ബ്രിട്ടീഷ് എംപിമാരെ വിസ്മയിപ്പിച്ച് കേരള ടൂറിസം

Sunday 18 October 2015 11:40 pm IST

തിരുവനന്തപുരം: ബ്രിട്ടീഷ് പാര്‍ലമെന്റംഗങ്ങളെ ഹരംകൊള്ളിച്ച് കേരളത്തിന്റെ ആയുര്‍വേദവും കായലോരവും. വെസ്റ്റ്മിന്‍സ്റ്ററില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് സമുച്ചയത്തില്‍ കേരളത്തിലെ ടൂറിസം സാധ്യതകള്‍ അവതരിപ്പിച്ചുകൊണ്ട് നടത്തിയ പ്രത്യേക യോഗത്തിലായിരുന്നു ഇത്. ഇന്ത്യയില്‍ നിന്ന് ഇതാദ്യമായാണ് ഒരു സംസ്ഥാനത്തിന് ഇത്തരമൊരു അവസരം കൈവന്നത്. ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ടൂറിസം സെക്രട്ടറി ജി. കമലവര്‍ദ്ധന റാവു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെയുള്ള എംപിമാരുമായി കൂടിക്കാഴ്ച നടത്തി. ദൈവത്തിന്റെ സ്വന്തം നാടിനെ ബ്രിട്ടനിലെ സഞ്ചാരപ്രിയര്‍ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ചീഫ് സെക്രട്ടറിയും ടൂറിസം സെക്രട്ടറിയും ലണ്ടനിലെ മേയറുടെ ദീപാവലി ആഘോഷ പരിപാടിയിലും പങ്കെടുത്തിരുന്നു. വിസിറ്റ് കേരള പ്രചാരണ കാലയളില്‍ ബ്രിട്ടനില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന ലക്ഷ്യമിട്ടായിരുന്നു കേരള ടൂറിസം പ്രതിനിധികളുടെ സന്ദര്‍ശനം. കഴിഞ്ഞവര്‍ഷം 1,51,497 ബ്രിട്ടീഷ് സഞ്ചാരികളാണ് കേരളത്തിലെത്തിയത്. ഇന്ത്യന്‍ വംശജരായ പ്രതിനിധികളുടെ സാന്നിധ്യമുണ്ടായിരുന്നതിനാല്‍ കേരള ടൂറിസത്തെക്കുറിച്ചുള്ള അവതരണത്തിന് ഏറെ പ്രധാന്യമുണ്ട്. കേരളം മോഹിപ്പിക്കുന്ന നാടാണെന്ന് ഈലിംഗ് എംപി  ശര്‍മ്മ തന്റെ സന്ദര്‍ശനാനുഭവത്തെ ഓര്‍ത്തു പറഞ്ഞു. കേരള ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി തന്റെ സഹകരണവും വാഗ്ദാനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.