തുടരെ തോല്‍വി...

Sunday 18 October 2015 10:36 pm IST

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞ ആരാധകര്‍ക്ക് ഇന്നലെ നിരാശയുടെ ദിനം. 87ാം മിനിറ്റില്‍ ദല്‍ഹി ഡൈനാമോസിന്റെ റിച്ചാര്‍ഡ് ഗാഡ്‌സെ ബ്ലാസ്റ്റേഴ്‌സ് വലയില്‍ പന്തെത്തിക്കുമ്പോള്‍ ആരാധകര്‍ തലകൈവച്ചുപോയി. ഫ്‌ളോറന്റ് മലൂദ നല്‍കിയ ക്രോസില്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയാണ് ഗാഡ്‌സെ ആരാധകരെ നിശബ്ദരാക്കി റോബര്‍ട്ടോ കാര്‍ലോസിന്റെ സംഘം ജയവുമായി മടങ്ങിയത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ അത്‌ലറ്റികോയോട് 2-1ന് തോറ്റ ടീമിന് തുടരെ രണ്ടാം തോല്‍വി. പാഴാക്കിക്കളഞ്ഞ അവസരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. കൊല്‍ക്കത്തക്കെതിരെ കളിച്ച ടീമില്‍ വന്‍ അഴിച്ചുപണി നടത്തിയാണ് പീറ്റര്‍ ടെയ്‌ലര്‍ ബ്ലാസ്റ്റേഴ്‌സിനെ കളത്തിലിറക്കിയത്. മാര്‍ക്വീതാരം കാര്‍ലോസ് മര്‍ച്ചേന പരിക്കുമാറി സീസണില്‍ ആദ്യമായി കളത്തിലിറങ്ങിയ മത്സരത്തില്‍ സന്ദേശ് ജിംഗാനും കാവിന്‍ ലോബോയും കളത്തിലെത്തിയപ്പോള്‍ ഗുര്‍വിന്ദര്‍ സിങ്, വിനീത്,  മനന്‍ദീപ് സിങ്, വിക്ടര്‍ ഹെരേര, മാര്‍ക്കസ് വില്ല്യംസ് എന്നിവരും ആദ്യ ഇലവനില്‍ ഇടംപിടിച്ചു. സസ്‌പെന്‍ഷനിലായ മധ്യനിരതാരം മെഹ്താബ് ഹുസൈന്‍, സൗമിക് ഡേ, സാഞ്ചസ് വാട്ട്, ജോസു കുരായിസ്, ശങ്കര്‍, ഗുര്‍വിന്ദര്‍ സിംഗ്, ബ്രൂണോ പെറോണ്‍ എന്നിവര്‍ പുറത്തിരുന്നു. അതേസമയം ദല്‍ഹി കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഒരു മാറ്റം മാത്രമാണ് വരുത്തിയത്. ഷൈലോക്ക് പകരം ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ് ഇറങ്ങി. മഞ്ഞക്കടലായി മാറിയ സ്റ്റേഡിയത്തില്‍ തുടക്കം മുതല്‍ കൊമ്പന്മാരുടെ ആക്രമണമാണ് കണ്ടത്. ഒന്നാം മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി അരങ്ങേറ്റം കുറിച്ച കാവിന്‍ ലോബോ ദല്‍ഹി ഗോളിയെ പരീക്ഷിച്ച് നയം വ്യക്തമാക്കി. ലോബോ പായിച്ച ലോങ്‌റേഞ്ച് നേരെ ഗോളിയുടെ കൈയിലേക്കായിരുന്നു. തൊട്ടുപിന്നാലെ ഡോസ് സാന്റോസിന്റെ നേതൃത്വത്തില്‍ ദല്‍ഹി ഒരു പ്രത്യാക്രമണം നടത്തിയെങ്കിലും സ്റ്റീവന്‍ ബൈവാട്ടര്‍ പന്ത് പിടിച്ചെടുത്ത് അപകടം ഒഴിവാക്കി. ഒമ്പതാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് മറ്റൊരു അവസരം ലഭിച്ചെങ്കിലും വിനീതിന്റെ ഷോട്ട് നേരെ ഡൈനാമോസ് ഗോളിയുടെ കൈയിലേക്കായിരുന്നു. അഞ്ച് മിനിറ്റിനുശേഷം ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖം വീണ്ടും ഒന്ന് നടുങ്ങി. ബോക്‌സിന് പുറത്തുനിന്ന് ഡോസ് സാന്റോസ് പായിച്ച ലോങ് ഷോട്ട് സ്റ്റീവന്‍ ബൈവാട്ടര്‍ ഇടത്തോട് ഡൈവ് ചെയ്ത് കയ്യിലൊതുക്കി. തൊട്ടുപിന്നാലെ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റനിരയിലെ കരുത്തന്‍ ക്രിസ് ഡഗ്നലിന് പരിക്കേറ്റു. തുടര്‍ന്ന് മൈതാനത്തിന് പുറത്തേക്ക് പോയ ഡഗ്നല്‍ തലയില്‍ കെട്ടുമായാണ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്. 39-ാം മിനിറ്റില്‍ ദല്‍ഹി ഗോള്‍ നേടിയെന്ന് തോന്നിച്ചെങ്കിലും ബൈവാട്ടറുടെ മികച്ച പ്രകടനം വിലങ്ങുതടിയായി. സ്വന്തം പകുതിയില്‍ നിന്ന് നീട്ടിക്കിട്ടിയ പന്തിന് പിന്നാലെ പാഞ്ഞ റോബിന്‍സിങിന് നിയന്ത്രിക്കാന്‍ കഴിയുന്നതിന് മുന്‍പ് ബോക്‌സിന് പുറത്തേക്ക് അഡ്വാന്‍സ് ചെയ്ത് കയറിയ സ്റ്റീവന്‍ ബൈവാട്ടര്‍ വീണുകിടന്ന് ബ്ലോക്ക് ചെയ്തു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ക്രിസ് ഡഗ്നലിന് പകരം സാഞ്ചസ് വാട്ടിനെയും മനന്‍ദീപ് സിംഗിന് പകരം ഇഷ്ഫഖ് അഹമ്മദിനെയും കളത്തിലിറങ്ങി ബ്ലാസ്‌റ്റേഴ്‌സ് ആക്രമണത്തിന് മൂര്‍ച്ചകൂട്ടി. 50-ാം മിനിറ്റില്‍ മാര്‍ക്വീ താരം കാര്‍ലോസ് മര്‍ച്ചേനയെ പിന്‍വലിച്ച് ബ്രൂണോ പെറോണിനെയും പീറ്റര്‍ ടെയ്‌ലര്‍ കളത്തിലിറക്കി. 53-ാം മിനിറ്റില്‍ ഹാന്‍സ് മള്‍ഡറെ വീഴ്ത്തിയതിന് ബോക്‌സിന് പുറത്തുവച്ച് ഡൈനാമോസിന് ഫ്രീകിക്ക്. ജോണ്‍ ആര്‍നെ റീസ് എടുത്ത കിക്ക് ലക്ഷ്യം തെറ്റി പുറത്തേക്ക് പറന്നു. രണ്ട് മിനിറ്റിനുശേഷം സാഞ്ചസ് വാട്ടും വിക്ടര്‍ ഹെരേരയും വിനീതും ചേര്‍ന്ന് നടത്തിയ നീക്കവും ലക്ഷ്യം കാണാതെ പോയി. തൊട്ടുപിന്നാലെ മള്‍ഡര്‍ നടത്തിയ നീക്കത്തിനൊടുവില്‍ പന്ത് ഡോസ് സാന്റോസിനെ ലക്ഷ്യമാക്കി പാസ് നല്‍കിയെങ്കിലും ബൈവാട്ടര്‍ പന്ത് കൈപ്പിടിയിലൊതുക്കി അപകടം ഒഴിവാക്കി. 87-ാം മിനിറ്റില്‍ കളിയിലെ വിധി നിര്‍ണ്ണയിച്ച ഗോള്‍ പിറന്നു. വലതുവിംഗില്‍ നിന്ന് ഫ്രഞ്ച് സൂപ്പര്‍താരം ഫ്‌ളോറന്റ് മലൂദ നല്‍കിയ അളന്നുമുറിച്ച ക്രോസ് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ഗോളി സ്റ്റീവന്‍ ബൈവാട്ടറെ നിഷ്പ്രഭനാക്കി റിച്ചാര്‍ഡ് ഗാഡ്‌സെ വലയിലെത്തിച്ചു. 90-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് സമനിലയ്ക്ക്  അവസരം ലഭിച്ചെങ്കിലും ഗോളി ടോണി ഡൊബ്ലാസ് ശ്രമം   വിഫലമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.