ജാലഹള്ളി അയ്യപ്പ സന്നിധിയില്‍ നിന്നും ശബരിമലയിലേക്ക്

Sunday 18 October 2015 11:00 pm IST

കോട്ടയം: രണ്ടാം ശബരിമലയെന്നറിയപ്പെടുന്ന ബാംഗ്ലൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍നമ്പൂതിരിക്കാണ് ശബരിമല മേല്‍ശാന്തിയായുള്ള നിയോഗം. ജാലഹള്ളി ക്ഷേത്രത്തിന് ശബരിമലയുമായി സമാനതകളേറെയുണ്ട്. ശബരിമലക്ഷേത്രത്തിലെ താന്ത്രിക കുടുംബത്തിനുതന്നെയാണ് ജാലഹള്ളിയിലെ അയ്യപ്പക്ഷേത്രത്തിലേയും താന്ത്രികാവകാശം. 1967 ഏപ്രില്‍ മാസത്തില്‍ ഇവിടെ പ്രതിഷ്ഠ നടത്തിയത് താഴമണ്‍ കണ്ഠര് ശങ്കരര് ആണ്.  ഇങ്ങനെ സമാനതകളേറെയുള്ള ക്ഷേത്രങ്ങളാണ് ശബരിമലയും ജാലഹള്ളി അയ്യപ്പക്ഷേത്രവും. 2011 മുതല്‍ മൂന്ന് വര്‍ഷകാലം ഇവിടെ മേല്‍ശാന്തിയായിരുന്ന ശങ്കരന്‍ നമ്പൂതിരി ഒരു ചെറിയ ഇടവേളക്കുശേഷം കഴിഞ്ഞ ജൂണിലാണ് ജാലഹള്ളിയിലെ മേല്‍ശാന്തി ചുമതല വീണ്ടും ഏറ്റെടുത്തത്. ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പിന് 2002 മുതല്‍ അപേക്ഷ സമര്‍പ്പിച്ചുവരുന്ന 47 കാരനായ ശങ്കരന്‍ നമ്പൂതിരി 12 പ്രാവശ്യം നറുക്കെടുപ്പ് വരെ എത്തിയിരുന്നു. കഴിഞ്ഞ പ്രാവശ്യം ചുരുക്ക ലിസ്റ്റിലും ശങ്കരന്‍നമ്പൂതിരിയുടെ പേരില്ലാതെവന്നത് നിരാശനാക്കിയെങ്കിലും  ഇക്കുറി ശങ്കരന്‍ നമ്പൂതിരിയുടെയും കുടുംബത്തിന്റെയും പ്രാര്‍ത്ഥനയ്ക്ക് ഫലമുണ്ടായി. ശബരിമല ക്ഷേത്രനടയില്‍ നടന്ന നറുക്കെടുപ്പില്‍ തന്റെ പേര് തെരഞ്ഞെടുക്കുന്ന സമയം ഇദ്ദേഹം ജാലഹള്ളിയിലെ ക്ഷേത്രത്തില്‍ ഉദയാസ്തമനപൂജയിലായിരുന്നു. ഇന്നും ഇവിടെ ഉദയാസ്തമനപൂജയുണ്ട്. തന്ത്രി കണ്ഠരര്  രാജീവരുമായി ആലോചിച്ച് കേരളത്തിലേക്ക് എന്ന് മടങ്ങുമെന്ന് തീരുമാനിക്കുമെന്ന് ശങ്കരന്‍ നമ്പൂതിരി ജന്മഭൂമിയോട് പറഞ്ഞു. ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത അറിഞ്ഞതോടെ അയ്യപ്പ ഭക്തര്‍ ജാലഹള്ളി ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി. ക്ഷേത്ര ട്രസ്റ്റിന്റെ പ്രസിഡന്റ് എസ്. ശിവരാജന്നും സംഘവും ശബരിമലദര്‍ശനത്തിനായി ഇരുമുടികെട്ട് നിറക്കുന്ന സമയത്താണ് നറുക്കെടുപ്പിന്റെ വാര്‍ത്ത അറിയുന്നത്. ശബരിമലക്ഷേത്രവും ജാലഹള്ളി ക്ഷേത്രവും തമ്മിലുള്ള ബന്ധത്തിന്റെ ദൃഷ്ടാന്തമാണ് ശങ്കരന്‍ നമ്പൂതിരിയുടെ മേല്‍ശാന്തിയായുള്ള തെരഞ്ഞെടുപ്പിലൂടെ വ്യക്തമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രം തന്ത്രിയുടെയും അയ്യപ്പഭക്തരുടെയും സാന്നിധ്യത്തില്‍ നിയുക്ത ശബരിമല മേല്‍ശാന്തിക്ക് യാത്രയയപ്പു നല്‍കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ക്ഷേത്രഭരണസമിതി. ഇന്ന് വൈകിട്ടോടെ ജാലഹള്ളിയില്‍നിന്നും തിരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ശങ്കരന്‍ നമ്പൂതിരി. തുലാമാസപൂജ കഴിഞ്ഞ ശബരിമലനടയടക്കുന്ന 22ന്  മുമ്പായി ദര്‍ശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.