അഷ്ടമിയുടെ ആരവം മുഴക്കി പുള്ളി സന്ധ്യാവേല

Sunday 18 October 2015 10:27 pm IST

വൈക്കം : തുലാം മാസം ഒന്ന് വിശ്വാസികളുടെ മനം നിറച്ചാണ് കടന്നുപോയത്. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ മാത്രമാണ് മലയാളമാസം ഒന്നിന് വൈക്കത്തഷ്ടമിയുടെ ആരംഭചടങ്ങുകളായ സന്ധ്യാവേല എഴുന്നള്ളിപ്പ് നടക്കുന്നത്. വൈക്കത്തഷ്ടമി ഉത്സവത്തിന് മുന്‍പ് നടക്കുന്ന പ്രധാന ചടങ്ങാണ് സന്ധ്യാവേല. പുള്ളി സന്ധ്യാവേല, മുഖ സന്ധ്യാവേല, സമൂഹ സന്ധ്യാവേല എന്നിവയാണ് അഷ്ടമിയുടെ ആരവം മുഴക്കി നടക്കുന്ന ചടങ്ങുകള്‍. ഇന്നലെ നടന്നത് പുള്ളി സന്ധ്യാവേലയാണ്. ദേവസ്വം ഭാരവാഹികളും ഭക്തജനങ്ങളും ഉത്സവത്തിന്റെ മുന്നോടിയായി ഭഗവാനെ വന്ദിക്കുന്ന ചടങ്ങാണിത്. മുഖസന്ധ്യാവേലക്കു പിന്നില്‍ ഒരു ഐതീഹ്യമുണ്ട്. തിരുവിതാംകൂര്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് ചേര്‍ത്തല, ആലപ്പുഴ തുടങ്ങിയ പ്രദേശങ്ങള്‍ യുദ്ധം ചെയ്തു പിടിച്ചടക്കിയപ്പോള്‍ യുദ്ധത്തില്‍ മരിച്ച അവകാശികളില്ലാത്ത പടയാളികളുടെ കുടിശ്ശിക ശമ്പളത്തിന്റെ പലിശ കൊണ്ട് എല്ലാ വര്‍ഷവും ഒന്നിടവിട്ട് നാല് ദിവസം നടത്തുന്ന സന്ധ്യാവേലയാണ് പുള്ളി സന്ധ്യാവേല. ഇപ്പോള്‍ ഇത് ദേവസ്വം ബോര്‍ഡാണ് നടത്തുന്നത്. അടുത്ത പുള്ളി സന്ധ്യാവേല എഴുന്നള്ളിപ്പ് നാളെയും 22നും 24നും നടക്കും. ആനപ്രേമികളുടെ ആവേശമായ തിരുനക്കര ശിവനാണ് ഇന്നലെ പുള്ളി സന്ധ്യാവേല എഴുന്നള്ളിപ്പ് നടത്തിയത്. പ്രഭാതഭക്ഷണത്തിലും ഇന്നലെ മഹാദേവ ക്ഷേത്രം റെക്കോര്‍ഡിട്ടു. പ്രഭാതഭക്ഷണം ആരംഭിച്ചശേഷം ഏറ്റവുമധികം വിശ്വാസികളെത്തിയത് ഇന്നലെയാണ്. 1500ലധികം വിശ്വാസികള്‍ ഭക്ഷണം കഴിച്ചു. ഉപ്പുമാവും പഴവും പപ്പടവുമായിരുന്നു പ്രഭാതഭക്ഷണത്തിന്.