സുപ്രീംകോടതി വിധി യുക്തിരഹിതം: അരുണ്‍ ജെയ്റ്റ്‌ലി

Sunday 18 October 2015 11:07 pm IST

ന്യൂദല്‍ഹി: ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഭരണഘടനാ ബെഞ്ചിന്റെ വിധി യുക്തിരഹിതമെന്ന് വ്യക്തമാക്കിയ ജെയ്റ്റ്‌ലി നിലപാടുകള്‍ വ്യക്തിപരമാണെന്നും ഫേസ്ബുക്കിലെ ലേഖനത്തില്‍ പറഞ്ഞു. തെരഞ്ഞെടുക്കപ്പെടാത്തവരുടെ ദുര്‍ഭരണത്താല്‍ അട്ടിമറിക്കപ്പെടേണ്ടതല്ല രാജ്യത്തിന്റെ ഭരണഘടന. അങ്ങനെ സംഭവിച്ചാല്‍ ജനാധിപത്യം തന്നെ അപകടത്തിലാകും. ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനുമായി ബന്ധപ്പെട്ട കോടതി വിധി സ്വതന്ത്ര ന്യായാധിപ സംവിധാനമെന്ന അടിസ്ഥാന ഘടനയെ അനുകൂലിക്കുന്നതാണ്. എന്നാല്‍ ഭരണഘടനയുടെ മറ്റ് അഞ്ച് അടിസ്ഥാന തത്വങ്ങളെ ശോഷിപ്പിക്കുന്നതാണ്. പാര്‍ലമെന്ററി ജനാധിപത്യം, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍, മന്ത്രിസഭാംഗങ്ങള്‍, തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ തത്വങ്ങള്‍ ഹനിക്കപ്പെടുന്നു. ഇതാണ് അടിസ്ഥാനപരമായി സംഭവിച്ചിരിക്കുന്ന തെറ്റ്, ജെയ്റ്റ്‌ലി പറഞ്ഞു. ഭരണഘടനാ തത്വങ്ങളില്‍ അടിസ്ഥാനമാക്കിയാകണം ഭരണഘടനാ കോടതി ഭരണഘടനയെ അപഗ്രഥിക്കേണ്ടത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ നിന്നും ജനാധിപത്യത്തേയും ജനാധിപത്യ സ്ഥാപനങ്ങളെയും രക്ഷിക്കാന്‍ ഉതകുന്ന ഭരണഘടനാ തത്വങ്ങളൊന്നും നിലവിലില്ല താനും, ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി. രാഷ്ടീയക്കാരെ വിശ്വാസമില്ലാത്തതാണ് വിധിയുടെ കാതല്‍. ന്യായാധിപരെ നിയമിക്കുന്ന പ്രക്രിയയില്‍ രാഷ്ട്രീയക്കാര്‍ വരുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വിധിപറഞ്ഞ ജഡ്ജിമാര്‍ വ്യക്തമാക്കുന്നു. നീതിന്യായ വ്യവസ്ഥയെ രാഷ്ട്രീയക്കാരില്‍ നിന്നും രക്ഷിക്കേണ്ടത് വളരെ അത്യാവശ്യം തന്നെയാണ്. ഇതുതന്നെയാണ് പാര്‍ലമെന്റിന്റെ ഇതുസഭകളും പാസാക്കിയ ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ബില്ലിന്റെ സുപ്രധാന ഘടകവും. സുപ്രീംകോടതിയുടെ തീരുമാനം അന്തിമമാണ്. എന്നാല്‍ അത് ഒരിക്കലും തെറ്റുപറ്റാത്ത ഒരു തീരുമാനമാണെന്ന് കരുതാന്‍ വയ്യ. എന്തൊക്കെയാണ് കോടതിവിധിയിലെ അടിസ്ഥാനപരമായ തെറ്റുകളെന്ന് ജയ്റ്റ്‌ലി വിശദീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.