സിപിഎമ്മിന് പരാജയഭീതി; ബിജെപിക്കെതിരെ അപരന്മാരെ നിര്‍ത്തി ഒളിപ്പോരാട്ടം

Sunday 18 October 2015 10:27 pm IST

പൊന്‍കുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തില്‍ ബിജെപിയുടെ മുന്നേറ്റത്തില്‍ വിറളിപൂണ്ട സിപിഎം അപരന്മാരെ മുന്‍നിര്‍ത്തി ഒളിപ്പോരാട്ടത്തില്‍. തിരഞ്ഞെടുപ്പിന് മുമ്പുതന്നെ ബിജെപി ജയിച്ചുവെന്ന് പ്രതീതി ഉണര്‍ത്തിയ വാര്‍ഡുകളിലാണ് ആള്‍ക്കാരെ തെറ്റിദ്ധരിപ്പിച്ച് വോട്ടുതട്ടാന്‍ സിപിഎമ്മിന്റെ കള്ളക്കളി. 3 വാര്‍ഡുകളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ അപരന്മാര്‍ അണി നിരക്കുന്നത്. സ്വതന്ത്ര പരിവേഷത്തില്‍ നില്‍ക്കുന്ന അപരന്മാര്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരാണ്. ബിജെപി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി. കണ്ണന്‍ മത്സരിക്കുന്ന അഞ്ചാം വാര്‍ഡില്‍ താമരചിഹ്നത്തോട് സാമ്യമുള്ള റോസാപൂ ചിഹ്നവുമായി മറ്റൊരു കണ്ണന്‍ മത്സര രംഗത്തുണ്ട്. സിപിഎം ലോക്കല്‍ സെക്രട്ടറിയും മുന്‍ പഞ്ചായത്തു പ്രസിഡന്റുമായ വി.ജി. ലാലാണ് ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥി. പതിനാലാം വാര്‍ഡില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി ഗോപിപാറാംതോടിനെതിരെ മറ്റൊരു ഗോപിയുണ്ട്. താമരചിഹ്നത്തോട് സാമ്യമുള്ള പൈനാപ്പിളാണ് ഇവിടെ ചിഹ്നം. ഗോപി പാറാംതോടിന്റെ യഥാര്‍ത്ഥപേരായ ഗോപാലന്‍ എന്നതിന്റെ ബ്രായ്ക്കറ്റിലാണ് ഗോപി പാറാംതോട് രേഖപ്പെടുത്തിയിരിക്കുന്നത്. ഇദ്ദേഹം അറിയപ്പെടുന്നതാവട്ടെ ഗോപിയെന്ന പേരിലാണ്. ഇത് മുതലെടുക്കാനാണ് മറ്റൊരു ഗോപിയെ സിപിഎം രംഗത്തിറക്കിയത്. പരാജയ ഭീതി മൂലം 16-ാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി ''ബിന്ദു അനിലിന്'' അപരയായി സിപിഎം നേതൃത്വം നിര്‍ത്തിയ ബിന്ദു അനില്‍ പത്രിക പിന്‍വലിക്കുകയുണ്ടായി. പ്രസ്തുത അപരയെ നാമനിര്‍ദ്ദേശം ചെയ്തതാവട്ടെ സിപിഎം 14 ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ടി.എന്‍. ഗിരീഷ് കുമാറും. പത്രിക പിന്‍വലിച്ച അപര ബിജെപി സ്ഥാനാര്‍ത്ഥി ബിന്ദു അനിലിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.പതിനേഴാം വാര്‍ഡില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി ശ്രീലാല്‍ പുലിയുറുമ്പിലിന്റെ വോട്ടുകള്‍ തട്ടാന്‍ പൈനാപ്പിള്‍ ചിഹ്നവുമായി ഒരു ശ്രീലാല്‍ ഉണ്ട്. അപരന്‍ ശ്രീലാല്‍ സിപിഎമ്മിന്റെ മെമ്പറാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.