ഭരിച്ചു കൊള്ളയടിച്ച മുന്നണികള്‍ക്ക് ജനം മറുപടി നല്‍കും: പി.കെ. കൃഷ്ണദാസ്

Sunday 18 October 2015 10:40 pm IST

 

പോത്തന്‍കോട് ബിജെപിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ദേശീയ നിര്‍വാഹക സമിതി
അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു

പോത്തന്‍കോട്: കേരളം ഭരിച്ചു മുടിച്ച് പൊതുമുതല്‍ കൊള്ളയടിച്ച കോണ്‍ഗ്രസ്സ്-മാര്‍ക്‌സിസ്റ്റുപാര്‍ട്ടികള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ കേരളജനത വോട്ടിലൂടെ മറുപടി നല്‍കുമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ പി.കെ. കൃഷ്ണദാസ്. കോണ്‍ഗ്രസ്സുകാരും മാര്‍ക്‌സിസ്റ്റുകാരും സൂപ്പര്‍ ആട് ആന്റണിമാരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോത്തന്‍കോട് ബിജെപിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ റോഡുകളിലും കലാലയങ്ങളിലും ബീഫ് ഫെസ്റ്റ് നടത്തുന്നവര്‍ പന്നിയെ കൊല്ലുന്നത് നിരോധിച്ചിട്ട് എന്താണ് പന്നി ഫെസ്റ്റ് നടത്താത്തതെന്ന് അറിയില്ല. ഇപ്പോള്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടും. അസംബ്ലി തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുക മാത്രമല്ല അധികാരത്തിലെത്തുമെന്നും കൃഷ്ണദാസ് പറഞ്ഞു. ബിജെപി പോത്തന്‍കോട് പഞ്ചായത്ത് സമിതി പ്രസിഡന്റ് ജയചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വന്‍ ജനപങ്കാളിത്തമായിരുന്നു. പോത്തന്‍കോട് പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന പതിനേഴ് പേരെയും ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളില്‍ മത്സരിക്കുന്നവരെയും അദ്ദേഹം ഷാളണിയിച്ച് പരിചയപ്പെടുത്തി. ബിജെപി നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് ബാലമുരളി ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളായ വിഷ്ണു പ്രിയ, പോത്തന്‍കോട് ബ്ലോക്കില്‍ മത്സരിക്കുന്ന പി. രാധാമണി, സി. മോളി എന്നിവര്‍ സംസാരിച്ചു. വര്‍ഷങ്ങളായി സിപിഎമ്മില്‍ പ്രവര്‍ത്തിച്ച് നിരാശരായി പാര്‍ട്ടി ഉപേക്ഷിച്ച് ബിജെപിയിലേക്ക് വന്ന രാമചന്ദ്രന്‍ നായരെയും വിജയകുമാരനെയും ഷാള്‍ അണിയിച്ച് കൃഷ്ണദാസ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.