കുട്ടനാട്ടില്‍ വ്യാജമദ്യ വേട്ട; 2500 ലിറ്റര്‍ സ്പിരിറ്റ് ചേര്‍ത്ത കളള് പിടിച്ചെടുത്തു

Sunday 18 October 2015 11:20 pm IST

കുട്ടനാട്: കുട്ടനാട് താലൂക്കിലെ വിവിധ ഷാപ്പുകളില്‍ ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ 70 കുപ്പി വിദേശമദ്യവും 22 കന്നാസുകളില്‍ നിറച്ച  2500 ലിറ്റര്‍ സ്പിരിറ്റ് ചേര്‍ത്ത കള്ളും പിടിച്ചെടുത്തു. പിടിച്ചെടുത്ത മദ്യം പരിശോധനയ്ക്കായി ലാബിലേക്കയച്ചു. രാമങ്കരി, എടത്വാ ഭാഗങ്ങളിലെ ഷാപ്പുകളിലാണ് റെയ്ഡ് നടത്തിയത്. ഊരിക്കരി ടിഎസ് 12-ാം നമ്പര്‍ ഷാപ്പില്‍ നടത്തിയ റെയ്ഡിലാണ് വിദേശമദ്യം കണ്ടെത്തിയത്. ഷാപ്പിനോട് ചേര്‍ന്നുള്ള അഞ്ചില്‍ വീട്ടില്‍ രാധാമണിയുടെ വീട്ടില്‍നിന്നും വിദേശമദ്യം കണ്ടെടുത്തു. ഷാപ്പുടമ സുശീലനെ സ്‌പെഷ്യല്‍ സ്‌ക്വാഡ്  അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇയാള്‍ ഷാപ്പിന് സമീപത്തും മങ്കൊമ്പിലും വാടകയ്‌ക്കെടുത്ത വീടുകളില്‍ നിന്നും  വിദേശമദ്യവും വാറ്റുപകരണങ്ങളും പോലീസ് പിടികൂടിയിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മദ്യമയക്കുമരുന്ന് വ്യാപനം അനധികൃതമായി നടക്കുന്നുവെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കുട്ടനാട് മേഖലയില്‍ പരിശോധന ശക്തമാക്കാന്‍ ജില്ലാ പോലീസ് ചീഫ് നിര്‍ദ്ദേശം നല്‍കിയത്. നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ഡി. മോഹനന്റെ മേല്‍നോട്ടത്തില്‍ നടത്തിയ റെയ്ഡില്‍ എഎസ്‌ഐ അലി അക്ബര്‍, കോണ്‍സ്റ്റബിള്‍മാരായ ഹരികൃഷ്ണന്‍, ഇക്ബാല്‍, താഹ, ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു. തുടര്‍ന്നുളള ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് ജില്ലാ പോലീസ് ചീഫ് എ. സുരേഷ് കുമാര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കുട്ടനാട്ടില്‍ വ്യാപകമായി വ്യാജമദ്യം ശേഖരിക്കുന്നതായി മാധ്യമങ്ങള്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ നല്‍കിയിട്ടും എക്‌സൈസ് നടപടിയെടുത്തിരുന്നില്ല. പോലീസിന്റെ പ്രത്യേകസംഘം വന്‍തോതില്‍ വ്യാജമദ്യം പിടിച്ചെടുത്തതോടെ എക്‌സൈസിലെ ഒരു വിഭാഗവും മദ്യലോബിയുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.