രാജ്‌കോട്ടില്‍ നിരാശ

Sunday 18 October 2015 10:39 pm IST

രാജ്‌കോട്ട്: ഇന്‍ഡോറിലെ പ്രകടനം രാജ്‌കോട്ടില്‍ ആവര്‍ത്തിക്കാന്‍ ടീം ഇന്ത്യയ്ക്കായില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ 18 റണ്‍സിന് തോല്‍വി വഴങ്ങി പരമ്പരയില്‍ പിന്നിലായി ഇന്ത്യ (1-2). ക്വിന്റണ്‍ ഡി കോക്കിന്റെ (103) ശതകത്തിന്റെ മികവില്‍ ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിരാട് കോഹ്‌ലിയുടെയും (77), രോഹിത് ശര്‍മയുടെയും (65) മികവില്‍ പൊരുതിയെങ്കിലും ജയം എത്തിപ്പിടിക്കാനായില്ല. സ്‌കോര്‍: ദക്ഷിണാഫ്രിക്ക - 270/7 (50), ഇന്ത്യ - 252/6 (50). ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്കായി ഡി കോക്കിനു പുറമെ ഹാഫെ ഡ്യുപ്ലെസിസും (60) മികച്ച പ്രകടനം നടത്തി. മികച്ച രീതിയില്‍ മുന്നേറിയ ടീമിനെ അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ നടത്തിയ പ്രകടനമാണ് വന്‍ സ്‌കോറില്‍ നിന്നു തടഞ്ഞത്. ബെഹര്‍ദെയ്‌നും (33 നോട്ടൗട്ട്), ഡേവിഡ് മില്ലറും (33) ടീം സ്‌കോറിന് സംഭാവന നല്‍കി. ഇന്ത്യയ്ക്കായി മോഹിത് ശര്‍മ രണ്ടു വിക്കറ്റെടുത്തു. ഹര്‍ഭജന്‍, അമിത് മിശ്ര, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്. മറുപടി തുടങ്ങിയ ഇന്ത്യയ്ക്ക് രോഹിതും വിരാടും വിജയപ്രതീക്ഷ നല്‍കി. രോഹിത് മടങ്ങിയ ശേഷമെത്തിയ ധോണിയും (47) പ്രതീക്ഷ പകര്‍ന്നു. എന്നാല്‍, അവസാന ഓവറുകളിലെ സമ്മര്‍ദം താങ്ങാനാകാതെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ബാറ്റ്‌സ്മാന്മാര്‍ മടങ്ങിയതോടെ ഇന്ത്യന്‍ പോരാട്ടം 18 റണ്‍സ് അകലെ അവസാനിച്ചു. ഹര്‍ഭജന്‍ സിങ്ങും (20 നോട്ടൗട്ട്), അക്ഷര്‍ പട്ടേലും (15 നോട്ടൗട്ട്) നടത്തിയ പ്രകടനമാണ് തോല്‍വി ഭാരം കുറച്ചത്. സന്ദര്‍ശകര്‍ക്കായി മോണി മോര്‍ക്കല്‍ നാലു വിക്കറ്റെടുത്തു. നാലാം മത്സരം 22ന് ചെന്നൈയില്‍.