും അധികാരത്തിലെത്താന്‍ പ്രയത്‌നിക്കുകയും ചെയ്യുന്ന സമുദായത്തിന് ഒന്നും നല്‍കുന്നില്ല. കാലങ്ങളായി  അവഗണിക്കുന്ന ജനവിഭാഗം വഞ്ചന തിരിച്ചറിഞ്ഞു. ഹിന്ദുക്കളുടെ അസംഘടിതാവസ്ഥയാണിതിന് കാരണമെന്ന് ബോധ്യപ്പെടുകയും ചെയ്തു. സംഘടിച്ചു ശക്തരാകാനുള്ള ശ്രീനാരായണ ഗുരുദേവന്റെ ആഹ്വാനം ശിരസാ വഹിച്ചുകൊണ്ടുതന്നെയാണ് നായാടി മുതല്‍ നമ്പൂതിരിവരെ ഒന്നിച്ചു നില്‍ക്കാന്‍ തീരുമാനിച്ചത്. അതിനനുകൂലമായ സാഹചര്യം തെളിഞ്ഞു. അതൊരു രാഷ്ട്രീയ പാര്‍ട്ടിയിലേക്ക്  നീങ്ങാന്‍ പോകുന്നു എന്നറിഞ്ഞതോടെയാണ് ഹാലിളക്കം തുടങ്ങിയത്. മുസ്ലീങ്ങള്‍ സംഘടിച്ചാല്‍ അത് തെറ്റല്ല. അവര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്നതിലും ആര്‍ക്കും എതിര്‍പ്പില്ല. ക്രിസ്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുകയും ഭരണം പങ്കിടുകയും അര്‍ഹതയില്ലാത്തതുപോലും തട്ടിയെടുത്താലും ആര്‍ക്കും അമ്പരപ്പില്ല. ഹിന്ദു രാഷ്ട്രീയ പാര്‍ട്ടി വരുമ്പോള്‍ തുടങ്ങിയ വേട്ടയാടല്‍ സകല സീമകളും ലംഘിക്കുന്നതിലേക്കെത്തി. മൈക്രോ ഫിനാന്‍സിന്റെ പേരില്‍ വെള്ളാപ്പള്ളി കുടുംബത്തെ കള്ളന്മാരാക്കാനായിരുന്നു ആദ്യശ്രമം. ആ പ്രചാരണം ഏശില്ലെന്നറിഞ്ഞപ്പോഴാണ് മറ്റൊന്നു കണ്ടെത്തിയത്. ശാശ്വതീകാനന്ദ സ്വാമിയെ കൊന്നതാണെന്നും അത് വെള്ളാപ്പള്ളിയാണെന്നുവരെ എത്തി പ്രചാരണം. അതിനെക്കുറിച്ചന്വേഷിക്കണമെന്നാവശ്യപ്പെട്ടത് വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാറുമാണെന്നറിയുമ്പോള്‍ തന്നെ അവരുടെ നിരപരാധിത്വം വ്യക്തമാവുകയാണ്. എസ്എന്‍ഡിപിയോഗം രൂപീകരിക്കുന്ന രാഷ്ട്രീയ കക്ഷി ഇടതിനോടോ വലതിനോടോ ചേര്‍ന്നുനിന്നെങ്കില്‍ ബലേ ഭേഷ്  പറഞ്ഞേനെ. എന്നാല്‍ മുന്നണികള്‍ രണ്ടിനുമെതിരെ നില്‍ക്കുമെന്ന് മാത്രമല്ല ബിജെപിയോടാണ് ആഭിമുഖ്യം എന്ന് ബോധ്യമായപ്പോഴാണ് പ്രശ്‌നം ഉടലെടുക്കുന്നത്. പ്രധാനമന്ത്രിയെയും ബിജെപി പ്രസിഡന്റിനെയും യോഗനേതൃത്വം കണ്ടത് അതിനെക്കാള്‍ അപരാധം. ഏതായാലും ബിജെപിയോട് ഏറെ അടുത്തു നില്‍ക്കുന്നതിന് സഹായകമായിരിക്കുകയാണ് പ്രതിയോഗികളുടെ പ്രഹരങ്ങളത്രയും. ഈ സാഹചര്യത്തിലാണ് ബിജെപിയും കൂടെയുള്ളവരും ജയിച്ചുകൂടാ എന്ന തീരുമാനത്തില്‍ പ്രതിയോഗികള്‍ എത്തിയത്. ബിജെപിക്കെതിരെ പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ വാര്‍ഡുകള്‍ നിരവധിയാണ്. അത് ഇവിടെ അവസാനിക്കില്ല. ഇന്നത്തെ ഈ തീരുമാനം സാമ്പിളാണ്. നിയമസഭാ തെരഞ്ഞെടുപ്പിലാകും അത് നല്ല രീതിയില്‍ പരീക്ഷിക്കുക. ആശയം വിറ്റ് ആമാശയം നിറയ്ക്കാനുള്ള ശ്രമം ജനങ്ങള്‍ തള്ളിക്കളയുമെന്ന കാര്യത്തില്‍ സംശയമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.